ഓണം റിലീസിന്റെ പേരിൽ യുവതാരങ്ങൾക്കെതിരെ ഫെയ്‌സ് ബുക്ക് പോസ്റ്റുമായി നടിയും നിർമാതാവുമായ ഷീലു എബ്രഹാം രംഗത്ത്. കഴിഞ്ഞ ദിവസം തങ്ങളുടെ ഓണം റിലീസ് ചിത്രങ്ങളെ പ്രമോട്ട് ചെയ്ത് മലയാളത്തിൻറെ യുവതാരങ്ങളായ ടൊവിനോ തോമസ്, ആൻറണി വർഗ്ഗീസ്, ആസിഫ് അലി എന്നിവർ ഒരു സോഷ്യൽ മീഡിയ വീഡിയോ ചെയ്തിരുന്നു. ഓണം റിലീസായി തീയറ്ററിൽ എത്തുന്ന കൊണ്ടൽ, എആർഎം, കിഷ്‌കിന്ധകാണ്ഡം എന്നീ ചിത്രങ്ങളെ പ്രമോട്ട് ചെയ്ത് ഇവരിട്ട വീഡിയോ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.
എന്നാൽ ഇതിനെതിരെ ശക്തമായി പ്രതികരിച്ചാണ് ഷീലു എബ്രഹാം രംഗത്തെത്തിയത്. അബ്‌റാം ഫിലിംസ് സഹ ഉടമയായ ഷീലു അഭിനയിക്കുകയും നിർമ്മിക്കുകയും ചെയ്ത ബാഡ് ബോയ്‌സ് എന്ന ചിത്രവും ഈ ഓണത്തിന് റിലീസാകുന്നുണ്ട്. ഓമർ ലുലു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ റഹ്മാനാണ് നായകൻ. ബാബു ആൻറണി, ധ്യാൻ ശ്രീനിവാസൻ തുടങ്ങിയ വലിയ താര നിര ചിത്രത്തിലുണ്ട്. നിങ്ങളുടെ മൂന്നു ചിത്രങ്ങൾ മാത്രമാണ് ഓണത്തിന് റിലീസ് ചെയ്യുന്നത് എന്ന തെറ്റിദ്ധാരണ ആണ് നിങ്ങൾ പ്രേക്ഷകരിലേക്ക് കൊടുക്കുന്നത് എന്നാണ് ഷീലു പറയുന്നത്.
പ്രിയപ്പെട്ട ടൊവിനോ ,ആസിഫ് , പെപ്പെ , ”പവർ ഗ്രൂപ്പുകൾ ‘പ്രവർത്തിക്കുന്നത് എങ്ങനെ എന്ന് കാണിച്ച് തന്നതിന് നന്ദി എന്ന് പറഞ്ഞാണ് ഫെയ്‌സ് ബുക്ക് കുറിപ്പ് തുടങ്ങുന്നത്. നിങ്ങളുടെ ഐക്യവും സ്‌നേഹവും കാണിക്കാൻ നിങ്ങൾ ചെയ്ത ഈ വീഡിയോയിൽ ,നിങ്ങളുടെ മൂന്നു ചിത്രങ്ങൾ മാത്രമാണ് ഓണത്തിന് റിലീസ് ചെയ്യുന്നത് എന്ന തെറ്റിദ്ധാരണ ആണ് നിങ്ങൾ പ്രേക്ഷകരിലേക്ക് കൊടുക്കുന്നതെന്നും കുറിപ്പിൽ കുറ്റപ്പെടുത്തുന്നു. ബാഡ് ബോയ്‌സ് സംവിധായകൻ ഒമർ ലുലു അടക്കം ഷിലുവിനെ പിന്തുണച്ച് രംഗത്ത് എത്തിയിട്ടുണ്ട്.