ലൈംഗിക ആരോപണ വിധേയനായ ഗുസ്തി ഫെഡറേഷന്‍ മേധാവിക്കെതിരെ പ്രതിഷേധിച്ച് മെഡലുകള്‍ ഗംഗയില്‍ ഒഴുക്കുമെന്ന ഗുസ്തിതാരങ്ങളുടെ നിലപാടിനെതിരെ ബ്രിജ് ഭൂഷണ്‍ സിംഗ് രംഗത്ത്. മെഡലുകൾ ഗംഗയിൽ മുക്കിയാൽ മാത്രം നിങ്ങൾക്ക് നീതി ലഭിക്കില്ലെന്നും തനിക്കെതിരായ തെളിവുകൾ കാണിക്കാനും ബ്രിജ് ഭൂഷണ്‍ പറഞ്ഞു.
ബരാബങ്കിയിൽ മാധ്യമങ്ങളോട് സംസാരിക്കവേ “പ്രതിഷേധിക്കുന്ന ഗുസ്തിക്കാർ നിങ്ങളുടെ മെഡലുകൾ മുക്കുന്നതിന് ഗംഗയിലേക്ക് പോകുന്നത് എന്തുകൊണ്ട്? എന്തുകൊണ്ടാണ് നിങ്ങൾ അധികൃതർക്ക് തെളിവുകൾ നൽകുന്നില്ല? ബ്രിജ് ഭൂഷൺ ചോദിച്ചു.
“ഇവർ (പ്രതിഷേധക്കാർ) എന്നെ തൂക്കിലേറ്റാൻ ശ്രമിച്ചിട്ട് നാല് മാസമായി. മെഡലുകൾ മുക്കാനാണ് അവർ ഗംഗയിലേക്ക് പോകുന്നത്. എന്നാൽ മെഡലുകൾ മുക്കിയതുകൊണ്ട് നിങ്ങൾക്ക് നീതി ലഭിക്കുകയോ എന്നെ തൂക്കിലേറ്റുകയോ ചെയ്യില്ല. ഇതൊരു വൈകാരിക നാടകമാണ്. എന്തെങ്കിലും തെളിവ് കാണിക്കൂ. “അദ്ദേഹം ആവർത്തിച്ചു.
അതേസമയം വിഷയത്തിന്മേലുള്ള സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ആവര്‍ത്തിച്ച ഗുസ്തി താരങ്ങള്‍, തങ്ങളുടെ മെഡലുകള്‍ ഗംഗാനദിയില്‍ നിമർജ്ജനം ചെയ്യുമെന്നും ഇന്ത്യാ ഗേറ്റില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്നും മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ബ്രിജ് ഭൂഷന്റെ പ്രതികരണം. പ്രശ്‌നം പരിഹരിക്കാൻ കർഷക നേതാക്കൾ അഞ്ച് ദിവസത്തെ സമയം ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, അത്‌ലറ്റുകൾ അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ ഒരു തെളിവും കാണിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് ബ്രിജ് ഭൂഷൺ സിംഗ് പറഞ്ഞു. തനിക്കെതിരായ എന്തെങ്കിലും ആരോപണം തെളിഞ്ഞാൽ തൂങ്ങിമരിക്കുമെന്നും അദ്ദേഹം പറഞ്ഞു. താനൊരു സാധാരണ കുടുംബത്തിൽ പെട്ടയാളാണെന്നും ജീവിതത്തിലുടനീളം കാണാത്ത ദുഃഖമോ സന്തോഷമോ ഉണ്ടായിട്ടില്ലെന്നും ബ്രിജ് ഭൂഷൺ സിംഗ് സദസ്സിൽ പറഞ്ഞു.