2024ലും 2025 ഇതുവരെയും കീഴടങ്ങലുകളുടെയും അറസ്റ്റുകളുടെയും എണ്ണയും വലിയ തോതില്‍ വര്‍ദ്ധിച്ചിട്ടുണ്ട്.
ഹൈദരാബാദ്: രാജ്യത്ത് നിന്ന് നക്‌സലിസം പൂര്‍ണമായും 2026 മാര്‍ച്ചോടെ തുടച്ച് നീക്കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം. ഇക്കാര്യം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പലവട്ടം ആവര്‍ത്തിച്ചിട്ടുണ്ട്.
പാര്‍ലമെന്‍റിലും അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതാണ്. ഇന്ത്യ ഇക്കാര്യത്തില്‍ ശരിയായ ദിശയില്‍ തന്നെയാണ് മുന്നോട്ട് നീങ്ങുന്നതെന്നാണ് 2025 വ്യക്തമാക്കുന്നത്. 2024ലും 2025 ഇതുവരെയും കീഴടങ്ങലുകളുടെയും അറസ്റ്റുകളുടെയും എണ്ണയും വലിയ തോതില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. കീഴടങ്ങിയ നക്‌സലുകളുടെ എണ്ണം വ്യക്തമാക്കുന്നത് രാജ്യത്ത് ഇനി ഇവര്‍ക്ക് അധികകാലം ഇല്ല എന്ന് തന്നെയാണ്.
രാജ്യത്തെ നക്‌സല്‍ കേന്ദ്രങ്ങളായ മഹാരാഷ്‌ട്രയിലും ഛത്തീസ്‌ഗഡില്‍ നിന്നും 2025 ഒക്‌ടോബറില്‍ 258 നക്‌സലുകളാണ് കീഴടങ്ങിയത്. ഒക്‌ടോബര്‍ രണ്ടാംവാരത്തില്‍ ഛത്തീസ്‌ഗഡില്‍ 170 നക്‌സലുകള്‍ കീഴടങ്ങിയിരുന്നു. ഇതേ ആഴ്‌ച തന്നെ ഛത്തീസ്‌ഗിലും മഹാരാഷ്‌ട്രയിലും യഥാക്രമം 27,61 നക്‌സലുകള്‍ വീതം ആയുധം ഉപേക്ഷിച്ചു. ഇന്ത്യന്‍ സുരക്ഷാ സേനയുടെ ശക്തമായ നടപടികളുടെ ഫലം തന്നെയാണ് ഈ കീഴടങ്ങലുകളെല്ലാം വ്യക്തമാക്കുന്നത്.
നക്‌സല്‍ നിര്‍മാര്‍ജ്ജനത്തില്‍ മറ്റൊരു നിര്‍ണായക നേട്ടമായിരുന്നു 2025ല്‍ ഛത്തീസ്‌ഗഡിലെ നക്‌സല്‍ കേന്ദ്രങ്ങളായ അബുജ്‌മാര്‍ഗും വടക്കന്‍ ബസ്‌തറും നക്‌സല്‍ മോചിതമായി പ്രഖ്യാപിക്കപ്പെട്ടത്. ഛത്തീസ്‌ഗഡില്‍ ബിജെപി സര്‍ക്കാര്‍ നിലവില്‍ വന്നശേഷം 2024 ജനുവരി മുതല്‍ 2100 നക്‌സലുകള്‍ കീഴടങ്ങി. 1785 പേരെ അറസ്റ്റ് ചെയ്‌തു. 477 നക്‌സലുകളെ വധിക്കുകയും ചെയ്‌തു.
