എറണാകുളം: വീട്ടിലേക്ക് പോകാൻ റോഡില്ലാത്തതുകൊണ്ട് മൃതദേഹം പാടവരമ്പിലൂടെ ചുമന്ന് ബന്ധുക്കള്‍. എറണാകുളം ജില്ലയിലെ കോതമംഗലം കീരംപാറ ഗ്രാമപഞ്ചായത്തിലാണ് സംഭവം. കഴിഞ്ഞദിവസം മരിച്ച ചെങ്ങമനാട്ട് സ്കറിയ കുരുവിളയുടെ മൃതദേഹം ഒറ്റയടി പാതയിലൂടെ ശവപ്പെട്ടിയിൽ ചുമന്നാണ് പള്ളിയിലേക്ക് അടക്കംചെയ്യാൻ കൊണ്ടുപോയത്.
അഞ്ചുവർഷം മുൻപ് സ്കറിയ മൂന്നു മീറ്റർ വീതിയിൽ 110 മീറ്റർ സ്ഥലം വഴിക്കായി സൗജന്യമായി പഞ്ചായത്തിന് വിട്ടുനൽകിയിരുന്നു. പഞ്ചായത്ത് ആസ്തിയിൽ രേഖപ്പെടുത്താ രേഖപ്പെടുത്താത്തതുകൊണ്ടും പാടം നികത്തി മണ്ണിട്ട് നിരപ്പാക്കി വഴിയാക്കുന്നതിന് പഞ്ചായത്തിന് ഫണ്ടില്ലെന്ന ഫണ്ടില്ലെന്ന കാരണത്താലും നടന്നില്ല.
വാഹനം ഓടിക്കാവുന്ന ഒരു വഴിയെന്ന സ്വപ്നം ബാക്കിയാക്കിയാണ് സ്കറിയ കണികണ്ടംപാടം വിട്ടത്. അഞ്ച് വീട്ടുകാരാണ് പ്രദേശത്തുള്ളത്. മറ്റുള്ള പലരും സ്ഥലം വിട്ടു പോയി. ഏതാനും വർഷം മുൻപ് മറ്റൊരാൾ മരിച്ചപ്പോഴും സമാനരീതയിലാണ് മൃതദേഹം കൊണ്ടുപോയത്.
വഴി നിർമിച്ചുനൽകണമെന്ന ആവശ്യം ഇവർ ഏറെക്കാലമായി ഉന്നയിക്കുന്നതാണെങ്കിലും യാഥാർഥ്യമായില്ല. എന്നാൽ താമസക്കാര്‍ കുറവായതും സാങ്കേതിക പ്രശ്നങ്ങളുമാണ് റോഡ് പണിയാൻ തടസ്സമെന്നാണ് കീരംപാറ പഞ്ചായത്ത് പറയുന്നത്. അത്രയും ഫണ്ട് പഞ്ചായത്തിനില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് പ്രതികരിച്ചു.