അമ്ബലപ്പുഴ: പുന്നപ്ര വാടയ്ക്കലില്‍ മരുമകളുടെ മുൻ ഭര്‍ത്താവിന്‍റെ അടിയേറ്റ വീട്ടമ്മ മരിച്ചു. പുന്നപ്ര വടക്കു പഞ്ചായത്ത് വെളിയില്‍ പ്രസന്ന (68) ആണ് ബുധനാഴ്ച വൈകിട്ട് മരിച്ചത്.
ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് 4:30ഓടെ ആയിരുന്നു സംഭവം. മരുമകളുടെ മുൻ ഭര്‍ത്താവ് സുധിയപ്പൻ(41) വീട്ടിലെത്തി; തന്‍റെ ഭാര്യയെ തട്ടിക്കൊണ്ടു പോയതുമായി ബന്ധപ്പെട്ട് വാക്കുതര്‍ക്കം ഉണ്ടായി. തുടര്‍ന്ന് ഇയാള്‍ പ്രസന്നയെയും മകൻ വിനീഷിനേയും കൈയില്‍ കരുതിയിരുന്ന കമ്ബിവടി കൊണ്ട് തലയ്ക്ക് അടിച്ച് പരിക്കേല്‍പ്പിക്കുകയുമായിരുന്നു.
പ്രസന്ന തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സുധിയപ്പനെതിരേ കൊലപാതക കുറ്റത്തിന് കേസെടുത്തു.