ഇന്‍ഡിഗോ പ്രതിസന്ധി തുടരുന്നു. സര്‍വീസുകള്‍ ഇന്നും മുടങ്ങുമെന്ന് കമ്പനി. അന്വേഷണം ഊര്‍ജിതമാക്കാന്‍ വ്യോമയാന മന്ത്രാലയം.
ന്യൂഡല്‍ഹി: ആഭ്യന്തര -രാജ്യാന്തര വിമാന സര്‍വീസുകള്‍ താറുമാറായേക്കും. സര്‍വീസുകള്‍ ഇന്നും മുടങ്ങുമെന്ന് ഇന്‍ഡിഗോ. സര്‍വീസുകള്‍ വൈകിയതും റദ്ദാക്കിയതും കാരണം രാജ്യത്തെ വിവിധ വിമാനത്താവളങ്ങളില്‍ യാത്രക്കാരുടെ പ്രതിഷേധം തുടരുകയാണ്.
ആഭ്യന്തര യാത്രകള്‍ക്ക് എത്തുന്നവര്‍ക്ക് പോലും മണിക്കൂറുകളോളം വിമാനത്താവളത്തില്‍ കാത്തിരിക്കേണ്ട അവസ്ഥയാണുള്ളത്. രാജ്യത്തിന്‍റെ വിവിധയിടങ്ങളിലായി ആയിരത്തിലധികം സര്‍വീസുകളാണ് ഇന്നലെ മാത്രം റദ്ദാക്കിയത്. അതേസമയം ഫ്ലൈറ്റ് ഡ്യൂട്ടി സമയ നിയന്ത്രണ ചട്ടങ്ങളില്‍ ഇളവ് നല്‍കിയ വ്യോമയാന മന്ത്രാലയം പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്.
സംഭവത്തില്‍ ഉത്തരവാദികള്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയതോടെയാണ് വ്യോമയാന മന്ത്രാലയത്തിന്‍റെ നടപടി. സംഭവത്തില്‍ വ്യോമയാന മന്ത്രാലയം അന്വേഷണം ആരംഭിച്ചു. നാലംഗ സമിതി ഇന്‍ഡിഗോ ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തും. ഈ മാസം 15ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
അതേസമയം നിലവിലെ പ്രതിസന്ധി പരിഹരിക്കാന്‍ ട്രെയിനുകളില്‍ കൂടുതല്‍ കോച്ചുകള്‍ അനുവദിച്ച് ഇന്ത്യന്‍ റെയില്‍വേ. 37 ട്രെയിനുകളിലായി 117 പുതിയ കോച്ചുകളാണ് അനുവദിച്ചത്.
കേരളത്തിലും വൈകല്‍: സംസ്ഥാനത്ത് നിന്നുള്ള ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ വൈകുന്നതും തുടരുകയാണ്. സമയക്രമത്തില്‍ മാറ്റമുണ്ടായത് കൊണ്ട് യാത്രക്കാര്‍ മുന്നോരുക്കങ്ങളെടുക്കണമെന്ന് ഇന്‍ഡിഗോ നിര്‍ദേശിച്ചു. യാത്രയ്‌ക്ക് മുമ്പായി മൊബൈല്‍ ആപ്പ് വഴിയോ, ww.cial.aero ലിങ്ക് വഴിയോ വിവരങ്ങള്‍ അറിയാവുന്നാണെന്നും ഇന്‍ഡിഗോ അറിയിച്ചു.
കേരളത്തിലേക്ക് സ്‌പെഷല്‍ ട്രെയിന്‍: ഇൻഡിഗോ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ റെയിൽവേ പ്രഖ്യാപിച്ച പുതിയ സർവീസുകളിൽ കേരളത്തിന് വലിയ ആശ്വാസമാകുന്ന തീരുമാനങ്ങളുണ്ട്. നിസാമുദീനിൽ നിന്ന് തിരുവനന്തപുരത്തേക്ക് (04080) ഡിസംബർ ആറിനും തിരിച്ച് തിരുവനന്തപുരത്ത് നിന്ന് നിസാമുദീനിലേക്ക് (04079) ഡിസംബർ 9നും സ്പെഷ്യൽ സർവീസ് നടത്തും. 21 കോച്ചുകളാണ് ഈ ട്രെയിനിലുണ്ടാവുക. തിരുവനന്തപുരം-ബെംഗളൂരു (എസ്ബിസി) റൂട്ടിൽ ഡിസംബർ 7ന് സ്പെഷ്യൽ ട്രെയിൻ ഓടിക്കാൻ പദ്ധതിയുണ്ട്.
ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തേക്ക് ഡിസംബർ ഏഴ്, ഒമ്പത് തീയതികളിലും തിരിച്ചും സ്പെഷ്യൽ സർവീസുകളുണ്ട്. നാഗർകോവിൽ/തിരുനെൽവേലി-ചെന്നൈ റൂട്ടിലും ഡിസംബർ ഏഴ്, എട്ട് തീയതികളിൽ സ്പെഷ്യൽ സർവീസ് പരിഗണനയിലുണ്ട്. ഇതുകൂടാതെ ഡൽഹി-മുംബൈ, ഡൽഹി-ഹൗറ, ഡൽഹി-പട്‌ന റൂട്ടുകളിലും പുതിയ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ആകെ 30 പുതിയ സർവീസുകളിലായി 56 ട്രിപ്പുകളാണ് റെയിൽവേ അധികമായി നടത്തുന്നത്.