2013ല്‍ വിവിധ സംസ്ഥാനങ്ങിലെ 126 ജില്ലകളില്‍ നിന്ന് നക്‌സലുകള്‍ ഉള്‍പ്പെട്ട അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. 2025 ഡിസംബറിലെത്തുമ്പോള്‍ ഛത്തീസ്‌ഗഡില്‍ നക്‌സല്‍ ബാധിത ജില്ലകളുടെ എണ്ണം ആറില്‍ നിന്ന് മൂന്നാക്കി കുറയ്ക്കാനായി. ഇപ്പോള്‍ ബീജാപ്പൂര്‍, സുഖ്‌മ, നാരായണ്‍പൂര്‍ജില്ലകളില്‍ മാത്രമാണ് നക്‌സല്‍ പ്രവര്‍ത്തനങ്ങളുള്ളത്. രാജ്യത്തെ നക്‌സല്‍ ബാധിത ജില്ലകളുടെ എണ്ണം പതിനെട്ടില്‍ നിന്ന് പതിനൊന്നായി കുറയ്ക്കാനം സാധിച്ചിട്ടുണ്ട്.
നക്‌സല്‍ വേട്ടയും മുന്‍കാലങ്ങളില്‍ നിന്ന് വര്‍ധിപ്പിക്കാനായിട്ടുണ്ടെന്ന് കേന്ദ ആഭ്യന്തരമന്ത്രാലയം അവകാശപ്പെടുന്നു. സിപിഐ മാവോയിസ്റ്റ് ജനറല്‍ സെക്രട്ടറിയും എട്ട് പൊളിറ്റ് ബ്യൂറോ/കേന്ദ്ര കമ്മിറ്റിയംഗങ്ങളും ഉള്‍പ്പെടെ 312നക്‌സലുകളെ വധിച്ചു. 836 പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്‌തു. 1639 മാവോയിസ്റ്റുകള്‍ കീഴടങ്ങുകയും മുഖ്യധാരയിലേക്ക് എത്തുകയും ചെയ്‌തു. ഒരു പൊളിറ്റ് ബ്യൂറോ അംഗവും ഒരു കേന്ദ്ര കമ്മിറ്റിയംഗവും അടക്കമുള്ളവരാണ് കീഴടങ്ങിയത്.
നക്‌സലിസം ഇല്ലാതാക്കുന്നതില്‍ മുന്‍ കാലങ്ങളെ അപേക്ഷിച്ച് നയങ്ങളിലൂടെയും കര്‍മ്മ പദ്ധതികളിലൂടെയും കേന്ദ്ര സര്‍ക്കാരിന് ബഹുദൂം മുന്നോട്ട് പോകാനായെന്ന് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നു. സുരക്ഷ ശക്തമാക്കിയും ഉന്നത നേതാക്കളെയും സാധാരണ പ്രവര്‍ത്തകരെയും ലക്ഷ്യമിട്ട് നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെയുമാണ് ഇത് സാധ്യമായത്. ഇതിന് പുറമെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയും ക്ഷേമ പദ്ധതികള്‍ ആവിഷ്ക്കരിച്ചും കേന്ദ്ര സംസ്ഥാന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചുമാണ് ഇത് സാധ്യമായത്. ഒപ്പം മാവോയിസ്റ്റ് നേതാക്കള്‍ക്കെതിരെയുള്ള അന്വേഷണം ശക്തമാക്കിയും ഇവര്‍ക്കെതിരെയുള്ള നിയമ നടപടികള്‍ വേഗത്തിലാക്കിയും നക്‌സലിസത്തിന് തടയിടാനായി.
