ബജറ്റില്‍ വിദ്യാഭ്യസ, തൊഴില്‍ രംഗത്ത് വിവിധങ്ങളായ പദ്ധതികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. ഗവേഷണ വിദ്യാര്‍ഥികള്‍ക്ക് പ്രതിമാസം 10,000 രൂപ ഫെലോഷിപ്പ് നല്‍കുന്ന പദ്ധതിയുള്‍പ്പെടെ ധനമന്ത്രിയുടെ പ്രഖ്യാപിച്ചു.
സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളിലും ഗവേഷണ കേന്ദ്രങ്ങളിലെയും റഗുലര്‍-ഫുള്‍ടൈം ഗവേഷണ വിദ്യാര്‍ഥികള്‍ക്ക് ധനസാഹയം നല്‍കുന്ന പദ്ധതിയാണ് സിഎം റിസര്‍ച്ചേഴ്സ് സ്‌കോളര്‍ഷിപ്പ്. പ്രതിമാസം 10,000 രൂപവെച്ച് ഫെലോഷിപ്പ് നല്‍കുന്നതാണ് പദ്ധതി. മറ്റു ഫെലോഷിപ്പുകളോ ധനസഹായമോ ലഭിക്കാത്ത വിദ്യാര്‍ഥികളാകും പദ്ധതിയുടെ ഭാഗമാകുക. ഈ സാമ്പത്തിക വര്‍ഷം(2025-26-ല്‍) ഇതിനായി 20 കോടി രൂപ വകയിരുത്തിയതായും ധനമന്ത്രി അറിയിച്ചു.
വിവിധ കോഴ്‌സുകളില്‍ പഠനം പൂര്‍ത്തീകരിച്ചവരെ നൈപുണി പരിശീലനം നല്‍കി തൊഴില്‍ പ്രാപ്തരാക്കാന്‍ വിജ്ഞാനകേരളം ജനകീയ കേരളം ക്യാംപയിനും പ്രഖ്യാപനങ്ങളിലുണ്ടായി. വിവിധ കോഴ്സുകളില്‍ അവസാന വര്‍ഷം പഠിക്കുന്ന അഞ്ചുലക്ഷം വിദ്യാര്‍ഥികളാകും പദ്ധയിതുടെ ഭാഗമാകുക. 2025-26-ലെ പ്രധാന വികസന പദ്ധതിയായിരിക്കും ഇതെന്നും മന്ത്രി പറഞ്ഞു.
വിദ്യാര്‍ഥികള്‍ക്ക് അവരുടെ പഠനത്തിനും അഭിരുചിക്കും അനുയോജ്യമായതും തൊഴില്‍ ലഭിക്കാന്‍ സാധ്യതയുള്ളതുമായ സ്‌കില്‍ കോഴ്സുകള്‍ ലഭ്യമാക്കും. പദ്ധതിയില്‍ മെന്റര്‍മാര്‍ക്കു പുറമേ, 50,000 സന്നദ്ധ പ്രൊഫഷണല്‍ മെന്റര്‍മാരെയും അണിനിരത്തും. പരമാവധി കുട്ടികള്‍ക്ക് ക്യംപസ് പ്ലേസ്മെന്റ് ഉറപ്പാക്കും. പഠനം പൂര്‍ത്തീകരിച്ച തൊഴിലന്വേഷകര്‍ക്കുള്ള ആദ്യത്തെ മെഗാജോബ് എക്സ്പോ 2025 ഫെബ്രുവരിയില്‍ നടക്കും. തുടര്‍ന്ന് ഏപ്രില്‍ മുതല്‍ പ്രാദേശിക ജോബ് ഡ്രൈവുകളും പ്രതിമാസം രണ്ട് മെഗാ ജോബ് എക്സ്പോ വീതവും സംഘടിപ്പിക്കും. മൂന്നുലക്ഷം മുതല്‍ അഞ്ചുലക്ഷം വരെ തൊഴിലവസരങ്ങളാണ് ഓരോ മെഗാ ജോബ് എക്സ്പോ വഴിയും ലഭ്യമാവുക. ക്യാംപയിന്റെ പ്രചാരണത്തിനും പരിശീലനത്തിനും തൊഴില്‍മേളയുടെ സംഘാടനത്തിനും മറ്റുമായി 20 കോടി രൂപ അധികമായി അനുവദിക്കുമെന്നും ധമനന്ത്രി പറഞ്ഞു.
ഉന്നതവിദ്യാഭ്യാസ രംഗത്ത് കേരള സര്‍വകലാശാലയുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് 37.2 കോടി രൂപ, കോഴിക്കോട് സര്‍വകലാശാല-33.8 കോടി, മഹാത്മാഗാന്ധി സര്‍വകലാശാല-38.4 കോടി, ശങ്കരാചാര്യ സര്‍വകലാശാല-22.05 കോടി, കണ്ണൂര്‍ സര്‍വകലാശാല-34 കോടി, മലയാളം സര്‍വകലാശാല-11.35 കോടി എന്നിങ്ങനെ ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്.