ഏറ്റവുമധികം യുഎപിഎ കേസുകള്‍ ജമ്മു കശ്മീരില്‍,

0
70

ജമ്മു കശ്മീര്‍, മണിപ്പൂര്‍, അസം, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ് നാലില്‍ മൂന്ന് ശതമാനം കേസുകളും. ഇതില്‍ ഏറ്റവും കൂടുതല്‍ യുഎപിഎ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ജമ്മു കശ്മീരിലാണ് (371). മണിപ്പൂര്‍ (167), അസം (133), ഉത്തര്‍പ്രദേശ് (101) സംസ്ഥാനങ്ങള്‍ പട്ടികയില്‍ ആദ്യ നിരയിലുണ്ട്. രാജ്യദ്രോഹ കേസുകളില്‍നാലിലൊന്ന് പശ്ചിമ ബംഗാളില്‍ മാത്രം രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്.

അതേസമയം 2020 മുതല്‍ രാജ്യദ്രോഹ കേസുകള്‍ കുറഞ്ഞുവെങ്കിലും യുഎപിഎ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസുകള്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി വര്‍ദ്ധിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ(എന്‍സിആര്‍ബി-NCRB) പുറത്തുവിട്ട വാര്‍ഷിക കുറ്റകൃത്യ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. മൊത്തത്തില്‍, ഇന്ത്യന്‍ പീനല്‍ കോഡ് സെക്ഷന്‍ 124 എ പ്രകാരം 20 രാജ്യദ്രോഹ കേസുകള്‍ 2022-ല്‍ ഇന്ത്യയിലുടനീളം രജിസ്റ്റര്‍ ചെയ്യപ്പെട്ടു.

അതേസമയം 1,005 കേസുകള്‍ കര്‍ശനമായ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമത്തിന് (യുഎപിഎ) കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2021-ല്‍ രാജ്യത്ത് 76 രാജ്യദ്രോഹ കേസുകളും 814 യുഎപിഎ കേസുകളും രജിസ്റ്റര്‍ ചെയ്തിരുന്നു. 2020-ല്‍ കണക്കുകള്‍ 73 ഉം 796 ഉം ആയിരുന്നു. രാജ്യദ്രോഹത്തിന് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് പശ്ചിമ ബംഗാളിലാണ് (അഞ്ച്).

ജമ്മു കശ്മീര്‍, മണിപ്പൂര്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ മൂന്ന് വീതവും രാജ്യദ്രോഹ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് എന്‍സിആര്‍ബി റിപ്പോര്‍ട്ട് കാണിക്കുന്നു. 2022 ലും 2021 ലും ഔദ്യോഗിക രഹസ്യ നിയമപ്രകാരം 55 എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2020 ല്‍ അത്തരം 39 കുറ്റകൃത്യങ്ങള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. 2021-ലെ 5,164 കേസുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2022-ല്‍ മൊത്തം 5,610 കേസുകളും 2020-ല്‍ 5,613 കേസുകളും ‘സംസ്ഥാനത്തിനെതിരായ കുറ്റകൃത്യങ്ങള്‍’ എന്ന വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.2022-ലെ മൊത്തം കേസുകളില്‍ 78.5 ശതമാനവും പൊതുമുതല്‍ നശിപ്പിക്കുന്നത് തടയല്‍ നിയമപ്രകാരമാണ് (4,403 കേസുകള്‍).

തുടര്‍ന്ന് 1,005 (17.9 ശതമാനം) കേസുകള്‍ യുഎപിഎ പ്രകാരം രജിസ്റ്റര്‍ ചെയ്തതായി എന്‍സിആര്‍ബി റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വിഭാഗത്തിലെ ഒരു ലക്ഷം ജനസംഖ്യയില്‍ കുറ്റകൃത്യങ്ങളുടെ നിരക്ക് 0.4 ആയി രേഖപ്പെടുത്തിയപ്പോള്‍ ചാര്‍ജ് ഷീറ്റിംഗ് നിരക്ക് കഴിഞ്ഞ വര്‍ഷം 80.8 ആയിരുന്നു.’സംസ്ഥാനത്തിനെതിരായ കുറ്റകൃത്യങ്ങള്‍’ എന്ന വിശാലമായ വിഭാഗത്തിന് കീഴില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് ഉത്തര്‍പ്രദേശിലാണ് (2,231). തമിഴ്നാട് (634), ജമ്മു കശ്മീര്‍ (417), അസം (298), കേരളം (297) എന്നിവിടങ്ങളിലും കേസുകളുണ്ട്. ദേശീയ തലസ്ഥാനമായ ഡല്‍ഹിയില്‍ 2022ല്‍ 22 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി റിപ്പോര്‍ട്ട് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here