ഇന്ത്യയുടെ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ്(റോ) മേധാവിയായി മുതിര്‍ന്ന ഐപിഎസ് ഓഫീസര്‍ രവി സിന്‍ഹയെ നിയമിച്ചു. ഛത്തീസ്ഗഡ് കേഡറിലെ 1988 ബാച്ച് ഇന്ത്യന്‍ പോലീസ് സര്‍വീസ് (ഐപിഎസ്) ഉദ്യോഗസ്ഥനാണ് സിന്‍ഹ. അദ്ദേഹം നിലവില്‍ കാബിനറ്റ് സെക്രട്ടേറിയറ്റിലെ സ്പെഷ്യല്‍ സെക്രട്ടറിയുടെ ചുമതലയാണ് വഹിക്കുന്നത്. 2023 ജൂണ്‍ 30-ന് കാലാവധി പൂര്‍ത്തിയാക്കുന്ന സാമന്ത് കുമാര്‍ ഗോയലിന് പകരമായാണ് സിന്‍ഹ എത്തുന്നത്.
പുതിയ മേധാവിയായി സിന്‍ഹയെ നിയമിച്ചതായി പേഴ്‌സണല്‍ മന്ത്രാലയം ഉത്തരവ് ഇറക്കിയിട്ടുണ്ട്. രണ്ട് വര്‍ഷത്തേക്കാണ് റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ് (റോ) സെക്രട്ടറിയായി സിന്‍ഹയെ നിയമിക്കുന്നത്. ഇതിനായി ക്യാബിനറ്റിന്റെ അപ്പോയിന്റ്മെന്റ് കമ്മിറ്റി അംഗീകാരം നല്‍കിയെന്നും ഉത്തരവില്‍ പറയുന്നു. ഇന്ത്യയുടെ ബാഹ്യ രഹസ്യാന്വേഷണ ഏജന്‍സിയാണ് റോ.