നന്തൻകോട് കൂട്ടക്കൊലപാതകം: കേദൽ ജിന്‍സണ്‍ രാജ കുറ്റക്കാരനെന്ന് കോടതി;

0
29

കേരള മനസാക്ഷിയെ  ഞെട്ടിച്ച നന്തൻകോട് കൂട്ടക്കൊലപാതകക്കേസിൽ പ്രതി കേദൽ ജിൻസൺ രാജ കുറ്റക്കാരനെന്ന് കോടതി. ശിക്ഷാവിധിയിൽ വാദം നാളെ നടത്തുമെന്നും കോടതി അറിയിച്ചു. അച്ഛനെയും അമ്മയെയും സഹോദരിയെയും ബന്ധുവായ സ്ത്രീയെയും മഴു കൊണ്ട് വെട്ടിക്കൊലപ്പെടുത്തി കത്തിച്ച കേസിലെ ഏകപ്രതിയാണ് കേദൽ ജിൻസണ്‍ രാജ.

2017 ഏപ്രിൽ അഞ്ചിനാണ് അച്ഛൻ പ്രൊഫ. രാജ തങ്കം, അമ്മ ഡോ. ജീൻപത്മം, സഹോദരി കരോളിൻ, ബന്ധുവായ ലളിത എന്നിവരെ കേദൽ കൊലപ്പെടുത്തിയത്. കൊലപാതകം, തെളിവ് നശിപ്പക്കൽ, ആയപധമുപയോഗിച്ച് പരിക്കേൽപ്പിക്കുക എന്നീ കുറ്റങ്ങളാണ് പ്രതിക്ക് നേൽ ചുമത്തിയിരിക്കുന്നത്. കേദലിനെതിരെ ചുമത്തിയിരിക്കുന്ന എല്ലാ കുറ്റങ്ങളും തെളിഞ്ഞതായി കോടതി വ്യക്തമാക്കി.

ശിക്ഷാ വിധിയിൽ നാളയാണ് വാദം. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതിയാണ്  പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയിരിക്കുന്നത്. എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസിൽ വിധി വരാനൊരുങ്ങുന്നത്. പരമാവധി ശിക്ഷ പ്രതിക്ക് നൽകണമെന്നാണ് പ്രോസിക്യൂഷന്‍ വാദം. കുടുംബാംഗങ്ങളോടുള്ള  പക കൊണ്ടാണ് കൊലപാതകം എന്ന് പ്രതി വെളിപ്പെടുത്തിയിരുന്നു. രണ്ട് തവണ കേദലിനെ വിദേശത്ത് പഠിക്കാനയച്ചിരുന്നു. പക്ഷേ കേദൽ തിരിച്ചുവന്നു. അച്ഛന്‍ വഴക്കു പറഞ്ഞു. ഇതിനെ തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് കൂട്ടക്കൊലപാതകത്തിലേക്ക് നയിച്ചത്. ആസൂത്രിതമായിട്ടാണ് കൊലപാതകം നടത്തിയത്.

താന്‍ കംപ്യൂട്ടര്‍ പ്രോഗ്രാം തയ്യാറാക്കിയിട്ടുണ്ടെന്നും അത് കാണാനെന്നും പറഞ്ഞാണ് അമ്മയെ മുറിയിലേക്ക് വിളിച്ചുവരുത്തിയത്. കസേരയിൽ ഇരുത്തി, ഓണ്‍ലൈനായി വാങ്ങിയ മഴു ഉപയോഗിച്ച് കഴുത്തിൽ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അചഛനെയും സഹോദരിയെയും ഇതുപോലെ തന്നെ കൊലപ്പെടുത്തി. ഇവരുടെ സംരക്ഷണയിൽ കഴിഞ്ഞിരുന്ന ലളിത എന്ന സ്ത്രീയെയും കൊലപ്പെടുത്തി.  അന്ധയായ വയോധികയായ ഈ സ്ത്രീയെ കൊലപ്പെടുത്തിയത് മാപ്പര്‍ഹിക്കാത്ത തെറ്റാണെന്ന് കോടതി നിരീക്ഷിച്ചു.

കേദലിന് മാനസിക പ്രശ്നങ്ങളില്ലെന്ന് ഡോക്ടര്‍മാരുടെ വിദഗ്ധസംഘം സാക്ഷ്യപ്പെടുത്തിയിരുന്നു. 2017 ഏപ്രിൽ 5 നാണ് ആദ്യത്തെ 3 കൊലപാതകങ്ങളും നടത്തുന്നത്. രണ്ട് ദിവസത്തിന് ശേഷം ലളിതയെ കൊലപ്പെടുത്തി. എട്ടാം തീയതി ഈ മൃതദേഹങ്ങളെല്ലാം കൂട്ടിയിട്ട് കത്തിച്ചു. പുകയും ദുര്‍ഗന്ധവും വന്നപ്പോഴാണ് നാട്ടുകാര്‍ വിവരമറിയുന്നത്. അപ്പോഴേയ്ക്കും കേദൽ ഓടി രക്ഷപ്പെട്ടു. ചെന്നൈയിലേക്ക് പോയ പ്രതി പത്താം തീയതി തിരികെയെത്തിയപ്പോഴാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. സാക്ഷിമൊഴികളും ശാസ്ത്രീയ തെളിവുകളും എല്ലാം പ്രതിക്ക് എതിരായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here