ഹിമാലയ ഉൽപ്പന്നങ്ങൾ കരൾ രോ​ഗമുണ്ടാക്കുമെന്ന് ഡോ. സിറിയക് അബി ഫിലിപ്പ്.

0
57

ഹിമാലയ ഉൽപ്പന്നങ്ങൾ കരൾ രോമ​ഗുണ്ടാക്കുമെന്ന് കാട്ടി എക്സിൽ പോസ്റ്റുകൾ പങ്കുവെച്ച ഡോ. സിറിയക് അബി ഫിലിപ്പിന്റെ The Liver Doc ഐഡി സസ്‌പെൻഡ് ചെയ്ത് ബം​ഗളൂരു കോടതി. ഫാർമസ്യൂട്ടിക്കൽ, വെൽനസ് കമ്പനിയായ ഹിമാലയയും കരൾ രോ​ഗ വി​ദ​ഗ്ധനും ക്ലിനിക്കൽ ശാസ്ത്രജ്ഞനുമായ ഡോ. സിറിയക് എബി ഫിലിപ്പും തമ്മിലെ തർക്കമാണ് കോടതി വ്യവഹാരങ്ങളിലേക്ക് എത്തിയത്.

കൊച്ചി രാജഗിരി ആശുപത്രിയിലെ കരൾരോ​ഗ വിഭാഗം മേധാവി ഡോ. സിറിയക് എബി ഫിലിപ്പ് ആയുർവേദത്തെയും ഹോമിയെയും കുറിച്ച് സോഷ്യൽ മീഡിയയിൽ അതിരൂക്ഷ ഭാഷയിലുള്ള വിമർശനങ്ങൾ ഉന്നയിക്കാറുണ്ട്. ഹിമാലയ പ്രോഡക്ട് ഉപയോ​ഗിക്കുന്നവർക്ക് കരൾ രോ​ഗം വരുമെന്ന് കാട്ടി തുടർച്ചയായി അദ്ദേഹം എക്സിൽ കുറിപ്പുകൾ പങ്കുവെച്ചിരുന്നു. ഇതിനെതിരെ ഹിമാലയ വെൽനസ് നൽകിയ മാനനഷ്ടക്കേസിലാണ് ഡോ. സിറിയക് അബി ഫിലിപ്പിന്റെ എക്സിലെ The Liver Doc എന്ന ഐഡി താൽക്കാലികമായി സസ്‌പെൻഡ് ചെയ്യാൻ ബംഗളൂരു കോടതി നിർദ്ദേശിച്ചത്.

ഹിമാലയ വെൽനസ് കമ്പനിയ്‌ക്കോ ഉൽപ്പന്നങ്ങൾക്കോ ​​എതിരായ അപകീർത്തികരമായ പരാമർശങ്ങൾ പോസ്റ്റ് ചെയ്യുന്നതിൽ നിന്ന് ഡോ. എബിയെ തടഞ്ഞുകൊണ്ടാണ് കോടതി താൽക്കാലികമായി എക്സ് അക്കൗണ്ട് സസ്പെൻഡ് ചെയ്തത്. ഡോ. സിറിയക് തന്റെ അക്കൗണ്ട് പുനസ്ഥാപിക്കാനായി നിയമ പോരാട്ടം നടത്തുകയാണ്. എന്നാൽ ഇന്ത്യയ്ക്ക് പുറത്തുള്ളവർക്ക് അദ്ദേഹത്തിന്റെ അക്കൗണ്ട് ഇപ്പോഴും ആക്സസ് ചെയ്യാനാവും. കേസ് 2024 ജനുവരി 5 ന് വാദം കേൾക്കാനായി മാറ്റിയിരിക്കുകയാണ്.

തന്റെ വാദങ്ങൾ കേൾക്കാതെയാണ് ബംഗളൂരു കോടതി അക്കൗണ്ട് സസ്പെൻഡ് ചെയ്തതെന്നും ഈ ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഹിമാലയയുടെ പല ഉൽപ്പന്നങ്ങളും അശാസ്ത്രീയമായി നിർമ്മിച്ചതാണെന്നും ശരിയായ പഠനമില്ലാതെ ഇവ തോന്നിയത്പോലെ വിപണനം ചെയ്യാൻ അനുവദിക്കരുതെന്നാണ് അദ്ദേഹത്തിന്റെ വാദം. അവരുടെ പ്രോഡക്ടുകൾ തുടർച്ചയായി കഴിച്ചാൽ കരളിന്റെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് അദ്ദേഹം വിശദീകരിക്കുന്നു. ഇതിന്റെ തെളിവായി വിവിധ ടെസ്റ്റ് റിസൾട്ടുകളും പഠനങ്ങളും അദ്ദേഹം കാട്ടുന്നുമുണ്ട്.

