വഖഫ് ബിൽ രാജ്യസഭയും കടന്നതോടെ മുനമ്പത്ത് ഭൂസംരക്ഷണസമിതിയുടെ നേതൃത്വത്തിൽ അഹ്ലാദ പ്രകടനം. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കും അനുകൂലമായി സമരക്കാർ മുദ്രാവാക്യം വിളിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉൾപ്പെടെയുള്ള നേതാക്കളും ഇന്ന് മുനമ്പത്ത് എത്തിയേക്കും.
ലോക്സഭയിലും രാജ്യസഭയിലും വഖഫ് ബില്ലിനെ അനുകൂലിച്ചവരുടെയും എതിർത്തവരുടെയും പേരുകൾ സമര പന്തലിൽ കെട്ടിതൂക്കിയിട്ടുണ്ട്. സുരേഷ് ഗോപിയുടെ ചിത്രത്തിന് താഴ് ‘താങ്ക്യൂയു സർ’ എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. എംപിമാരെ തിരിച്ചറിയുന്ന രീതിയിലാണ് സമരപന്തലിൽ പേരുകൾ രേഖപ്പെടുത്തിയിരിക്കുന്നത്. സമരപന്തൽ സന്ദർശിക്കുന്ന ബിജെപി നേതാക്കൾക്ക് വലിയ വരവേൽപ്പ് നൽകാനാണ് സമരസമിതിയുടെ തീരുമാനം. സമരത്തിന്റെ 174-ാം ദിവസമാണ്.
14 മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിലാണ് ബിൽ രാജ്യസഭയും കടന്നത്.വോട്ടെടുപ്പിൽ 128 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 95 പേർ എതിർത്തു. ലോക്സഭയ്ക്ക് പുറമെ രാജ്യസഭയും ബിൽ പാസാക്കിയതോടെ ബിൽ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയക്കും. രാഷ്ട്രപതി ഒപ്പിടുന്നതോടെ ബിൽ നിയമമാകും. ഇത്രയേറെ വിശദമായ ചർച്ചകൾ നടന്ന മറ്റൊരു ബില്ലുമില്ലെന്ന് ബിൽ അവതരിപ്പിച്ച് ന്യൂനപക്ഷകാര്യമന്ത്രി കിരൺ റിജിജു പറഞ്ഞു. മുനമ്പം വിഷയം ഉൾപ്പെടെ ബില്ലിൽ ചർച്ചയായിരുന്നു.