എന്‍സിപി തലവന്‍ ശരദ് പവാര്‍ പ്രധാനമന്ത്രിയാകാനുള്ള രണ്ട് അവസരങ്ങള്‍ നഷ്ടപ്പെടുത്തിയെന്നും ഇപ്പോള്‍ അദ്ദേഹം വിരമിക്കേണ്ട സമയമാണെന്നും വ്യവസായിയും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സ്ഥാപകനുമായ ഡോ. സിറസ് പൂനവാല. പൂനെയില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ശരദ് പവാറിന്റെ അടുത്ത സുഹൃത്തായ പൂനവാല.
‘ശരദ് പവാറിനുള്ള എന്റെ ഉപദേശം ഇങ്ങനെയാണ്… അദ്ദേഹത്തിന് പ്രധാനമന്ത്രിയാകാന്‍ രണ്ട് അവസരങ്ങള്‍ ഉണ്ടായിരുന്നു, പക്ഷേ അവ നഷ്ടപ്പെട്ടു. അദ്ദേഹം ബുദ്ധമാനാണ്. പ്രധാനമന്ത്രിയായി അദ്ദേഹത്തിന് നന്നായി പ്രവര്‍ത്തിക്കാമായിരുന്നു എന്നാല്‍ ആ അവസരങ്ങള്‍ നഷ്ടമായി. എനിക്കും അദ്ദേഹത്തിനും പ്രായമാകുകയാണ്, അതിനാല്‍ അദ്ദേഹം വിരമിക്കണം’ 2023 ലെ മിസ് വേള്‍ഡ് ടീമിനായി പൂനെയില്‍ നടന്ന ഒരു ‘മീറ്റ് ആന്‍ഡ് ഗ്രീറ്റ്’ പരിപാടിയില്‍ സിറസ് പറഞ്ഞു.
82 കാരനായ എന്‍സിപി മേധാവി, ഇന്ന് മുംബൈയില്‍ നടക്കുന്ന ‘ഇന്ത്യ’ സഖ്യയോഗത്തില്‍ മറ്റ് മഹാ വികാസ് അഘാഡി (എംവിഎ) ഘടകകക്ഷികള്‍ക്കൊപ്പം പങ്കെടുക്കാനിരിക്കെയാണ് പൂനവാലയുടെ പ്രസ്താവന. എന്‍സിപി പിളര്‍പ്പിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് പൂനവാല ഈ പ്രസ്താവന നടത്തിയത്. ശരദ് പവാറിന്റെ അനന്തരവനും മുതിര്‍ന്ന എന്‍സിപി നേതാവുമായ അജിത് പവാര്‍ കഴിഞ്ഞ മാസം ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ബിജെപി-ശിവസേന സര്‍ക്കാരുമായി കൈകോര്‍ത്തിരുന്നു
നാല് തവണ മഹാരാഷ്ട്ര മുഖ്യമന്ത്രിയായ ശരദ് പവാര്‍ കേന്ദ്രമന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പാര്‍ട്ടിയായ എന്‍സിപിയും കോണ്‍ഗ്രസും ഉദ്ധവ് താക്കറെയുടെ ശിവസേനയും (യുബിടി) ചേര്‍ന്നാണ് മഹാരാഷ്ട്രയില്‍ എംവിഎ സഖ്യം രൂപീകരിച്ചത്. പട്നയിലും ബാംഗ്ലൂരിലും നടന്ന ആദ്യ രണ്ട് യോഗങ്ങള്‍ക്ക് ശേഷം ഇന്നും നാളെയുമായി മുംബൈയില്‍ നടക്കാനിരിക്കുന്ന ഇന്ത്യ സഖ്യത്തിന്റെ മൂന്നാമത്തെ യോഗത്തിനായി തയ്യാറെടുക്കുകയാണ് അദ്ദേഹം.
ചടങ്ങിനിടെ, ചന്ദ്രയാന്‍ -3 ന്റെ വിജയത്തിന് ഐഎസ്ആര്‍ഒയെ പൂനവാല അഭിനന്ദിച്ചു. ഈ നേട്ടം കൈവരിച്ച ലോകത്തിലെ നാലാമത്തെ രാജ്യമാണ് ഇന്ത്യ. ഈ വിജയത്തോടെ എയ്റോസ്പേസ് വ്യവസായത്തിന് വലിയ നേട്ടമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മലേറിയയ്ക്കും ഡെങ്കിപ്പനിക്കുമുള്ള വാക്‌സിനുകള്‍ കൊണ്ടുവരുന്നതിനായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ തലവന്‍ പറഞ്ഞു.