തിരുമല ഭൂപ്രകൃതിയും ശ്രദ്ധയോടെ പുനര്‍ സൃഷ്‌ടിച്ചു, സമൂഹമാധ്യമങ്ങളില്‍ വീഡിയോ വൈറല്‍, ഭക്തർക്കും കലാപ്രേമികൾക്കും ഒരുപോലെ ആകർഷണ കേന്ദ്രമായി ഈ വീട്.
അമരാവതി: തിരുമല വെങ്കിടേശ്വര ക്ഷേത്രത്തില്‍ പോകുന്നവര്‍ ഏറെയാണ്. ക്ഷേത്രത്തിലെ ആചാരങ്ങളിലും വിശ്വാസങ്ങളിലും ഉള്ളവരും ഇല്ലാത്തവരും ഇക്കൂട്ടത്തില്‍ പെടും. എന്നാല്‍ തിരുമല വെങ്കിടേശ്വര ക്ഷേത്രം തൻ്റെ ജീവിതത്തിൻ്റെ ഭാഗമാക്കിയ ഒരു ഭക്തനുണ്ട്. അദ്ദേഹത്തിൻ്റെ സീതമ്മധാരയിലെ വീട്ടിലേക്ക് കാലെടുത്തുവച്ചാൽ നിങ്ങൾക്ക് തിരുമലയിലേക്ക് തൽക്ഷണം എത്തിച്ചേരാം.
തിരുമല വിശ്വാസിയായ ശ്രീനിവാസ സുബ്രഹ്മണ്യ ശർമ്മയുടെ വീട്ടിലാണ് ഈ അത്ഭുത കാഴ്‌ചയുള്ളത്. കാഴ്‌ചക്കാര്‍ക്ക് തിരുമല വെങ്കിടേശ്വര ക്ഷേത്രം മുന്നില്‍ കാണാം. ഏഴ് കുന്നുകള്‍, പച്ചപ്പ് നിറഞ്ഞ ക്ഷേത്ര ഗോപുരങ്ങൾ, മേഘങ്ങളാൽ മൂടപ്പെട്ട പാതകൾ, പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടങ്ങൾ, വെങ്കിടേശ്വര ഭഗവാൻ്റെ ശ്രീകോവില്‍ എന്നിവയെല്ലാം ഇവിടെ കാണപ്പെടുന്നു.
തിരുമല ക്ഷേത്രത്തെ വളരെ മനോഹരമായി ഇദ്ദേഹത്തിൻ്റെ വീട്ടിലെ സ്വീകരണമുറിയിലെ ചുവരുകളിൽ വരച്ചിരിക്കുന്നു. കണ്ടാല്‍ അത്ഭുതമെന്ന് തോന്നും വിധമുള്ള ഈ കലാസൃഷ്‌ടി കാഴ്‌ചക്കാര്‍ക്ക് ആഴത്തിലുള്ള അനുഭവം തരുന്നു. പവിത്രമായ തിരുമല കുന്നിൽ തന്നെ എത്തിയതിൻ്റെ അനുഭൂതി കാഴ്‌ചക്കാരില്‍ ഉളവാക്കുന്നുമെന്നതാണ് ചുവര്‍ ചിത്രത്തിൻ്റെ പ്രത്യേകത.
വെങ്കിടേശ്വര ക്ഷേത്രം ചുവര്‍ ചിത്രങ്ങളില്‍
ആന്ധ്ര പ്രദേശിലെ കൊണസീമ ജില്ലയിലെ നരേന്ദ്ര പുരത്തിലാണ് ഈ അത്ഭുത കാഴ്‌ചയുള്ളത്. കോതപേട്ട മങ്കിടി ശ്രീനിവാസ സുബ്രഹ്മണ്യ ശർമ്മയുടേതാണ് ഈ ശ്രദ്ധേയമായ ചുവർചിത്രം. ആർസെലർ മിത്തൽ നിപ്പോൺ സ്റ്റീലിൽ ജനറൽ മാനേജരായി ജോലി ചെയ്യുന്നയാളാണ് ശർമ്മ.
വെങ്കിടേശ്വര ഭഗവാൻ്റെ ഒരു ഭക്തനാണ് അദ്ദേഹം. വർഷത്തിൽ കുറഞ്ഞത് രണ്ടുതവണയെങ്കിലും താന്‍ തിരുമല ക്ഷേത്രം സന്ദര്‍ശിക്കുമെന്ന് ശര്‍മ്മ പറഞ്ഞു. എന്നാല്‍ കൊവിഡ് മഹാമാരി അദ്ദേഹത്തിൻ്റെ ജീവിതം തന്നെ മാറ്റിമറിച്ചു. ഭാര്യയുടെ ദാരുണമായ മരണം ജീവിതത്തെ തകിടം മറിച്ചുവെന്ന് ശര്‍മ്മ വ്യക്തമാക്കി. തുടര്‍ന്ന് താന്‍ സന്ദർശനം വർഷത്തിൽ ഒരിക്കൽ മാത്രമായി കുറച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
അങ്ങനെ ഒരു ദിവസം തിരുമല സന്ദര്‍ശിക്കുമ്പോഴാണ് ശര്‍മ്മയ്ക്ക് ഒരു ചിന്ത ഉദിച്ചത്. തൻ്റെ വീട്ടിലും തിരുമലയുടെ ദിവ്യ സാനിധ്യം വേണമെന്ന് അദ്ദേഹത്തിന് തോന്നി. എന്നാല്‍ അത് വെറുമൊരു ചിന്തയല്ല എത്രയും പെട്ടന്ന് നടപ്പാക്കണമെന്ന് അദ്ദേഹം തീരുമാനിച്ചു. തൻ്റെ വീട് തിരുമലയാക്കി മാറ്റാന്‍ അദ്ദേഹം നിരവധി ശ്രമങ്ങള്‍ നടത്തി.
