ഗുജറാത്തിലെ ആനന്ദ് ജില്ലയില്‍ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന ബുള്ളറ്റ് ട്രെയിന്‍ പാലം തകര്‍ന്നു വീണു. ഒരു നിര്‍മാണ തൊഴിലാളി മരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. മുംബൈ-അഹമ്മദാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ഭാഗമായിട്ടുള്ള പാലമാണ് തകര്‍ന്ന് വീണത്. ചൊവ്വാഴ്ച്ച വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം. നിരവധി പേര്‍ പാലത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നുണ്ട്.
രക്ഷാപ്രവര്‍ത്തന സംഘം സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. പാലം തകര്‍ന്ന് വീണ കാര്യം ആനന്ദ് ജില്ലാ എസ്പി ഗൗരവ് ജസാനി സ്ഥിരീകരിച്ചു. രണ്ട് നിര്‍മാണ തൊഴിലാളികളെ രക്ഷപ്പെടുത്തി. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. രണ്ട് നിര്‍മാണ തൊഴിലാളികള്‍ തകര്‍ന്ന പാലത്തിന്റെ അടിയില്‍ കുടുങ്ങി കിടക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വഡോദരയോട് ചേര്‍ന്നുള്ള മഹി നദിക്ക് അടുത്തായുള്ള നിര്‍മാണ സെറ്റിലാണ് അപകടമുണ്ടായത്. കോണ്‍ക്രീറ്റ് ബ്ലോക്കുകള്‍ക്കിടയിലാണ് നിര്‍മാണ തൊഴിലാളികള്‍ കുടുങ്ങി കിടക്കുന്നതെന്ന് നാഷണല്‍ ഹൈസ്പീഡ് റെയില്‍ കോര്‍പ്പറേഷന്‍ അറിയിച്ചു.
ക്രെയിനുകളും എസ്‌കവേറ്ററുകളുമെല്ലാം ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഒരു തൊഴിലാളിയെ രക്ഷപ്പെടുത്തുകയും, ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തുവെന്നും എന്‍എച്ച്എസ്ആര്‍സിഎല്‍ പ്രസ്താവനയില്‍ അറിയിച്ചു. അഗ്നിശമന സേനയും ആനന്ദ് പോലീസും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. അതേസമയം പാലം തകര്‍ന്ന് വീണതില്‍ അന്വേഷണം ആരംഭിച്ചു. നിര്‍മിച്ച് കൊണ്ടിരിക്കുന്ന ഭാഗങ്ങള്‍ക്ക് ചില പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. വിശദമായ അന്വേഷണം ഇക്കാര്യത്തില്‍ ആവശ്യമാണെന്ന് അധികൃതര്‍ പറഞ്ഞു.