പരസ്യ പ്രസ്താവനകള്‍ വിലക്കി എ ഐ സി സി

0
54

കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥി വിവാദം തുടരുന്ന സാഹചര്യത്തില്‍ പരസ്യപ്രസ്താവനകള്‍ വിലക്കി എ ഐ സി സി. തരൂരോ, മറ്റ് നേതാക്കളോ പരസ്യ വിമര്‍ശനങ്ങള്‍ ഉന്നയിക്കരുതെന്നാണ് എഐസിസി നേതൃത്വത്തിന്റെ നിര്‍ദ്ദേശം. സാഹചര്യം നിരീക്ഷിക്കാന്‍ താരിഖ് അന്‍വറിന് എഐസിസി നിര്‍ദ്ദേശം നല്‍കി.

സംസ്ഥാന നേതൃത്വത്തില്‍ നിലനില്‍ക്കുന്ന അസ്വാരസ്യം മൂലം വിവാദങ്ങളില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ ഉയര്‍ന്നു വന്ന സാഹചര്യത്തിലാണ് എ ഐ സി സിയുടെ ഇടപെല്‍. കെപിസിസി അധ്യക്ഷനും, പ്രതിപക്ഷനേതാവും പരസ്പരം ചര്‍ച്ചകള്‍ നടത്തി മുന്‍പോട്ട് പോകണമെന്നും എ ഐ സി സി നിര്‍ദ്ദേശിച്ചു. വിവാദം പരസ്പര വിമര്‍ശനങ്ങളിലേക്കും പരിഹാസങ്ങളിലേക്കും കടന്നിരുന്നു.
കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ചൊല്ലി നടക്കുന്ന വിവാദങ്ങള്‍ തള്ളി യു ഡി എഫ് കണ്‍വീനല്‍ എം എം ഹസനും രംഗത്തു വന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ മാത്രമാണ് ഇത്തരം ചര്‍ച്ചകള്‍ക്ക് പ്രസക്തിയെന്നും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ഉയര്‍ത്തിക്കാട്ടാന്‍ ഇപ്പോള്‍ സമയമായിട്ടില്ലെന്നും ഹസന്‍ പറഞ്ഞു. ഇപ്പോള്‍ ഇത്തരത്തില്‍ ഉയര്‍ത്തിയാലും ഒരു നേതാവും ഒരു ഉയരുന്ന സ്ഥിതിയല്ല.

മാധ്യമങ്ങള്‍ മാത്രമാണ് ശശി തരൂരിനെ ഇപ്പോള്‍ ഉയര്‍ത്തിക്കാട്ടുന്നത്. ചെന്നിത്തല പറഞ്ഞത് ഏത് കോട്ടിനെ കുറിച്ചാണെന്ന് തനിക്കറിയില്ലെന്നും തരൂരിന്റേത് സമാന്തര പ്രവര്‍ത്തനമാണെന്ന അഭിപ്രായം തനിക്കില്ലെന്നും എം എം ഹസന്‍ കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര സംസ്ഥാന ഘടകങ്ങള്‍ അതൃപ്തി പരസ്യമാക്കിയിട്ടും ജനങ്ങളുടെ ക്ഷണം സ്വീകരിച്ച് കൂടുതല്‍ പരിപാടികളില്‍ പങ്കെടുക്കുമെന്ന തന്റെ നിലപാടില്‍ നിന്ന് പിന്നോട്ട് പോകാന്‍ തയ്യാറല്ലെന്ന സന്ദേശമാണ് തരൂര്‍ നല്‍കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ച വച്ച തരൂര്‍ പ്രവര്‍ത്തക സമിതി ലക്ഷ്യമിടുന്നുണ്ട്. ഫെബ്രുവരിയില്‍ നടക്കുന്ന പ്ലീനറി സമ്മേളനത്തില്‍ പുതിയ സമിതി നിലവില്‍ വരുമ്പോള്‍ അതിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെടുമെന്നാണ് തരൂരിന്റെ പ്രതീക്ഷ. തരൂരിനെ എങ്ങനെ കടിഞ്ഞാണ്‍ ഇടുമെന്നതില്‍ വ്യക്തമായ പദ്ധതിയൊന്നും കേന്ദ്ര സംസ്ഥാന നേതൃത്വങ്ങള്‍ക്കില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

കടുത്ത നിലപാടിലേക്ക് കടന്നാല്‍ ജനവികാരം എതിരാകുമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ കണക്കു കൂട്ടല്‍.  പരസ്പരം ആരോപണ പ്രത്യാരോപണങ്ങള്‍ ഉയര്‍ന്നിട്ടും തരൂരിനോട് എ ഐ സി സി വിശദീകരണം ചോദിക്കാത്തതും തരൂരിനെതിരെ രേഖാമൂലം കേന്ദ്രനേതൃത്വത്തിന് പരാതി നല്‍കാന്‍ സംസ്ഥാന നേതാക്കള്‍ തയ്യാറാകാത്തതതു ഇതു കൊണ്ടാണ്. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര സമാപിച്ച ശേഷം തരൂര്‍ വിഷയത്തില്‍ ചര്‍ച്ചകള്‍ ഉയര്‍ന്നു വരുമെന്നാണ് കരുതുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here