ഡോക്ടറുടെ അപകീർത്തികരമായ പോസ്റ്റുകൾ മൂലം ഹിമാലയയുടെ ബിസിനസ് ഗണ്യമായി കുറഞ്ഞുവെന്ന് കമ്പനിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ഉദയ ഹോള കോടതിയെ അറിയിച്ചിരുന്നു. ഇത്തരം പോസ്റ്റുകൾ മുൻനിര ഫാർമസ്യൂട്ടിക്കൽ കമ്പനികളായ സിപ്ലയുടെയും ആൽക്കെമിന്റെയും ഉൽപ്പന്നങ്ങളെ പ്രൊമോട്ട് ചെയ്യാനാണെന്നായിരുന്നു അദ്ദേഹംത്തിന്റെ വാദം.

എന്നാൽ ഈ ആരോപണങ്ങൾ തെറ്റാണെന്ന് ദി ന്യൂസ് മിനിറ്റിനോട് കഴിഞ്ഞ ദിവസം ഡോ. എബി പ്രതികരിച്ചു. സിപ്ല, ആൽക്കെം തുടങ്ങിയ മോഡേൺ മെഡിസിൻ ഫാർമ കമ്പനികളുടെ നിർദേശപ്രകാരമാണ് താൻ ഇത് ചെയ്യുന്നതെന്ന ഹിമാലയ വെൽനസിന്റെ വാദം പൂർണമായും അടിസ്ഥാനരഹിതമാണെന്നാണ് അദ്ദേഹം പറഞ്ഞത്. ഈ ആരോപണം തന്നെ അപകീർത്തിപ്പെടുത്താനാണെന്നും അദ്ദേഹം തിരിച്ചടിക്കുന്നു. താൻ തോന്നിയത് പോലെ നടത്തിയ ടെസ്റ്റുകളല്ല ഇതെന്നും, സർക്കാർ അംഗീകൃത ലാബുകളിലാണ് പരിശോധനകൾ നടത്തിയതെന്നും അദ്ദേഹം പറയുന്നു.

ഫാർമസ്യൂട്ടിക്കൽ, വെൽനസ് കമ്പനിയായ ഹിമാലയ നൽകിയ ഹർജിയിൽ അഡീഷണൽ സിറ്റി സിവിൽ ആൻഡ് സെഷൻ ജഡ്ജി ഡിപി കുമാരസ്വാമിയാണ് സെപ്തംബർ 23-ന് ഡോക്ടറുടെ എക്സ് അക്കൗണ്ട് സസ്പെൻഡ് ചെയ്യാൻ ഉത്തരവ് പുറപ്പെടുവിച്ചത്. കമ്പനിയെ അപകീർത്തിപ്പെടുത്തിയെന്നാരോപിച്ച് ഡോ. ഫിലിപ്‌സിനെതിരായ കേസിൽ ഹിമാലയ സമർപ്പിച്ച രണ്ട് ഇടക്കാല അപേക്ഷകൾ പരിഗണിക്കുകയായിരുന്നു കോടതി. കമ്പനിക്കെതിരെ അപകീർത്തികരമായ പ്രസ്താവനകൾ നടത്തുന്നതിൽ നിന്ന് ഫിലിപ്സിനെ തടഞ്ഞുകൊണ്ടുള്ളതായിരുന്നു ഇടക്കാല ഉത്തരവ്. അതിന്റെ അടിസ്ഥാനത്തിലാണ് ഡോക്ടറുടെ അക്കൗണ്ട് താൽക്കാലികമായി സസ്പെൻഡ് ചെയ്യാൻഎക്സിന് കോടതി നിർദേശം നൽകിയത്.

അപകീർത്തികരമായ പോസ്റ്റുകൾ ഇടുന്നത് മൂലം ഹിമാലയയ്ക്ക് ഉണ്ടാകുന്ന നാശനഷ്ടം കുറയ്ക്കാനായി എക്സിൽ പോസ്റ്റുചെയ്ത മെറ്റീരിയലുകൾ എത്രയും വേഗം നീക്കംചെയ്യേണ്ടതുണ്ടെന്നും കോടതി പറഞ്ഞിരുന്നു. ആയുർവേദത്തിന്റെ തത്വങ്ങളും പ്രയോഗങ്ങളും അടിസ്ഥാനപരമായി പ്രാകൃതമാണെന്നാണ് ഡോ. എബി പറയുന്നത്. അദ്ദേഹത്തിന്റെ പോസ്റ്റുകൾക്ക് സമൂഹമാധ്യമങ്ങളിൽ വലിയ സ്വീകാര്യത ലഭിക്കാറുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here