കാസര്‍കോട് : ഡ്രാഗണ്‍ഫ്രൂട്ട് കര്‍ഷകര്‍ക്ക് ആശ്വാസമേകാൻ ധനസഹായവുമായി കൃഷി വകുപ്പിന്റെ ഹോട്ടികള്‍ച്ചര്‍ മിഷൻ.
ഹെക്ടര്‍ ഒന്നിന് 30,000 രൂപ ധനസഹായം ലഭിക്കും. കൂടാതെ ഡ്രാഗണ്‍ കൃഷി തുടരുന്ന കര്‍ഷകര്‍ക്ക് രണ്ടാം വര്‍ഷ ധന സഹായം നല്‍കും. അവര്‍ക്ക് ഹെക്ടര്‍ ഒന്നിന് 10,000 രൂപയാണ് ധനസഹായമായി ലഭ്യമാക്കുക. മൂന്ന് വര്‍ഷം വരെ ഇത്തരത്തില്‍ ധന സഹായം ലഭിക്കും.
ജില്ലയില്‍ 8.5 ഹെക്ടര്‍ സ്ഥലത്ത് കഴിഞ്ഞ വര്‍ഷം കര്‍ഷകര്‍ ഡ്രാഗണ്‍ഫ്രൂട്ട് കൃഷി ചെയ്തിരുന്നു. കൂടാതെ പുതിയതായി 2 ഹെക്ടര്‍ സ്ഥലത്ത് ഇത്തവണ ഡ്രാഗണ്‍ കൃഷി നടത്തുന്നുണ്ട്. ജില്ലയില്‍ വെസ്റ്റ് എളേരിയിലാണ് ഏറ്റവും കൂടുതല്‍ ഡ്രാഗണ്‍ കൃഷി ചെയ്യുന്നത്. കൂടാതെ പൈവെളികെ, മഞ്ചേശ്വരം, മീഞ്ച, പരപ്പ, മടിക്കൈ തുടങ്ങിയ സ്ഥലങ്ങളിലും ഡ്രാഗണ്‍ ഫ്രൂട്ട് കൃഷി ചെയ്ത് വരുന്നു. വെള്ളം കുറച്ച് മതിയെന്ന പ്രത്യേകത ഉള്ളതില്‍ കൂടുതല്‍ ആളുകള്‍ ഡ്രാഗണ്‍ കൃഷിയിലേക്ക് കടന്നു വരുന്നുണ്ട്.
വിദേശ പഴമായ ഡ്രാഗണ്‍ ഹൈബ്രിഡ് ഇനത്തില്‍ വെള്ള, പര്‍പ്പിള്‍ തുടങ്ങിയ നിറങ്ങളിലും ലഭിക്കുന്നു. വിത്ത് ഉള്ളതും വിത്ത് ഇല്ലാത്തതുമായ ഡ്രാഗണും ഉണ്ട്. ജില്ലയ്ക്ക് ഫോട്ടികള്‍ച്ചര്‍ മിഷനില്‍ മാത്രം 84.65 ലക്ഷം രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. ഡ്രാഗണ്‍ കൃഷിക്ക് മാത്രമായി ഒരു ലക്ഷം രൂപ ജില്ലയ്ക്ക് അനുവദിച്ചിട്ടുണ്ട്. ജില്ലയില്‍ ഡ്രാഗണ്‍ഫ്രൂട്ട് കൃഷി വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ധനസഹായം നല്‍കുന്നത്. എളുപ്പം നട്ടു വളര്‍ത്താമെന്നതാണു ഡ്രാഗണ്‍ ഫ്രൂട്ടിന്റെ പ്രത്യേകത.
മൂന്നു വര്‍ഷം പ്രായമായ ചെടിയില്‍ 25ല്‍പ്പരം പഴങ്ങളുണ്ടാകും. വര്‍ഷത്തില്‍ ആറു തവണ വരെ ഡ്രാഗണ്‍ ഫ്രൂട്ടിന്റെ വിളവെടുപ്പ് നടത്താം.രണ്ടാം വര്‍ഷം മുതല്‍ ചെടി കായ്ച്ചു തുടങ്ങും. ഒരു പഴത്തിന് ശരാശരി 400 ഗ്രാം തൂക്കം വരെയുണ്ടാകും. വര്‍ഷം കഴിയും തോറും കായ്ഫലം കൂടുമെന്നതാണ് മറ്റൊരു പ്രത്യേകത. ഡ്രാഗണ്‍ ഫ്രൂട്ട് ചെടികളില്‍ കീടബാധ കുറവാണ്. ഒരു ചെടിക്ക് 20 വര്‍ഷത്തിലേറെ ആയുസുമുണ്ട്. വീടുകളുടെ മട്ടുപ്പാവിലും ഡ്രാഗണ്‍ഫ്രൂട്ട് കൃഷി ചെയ്യാം. ഡ്രാഗണ്‍ഫ്രൂട്ടിനെ കൂടാതെ പപ്പായ, പൈനാപ്പിള്‍, മാങ്ങ, അവക്കാഡോ, റംബൂട്ടാൻ തുടങ്ങിയവയ്ക്കും സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മുഖേന സമ്ബത്തിക സഹായം നല്‍കി വരുന്നുണ്ട്.