സതീഷ് എന്നറിയപ്പെടുന്ന വാസുദേവ റാവു(സിസിഎം), റനിത(എസ് ഇസഡ്‌സിഎം സെക്രട്ടറി മാഡ് ഡിവിസി) ഭാസ്‌കര്‍(ഡിവിസിഎം പി എല്‍32) നിള എന്ന നന്ദ(ഡിവിസിഎം, ഐസി, സെക്രട്ടറി, നെല്‍നാര്‍ എസി)ദീപക് പാലോ(ഡിവിസിഎം, ഐസി, ഇന്ദ്രാതി എസി സെക്രട്ടറി)തലയ്ക്ക് ഒരു കോടി രൂപ വിലയിട്ടിരുന്ന ടി വാസുദേവ റാവു(സിസിഎം) എന്നിവരാണ് ആയുധം വച്ച് കീഴടങ്ങിയത്. എസ് ഇസഡ് സിഎം റാങ്കിലുള്ളവര്‍ക്ക് 25 ലക്ഷം രൂപവീതമാണ് നല്‍കിയത്. ഡിവിസിഎമ്മുമാര്‍ക്ക് പത്ത് ലക്ഷം മുതല്‍ പതിനഞ്ച് ലക്ഷം രൂപയും നല്‍കി. എസിഎമ്മുമാര്‍ക്ക് അഞ്ച് ലക്ഷം രൂപയാണ് നല്‍കിയത്.
ഒറ്റപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് പകരം മോഡി സര്‍ക്കാര്‍ ഏകീകൃതമായ നടപടികളാണ് കൈക്കൊണ്ടതെന്ന് നക്‌സല്‍ മുക്ത ഭാരതമെന്ന പേരില്‍ 2025 സെപ്റ്റംബര്‍ 28ന് ഡല്‍ഹിയില്‍ നടന്ന ഒരു പരിപാടിയെ അഭിസംബോധന ചെയ്യവേ അമിത് ഷാ അവകാശപ്പെട്ടു. ആയുധം ഉപേക്ഷിച്ച് വരുന്നവരെ ചുവപ്പന്‍ പരവതാനി വിരിച്ച് സ്വീകരിക്കാനുള്ള നടപടികളാണ് മോഡി സര്‍ക്കാര്‍ കൈക്കൊണ്ടതെന്നും അദ്ദേഹം പറഞ്ഞു. അതേമയം ആയുധമെടുത്ത് നിരപരാധികളായെ ഗോത്രജനതയെ കൊന്ന് തള്ളുമ്പോള്‍ അത് കണ്ടില്ലെന്ന് നടിക്കാന്‍ സര്‍ക്കാരിനാകില്ല അപ്പോള്‍ തങ്ങള്‍ അവരുമായി ഏറ്റുമുട്ടുകയും നിരപരാധികളെ സംരക്ഷിക്കുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
നക്‌സല്‍ ശൃംഖല തകര്‍ക്കാനായി ഡിആര്‍ജി, എസ്‌ടിഎഫ്, സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്‌സ്, കോബ്ര തുടങ്ങിയ സേനകളാണ് രംഗത്തുള്ളത്. സംയോജിത പരിശീലനത്തിലൂടെ നക്‌സല്‍ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ വിജയം വരിക്കാന്‍ രാജ്യത്തിനായി.
ഇതിന് പുറമെ ഫോറന്‍സിക് അന്വേഷണവും ലൊക്കേഷന്‍ കണ്ടെത്തല്‍ പ്രവര്‍ത്തനങ്ങളും കൈക്കൊണ്ടു. ഇവരുടെ മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ പ്രാദേശിക പൊലീസുമായി പങ്ക് വച്ചു. കാള്‍ ലോഗ് വിവരങ്ങള്‍ ശാസ്‌ത്രീയമായി പരിശോധിക്കാനുള്ള സോഫ്റ്റ് വെയറും വികസിപ്പിച്ചു. നക്‌സലുകളെ മറഞ്ഞിരുന്ന് പിന്തുണയ്ക്കുന്നവരെ കണ്ടെത്താന്‍ സാമൂഹ്യമാധ്യമങ്ങളുടെ പരിശോധനയിലൂടെ സാധിച്ചു. ഇവയെല്ലാം രാജ്യത്ത് 1960കളിലും 70കളിലും ഉടലെടുത്ത നക്‌സലിസത്തെ ഉന്‍മൂലനം ചെയ്യാന്‍ സഹായകമായി.
