വിവാദങ്ങള്‍ക്കിടെ എസ്ഡിപിഐ പിന്തുണ തള്ളി കോണ്‍ഗ്രസ്. തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ പിന്തുണ സ്വീകരിക്കില്ലെന്നും യുഡിഎഫ് വ്യക്തമാക്കി. കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസനും, പ്രതിപക്ഷ നേതാവ് വിഡി സതീശനും ചേര്‍ന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ദേശീയ തലത്തില്‍ ബിജെപി അടക്കം എസ്ഡിപിഐ പിന്തുണ സ്വീകരിക്കുന്നത് വലിയ ചര്‍ച്ചയായിരിക്കുന്നു. ഈ സാഹചര്യത്തില്‍ വലിയ ആലോചനകള്‍ക്ക് ശേഷമാണ് പിന്തുണ തള്ളാന്‍ യുഡിഎഫ് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ അതിരൂക്ഷമായ വിമര്‍ശനം എസ്ഡിപിഐക്കെതിരെ കോണ്‍ഗ്രസ് നേതാക്കളാരും നടത്തിയിട്ടില്ല.
വോട്ട് ചെയ്യുന്നത് വ്യക്തിപരമായ കാര്യമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. ആളുകള്‍ക്ക് ഇഷ്ടമുള്ളവര്‍ക്ക് വോട്ട് ചെയ്യാം. എല്ലാ വര്‍ഗീയതയെയും എതിര്‍ക്കുന്നതാണ് യുഡിഎഫ് നയം. എസ്ഡിപിഐ പോലുള്ള സംഘടനകളുടെ പിന്തുണയുടെ കാര്യത്തില്‍ തീരുമാനം ഇതാണെന്നും സതീശന്‍ വ്യക്തമാക്കി.
അതേസമയം യുഡിഎഫിന്റെ പ്രതികരണം ചര്‍ച്ച ചെയ്യുമെന്ന് എസ്ഡിപിഐ നേതാവ് അഷ്‌റഫ് മൗലവി പറഞ്ഞു. യുഡിഎഫുമായി ഞങ്ങള്‍ക്ക് ധാരണയില്ല. ഞങ്ങള്‍ സ്വതന്ത്രമായി എടുത്ത തീരുമാനമാണത്. അതുപോലെ യുഡിഎഫും ചര്‍ച്ച ചെയ്ത് തീരുമാനമെടുത്തിട്ടുണ്ടാകാമന്നും അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ക്ക് വോട്ടു ചെയ്യാതിരിക്കാന്‍ പറ്റുമോ? മുസ്ലീം ലീഗിനോട് അവരുടെ പതാക മാറ്റിവെച്ച് വരണമെന്ന് പറഞ്ഞതിനേക്കാള്‍ വലിയ ആത്മാഭിമാന പ്രശ്‌നമൊന്നും എസ്ഡിപിഐക്കില്ല. കാരണം ഞങ്ങള്‍ യുഡിഎഫിലെ ഘടകകക്ഷിയല്ല. ഈ വിഷയം ഞങ്ങളുടെ സംസ്ഥാന കമ്മിറ്റി ചര്‍ച്ച ചെയ്യുമെന്നും അഷ്‌റഫ് മൗലവി പറഞ്ഞു.