ഔറംഗാബാദിനെ ഛത്രപതി സാംഭാജിനഗര്‍ ആയും ഒസ്മാനാബാദിനെ ധാരാശിവ് ആയും പുനര്‍ നാമകരണം ചെയ്ത മഹാരാഷ്ട്രാ സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ ബോംബെ ഹൈക്കോടതി തള്ളി. സര്‍ക്കാര്‍ തീരുമാനത്തില്‍ ഇടപെടാന്‍ കാരണമൊന്നുമില്ലെന്നു ചൂണ്ടിക്കാട്ടിയാണ്, ചീഫ് ജസ്റ്റിസ് ഡികെ ഉപാധ്യായയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ നടപടി.
ഔറംഗാബാദിനെയും ഒസ്മാനാബാദിനെയും പുനര്‍ നാമകരണം ചെയ്ത സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ നിയമപരമായി തെറ്റൊന്നുമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കഴമ്പില്ലാത്തതിനാല്‍ ഹര്‍ജികള്‍ തള്ളുകയാണെന്ന് കോടതി പറഞ്ഞു.
2002ലാണ് രണ്ടു ജില്ലകളുടെയും പേരു മാറ്റാന്‍ മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തീരുമാനിച്ചത്. കഴിഞ്ഞ വര്‍ഷം ഇതിനു കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കി. തുടര്‍ന്നാണ് ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചത്.
പേരുമാറ്റം രാഷ്ട്രീയപ്രേരിതമാണെന്നു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയില്‍ ഹര്‍ജികള്‍ സമര്‍പ്പിക്കപ്പെട്ടത്. ചരിത്രപരമായ കാരണങ്ങളാണ് പേരുമാറ്റത്തിനു കാരണമെന്നാണ് സര്‍ക്കാര്‍ വിശദീകരിച്ചത്.