കേന്ദ്ര ബജറ്റ് തമിഴ്‌നാടിനും, അവിടുത്തെ ജനങ്ങൾക്കും വലിയ നിരാശയുണ്ടാക്കിയെന്നും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ വികസനത്തിന് വേണ്ടിയാണ് ബജറ്റ് അവതരിപ്പിച്ചതെന്ന പ്രതീതി സൃഷ്‌ടിച്ചെന്നും തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എംകെ സ്‌റ്റാലിൻ.
ബജറ്റ് വലിയ നിരാശയുണ്ടാക്കി: മുഖ്യമന്ത്രി സ്‌റ്റാലിൻ
ദരിദ്രർക്കും ഇടത്തരക്കാർക്കും സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്കും ബജറ്റ് പ്രതീക്ഷ നൽകുന്നില്ലെന്നും തൊഴിലില്ലായ്‌മ, വിലക്കയറ്റം, പണപ്പെരുപ്പം തുടങ്ങിയ ഗുരുതരമായ പ്രശ്‌നങ്ങൾ കേന്ദ്രസർക്കാർ അവഗണിക്കുകയാണെന്നും രണ്ട് പേജുള്ള പ്രസ്‌താവനയിലൂടെ സ്‌റ്റാലിൻ പറഞ്ഞു. വികസന പദ്ധതികൾ പ്രഖ്യാപിക്കാനും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക്, പ്രത്യേകിച്ച് തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങൾക്ക് മാത്രം സാമ്പത്തിക സഹായം നൽകാനുമാണ് ബജറ്റ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം അവകാശപ്പെട്ടു.
“വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ പ്രധാന പ്രശ്‌നങ്ങൾ അവഗണിച്ചാണ് തിരഞ്ഞെടുപ്പ് നടക്കുക, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെ മാത്രം മനസ്സിൽ വെച്ചുകൊണ്ട് തയ്യാറാക്കിയ ഈ ബജറ്റ് തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് തികഞ്ഞ നിരാശയാണ്!” സ്‌റ്റാലിൻ ട്വിറ്ററിൽ കുറിച്ചു. കൂടാതെ, സംസ്ഥാനങ്ങൾക്ക് സാമ്പത്തിക സ്വാതന്ത്ര്യം നൽകാനുള്ള ഒരു ശ്രമവും ബജറ്റിൽ ഉണ്ടായിട്ടില്ലെന്നും സ്‌റ്റാലിൻ ചൂണ്ടിക്കാട്ടി.