തെലങ്കാന-ഛത്തീസ്‌ഗഡ് അതിര്‍ത്തിയായ കാരെഗുട്ട കുന്നുകളിലെ വമ്പന്‍ നക്‌സല്‍ ക്യാമ്പ് തകര്‍ക്കാനായതാണ് ഈ രംഗത്ത് 2025ല്‍ സര്‍ക്കാരിന് കൈവരിക്കാനായ വലിയൊരു നേട്ടം. ഇവിടെ നിന്ന് വന്‍ തോതില്‍ ആയുധങ്ങളും രണ്ട് വര്‍ഷത്തേക്ക് ആവശ്യമായ ഭക്ഷ്യധാന്യങ്ങളും കണ്ടെത്തി. ഇതിന് പുറമെ ഇവിടെയുള്ള ആയുധ ഐഇഡി നിര്‍മ്മാണ കേന്ദ്രങ്ങളും തകര്‍ത്തു. 2025 മെയ് 23നാണ് ക്യാമ്പ് തകര്‍ത്തത്. എത്തിപ്പെടാന്‍ ഏറെ ബുദ്ധിമുട്ടുള്ള ക്യാമ്പ് തകര്‍ത്തത് ഓപ്പറേഷന്‍ ബ്ലാക്ക് ഫോറസ്റ്റ് എന്ന നടപടിയിലൂടെയാണ്. 27 നക്‌സല്‍ പ്രവര്‍ത്തകരും കൊല്ലപ്പെട്ടു.
നക്‌സല്‍ ബാധിത സംസ്ഥാനങ്ങളില്‍ 2014നും 2024നുമിടെ 12000കിലോമീറ്റര്‍ റോഡ് നിര്‍മ്മിച്ചുവെന്നും അമിത് ഷാ ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ചൂണ്ടിക്കാട്ടി. 17500 റോഡുകള്‍ക്ക് ബജറ്റില്‍ തുക വകയിരുത്തി. 6,300 കോടി രൂപ ചെലവിട്ട് അയ്യായിരം മൊബൈല്‍ ടവറുകളും നിര്‍മ്മിച്ചു.
1060 ബാങ്ക് ശാഖകള്‍ തുടങ്ങി. 937 എടിഎമ്മുകള്‍ ആരംഭിച്ചു. 37850 ബാങ്ക് ജീവനക്കാരെ നിയമിച്ചു. 5899 പോസ്റ്റ് ഓഫീസുകളും ആരംഭിച്ചു. 850 വിദ്യാലയങ്ങള്‍ തുടങ്ങി. കൂടാതെ അത്യാധുനിക സംവിധാനങ്ങളുള്ള 186 ആരോഗ്യ കേന്ദ്രങ്ങള്‍ നക്‌സല്‍ ബാധിത കേന്ദ്രങ്ങളില്‍ ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.
നിയാഡ് നെല്ലനാര്‍ പദ്ധതിയിലൂടെ ഛത്തീസ്‌ഗഡ് സര്‍ക്കാര്‍ ആയൂഷ്‌മാന്‍ ഭാരത് കാര്‍ഡുകള്‍, ആധാര്‍ കാര്‍ഡുകള്‍, വോട്ടര്‍ കാര്‍ഡുക്‍, റോഡ് നിര്‍മ്മാണം, റേഷന്‍ കടകള്‍, അങ്കണവാടി കേന്ദ്രങ്ങള്‍ എന്നിവയ്ക്ക് നക്‌സല്‍ ബാധിത മേഖലകളില്‍ അംഗീകാരം നല്‍കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
മൂന്ന് മാസം കൊണ്ട് രാജ്യത്ത് നിന്ന് നക്‌സലിസം പൂര്‍ണമായും തുടച്ച് നീക്കുമെന്നാണ് സര്‍ക്കാരിന്‍റെ അവകാശവാദം. സര്‍ക്കാരിന് അവരുടെ വാഗ്‌ദാനം പാലിക്കാനാകുമോയെന്ന് കാത്തിരുന്ന് തന്നെ കാണാം.







