ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദര്‍ശിക്കവെ അദ്ദേഹത്തിന്‍റെ കാല്‍ തൊട്ട് വന്ദിച്ചുള്ള തമിഴ് സൂപ്പര്‍താരം രജനികാന്തിന്റെ ഉപചാര പ്രകടനം സമൂഹമാധ്യമങ്ങളിൽ വിമർശനത്തിന് ഇടയാക്കിയിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ‘‘കുനിയുന്നതും നിവരുന്നതും ആരോഗ്യത്തിന് നല്ലതാണ്… എന്നാൽ ഇങ്ങനെ കുനിഞ്ഞാൽ ഒടിഞ്ഞു പോകും..!’’- മന്ത്രിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.
ഹുക്കും, ജയിലർ എന്നീ ഹാഷ്ടാഗുകളും കുറിപ്പിനൊപ്പം മന്ത്രി പങ്കുവച്ചിട്ടുണ്ട്. ഒട്ടേറെപ്പേരാണ് വിഷയത്തില്‍ പ്രതികരണമായി എത്തിയത്. രജനിയുടെ പ്രവർത്തിയെ വിമർശിക്കുന്നവരാണ് ഇതിൽ ഏറെയും. കൂടുതൽ ആളുകളും രജനിയുടെ പ്രവർത്തി മോശമായിപ്പോയെന്നാണ് അഭിപ്രായപ്പെടുന്നത്. നേരത്തെ ‘ജയിലർ’ സിനിമ കണ്ട ശേഷവും പ്രതികരണവുമായി ശിവൻകുട്ടി എത്തിയിരുന്നു. ‘ജയിലർ’ വിനായകന്റെ സിനിമയെന്നായിരുന്നു മന്ത്രി അഭിപ്രായപ്പെട്ടത്.
അതേസമയം, യോഗി ആദിത്യനാഥിനെ സന്ദർശിച്ച രജനികാന്ത് അദ്ദേഹത്തിനൊപ്പം ‘ജയിലർ’ സിനിമ കണ്ടിരുന്നു. യോഗി ആദിത്യനാഥുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് പിന്നാലെ രജനി അയോധ്യയിലേക്ക് യാത്ര തിരിക്കുകയായിരുന്നു. ലക്‌നൗവിലെത്തിയ അദ്ദേഹം ജയിലറിന്റെ പ്രത്യേക പ്രദർശനത്തിൽ പങ്കെടുത്തിരുന്നു. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയ്‌ക്കൊപ്പമാണ് രജനി ചിത്രം കണ്ടത്.\