തെലുഗു സിനിമാ ഇൻഡസ്ട്രിയിലാണ് സമാനമായ പ്രശ്നം പുകയുന്നത്. തെലുഗു സിനിമയിലെ ‘ഡബ്ല്യുസിസി’ എന്ന് വിളിക്കാവുന്ന സംഘടനയാണ് ‘ദി വോയ്സ് ഓഫ് വിമൻ’. മിടൂ മുന്നേറ്റം നടന്ന സന്ദർഭത്തിലായിരുന്നു ഹൈദരാബാദിൽ നടിമാരും, സിനിമാരംഗത്ത് ഇതര മേഖലകളിൽ പ്രവർത്തിക്കുന്ന മറ്റ് സ്ത്രീകളും ചേർന്ന് ഈ സംഘടനയ്ക്ക് രൂപം നൽകിയത്. 2018ൽ ഒരു തെലുഗു നടിക്ക് നേരിടേണ്ടി വന്ന ലൈംഗികാക്രമണം വനിതാ സിനിമാ പ്രവർത്തകർക്കുള്ളിൽ തീയായി എരിഞ്ഞു. പല നടിമാരും അതിശക്തമായി പ്രതികരിച്ച് രംഗത്ത് വന്നു.തെലുഗു സിനിമാ താരങ്ങൾക്കു നേരെ സിനിമയിലെ വനിതാ പ്രവർത്തകർ ഉന്നയിച്ച ആരോപണങ്ങളൊന്നും അഭിസംബോധന ചെയ്യപ്പെട്ടിരുന്നില്ല.
തെലുഗുവിലെ ‘അമ്മ’യായ മൂവി ആർടിസ്റ്റ്സ് അസോസിയേഷൻ അഥവാ ‘മാ’, ഈ പ്രശ്നങ്ങളിലൊന്നും യാതൊരു നടപടിയും എടുക്കുന്നില്ലെന്ന് നടിമാർ പരാതി പറഞ്ഞു. തെലുഗുവിലെ പ്രമുഖ നടിയായ ശ്രീറെഡ്ഢി ഫിലിം ചേംബർ ഓഫ് കൊമേഴ്സിനു മുന്നിൽ തുണിയുരിഞ്ഞ് പ്രതിഷേധിച്ചു.നന്ദിനി റെഡ്ഢി, സമാന്ത റെഡ്ഢി, ഝാൻസി, ലക്ഷ്മി മാഞ്ചു തുടങ്ങിയ നടിമാരും ചിൻമയി ശ്രീപദ, കൗസല്യ തുടങ്ങിയ ഗായകരും, സുമ കനകാലയെപ്പോലുള്ള അവതാരകരുമെല്ലാം വോയ്സ് ഓഫ് വിമൻ മുന്നേറ്റത്തിന്റെ ഭാഗമായി.വനിതാ സിനിമാ പ്രവർത്തകരുടെ നീണ്ട പ്രതിഷേധങ്ങൾക്കൊടുവിലാണ് തെലങ്കാനയിലെ അന്നത്തെ ചന്ദ്രശേഖര റാവു സർക്കാർ പ്രശ്നം പഠിക്കാൻ ഉപസമിതിയെ വെച്ചത്. (ഈ ഉപസമിതി അനൗദ്യോഗികമായി അറിയപ്പെടുന്നത് വോയ്സ് ഓഫ് വിമൻ ഉപസമിതി റിപ്പോർട്ട് എന്നാണ്.
വോയ്സ് ഓഫ് വിമന്റെ ഇടപെടലിലൂടെ നിലവിൽ വന്ന സമിതി എന്ന അർത്ഥത്തിൽ). 2022ൽ ഈ സമിതി റിപ്പോര്‍ട്ട് സമർപ്പിച്ചെങ്കിലും അത് റാവു സർക്കാർ മൂടി വെക്കുകയായിരുന്നു. ഇപ്പോഴത്തെ കോൺഗ്രസ് സർക്കാരും റിപ്പോർട്ട് പുറത്തുവിടാൻ തയ്യാറല്ല. ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവന്നപ്പോൾ ആദ്യം പ്രതികരിച്ച സംഘടനകളിലൊന്നായിരുന്നു വോയ്സ് ഓഫ് വിമൻ. അവർ കേരള സർക്കാരിന്റെ നീക്കത്തെ സ്വാഗതം ചെയ്തു.കേരള സർക്കാരിന്റെ മാതൃക പിന്തുടർന്ന് തെലങ്കാന സർക്കാരും ഉപസമിതി റിപ്പോർട്ട് പുറത്തുവിടണമെന്നാണ് വോയ്സ് ഓഫ് വിമന്റെ ആവശ്യം.
ഏറ്റവുമൊടുവിൽ, തെലുഗു സിനിമയിലെ പ്രമുഖ നടിയായ സമാന്തയും സബ് കമ്മറ്റി റിപ്പോർട്ട് പുറത്തു വിടണം എന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ്. സ്ത്രീകൾക്ക് സുരക്ഷിതമായ തൊഴിലിടം സൃഷ്ടിക്കാൻ സഹായകമാകുന്ന സബ് കമ്മിറ്റി റിപ്പോർട്ട് സർക്കാർ പുറത്തു വിടണമെന്ന് സമാന്ത ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഡബ്ല്യൂസിസി നടത്തിയ മുന്നേറ്റത്തെ പ്രശംസിച്ച് സമാന്ത നേരത്തെ ഇൻസ്റ്റഗ്രാം പോസ്റ്റിട്ടിരുന്നു.
ഇപ്പോഴും കാസ്റ്റിങ് കൗച്ച് ആരോപണങ്ങൾ ഉയരുന്ന ഇൻഡസ്ട്രിയാണ് തെലുഗു സിനിമയുടേത്. അടുത്തിടെ പാട്ടുകാരിയായ പ്രാണവി ആചാര്യ ഇത്തരമൊരു ആരോപണം ഉന്നയിച്ച് എത്തിയിരുന്നു. അതെസമയം തെലങ്കാന സർക്കാരിന്റെ ഭാഗത്തു നിന്ന് കനത്ത നിശ്ശബ്ദതയാണ് ഈ വിഷയത്തിലുള്ളത്. ഇതുവരെ ആരും പ്രതികരിച്ചിട്ടില്ല.