ഇതിൻ്റെ ഭാഗമായി തിരുമലയിലെ കുന്നിൻ പ്രദേശം, ക്ഷേത്ര പരിസരം, എന്നിവ സന്ദര്‍ശന വേളയില്‍ ഫോട്ടോയെടുത്തു. താൻ സങ്കൽപ്പിച്ചതുപോലെയുള്ള ആത്മീയ അന്തരീക്ഷം സൃഷ്‌ടിക്കാന്‍ വേണ്ടി ഈ ചിത്രങ്ങള്‍ ഉപയോഗിച്ചു.
തുടർന്ന് അദ്ദേഹം ഈ ജോലി പ്രശസ്‌ത ചുമർചിത്രകാരനായ വെങ്കട ഹനുമന്തുവിനും സംഘത്തിനും ഏൽപ്പിച്ചു. അവർ ഫോട്ടോകളെ സൂക്ഷ്‌മമായി നിരീക്ഷിച്ചു. ചുവർചിത്രങ്ങൾ വരയ്ക്കാന്‍ പേരുകേട്ടവരാണ് ഇവരെന്ന് ശര്‍മ്മ പറഞ്ഞു. അതുകൊണ്ട് തൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം ഇവരിലൂടെ നേടാന്‍ താന്‍ തീരുമാനമെടുത്തതെന്ന് ശര്‍മ വ്യക്തമാക്കി.
ക്ഷേത്രത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ തിരുമല-തിരുപ്പതി ഭൂപ്രകൃതിയെ സൂക്ഷമമായി വരയ്ക്കുക എന്നതായിരുന്നു വെങ്കട ഹനുമന്തുവിൻ്റെ ജോലി. പെയിൻ്റിങ് ദൃശ്യങ്ങൾ മാത്രമല്ല ശ്രീകോവിലിൻ്റെ പവിത്രമായ അന്തരീക്ഷത്തെയും പ്രതിഫലിപ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ശര്‍മ്മ പറഞ്ഞിരുന്നു.
സമൂഹമാധ്യമങ്ങളില്‍ വൈറലായ ചുവര്‍ചിത്രം
ചുവര്‍ചിത്രങ്ങള്‍ യാഥാർഥ്യമായതോടെ സമൂഹമാധ്യമങ്ങളില്‍ ഇത് വൈറലായതില്‍ ഏറെ സന്തോഷമുണ്ടെന്നും ശര്‍മ്മ പറഞ്ഞു. “സോഷ്യൽ മീഡിയയിൽ വൈറലായതോടെ ബന്ധുക്കളും സുഹൃത്തുക്കളും മറ്റു പലരും ഇത് കാണാൻ എത്തുന്നുണ്ട്. എനിക്ക് വളരെ സന്തോഷമുണ്ട്. വീട്ടിൽ തന്നെ തിരുമലയെ അനുഭവിക്കുന്നതുപോലെയാണ് എനിക്ക് തോന്നുന്നത്” സുബ്രഹ്മണ്യ ശർമ്മ കൂട്ടിച്ചേര്‍ത്തു.
ക്യാൻവാസുകളിൽ സാധാരണയായി ഉപയോഗിക്കുന്ന വാട്ടർ ബേസ്‌ഡ് പെയിൻ്റുകളാണ് വരയ്‌ക്കാന്‍ ഉപയോഗിച്ചതെന്ന് ആർട്ടിസ്റ്റ് വെങ്കട ഹനുമാന്തു പറഞ്ഞു.”തിരുമല-തിരുപ്പതി ദേവസ്ഥാനത്തിൻ്റെ യഥാർത്ഥ ഭൂപ്രകൃതി ഉണർത്തുന്ന തരത്തിൽ എല്ലാ വിശദാംശങ്ങളും ഞങ്ങള്‍ സൂക്ഷ്‌മമോടെ നിരീക്ഷിച്ചു. വളരെ ശ്രദ്ധയോടെയാണ് പെയിൻ്റിങ് നടത്തിയത്” ആർട്ടിസ്റ്റ് വെങ്കിട കൂട്ടിച്ചേര്‍ത്തു.
ചുവർചിത്രത്തിൻ്റെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ ഒരുപാട് പേര്‍ വീട് സന്ദര്‍ശിക്കാനെത്തി. ഭക്തർക്കും കലാപ്രേമികൾക്കും ഒരുപോലെ ആകർഷണ കേന്ദ്രമായി ഈ വീട് മാറിയിരിക്കുന്നുവെന്നും ശര്‍മ്മയും പറഞ്ഞു. ഭക്തി, വികാരം, കലാപരമായ മികവ് എന്നിവയുടെ സംയോജനമാണ് ഈ കലാസൃഷ്‌ടിയെന്നും ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.








