ഹവാന: സ്വവര്‍ഗ വിവാഹത്തിനും വാടക ഗര്‍ഭധാരണത്തിനും ദത്തെടുക്കലിനും അംഗീകാരം നല്‍കി ക്യൂബ. ഗവണ്‍മെന്റ് പിന്തുണയോടെ ഞായറാഴ്ച നടന്ന റഫറണ്ടത്തില്‍ ക്യൂബക്കാര്‍ സ്വവര്‍ഗ വിവാഹത്തിനും ദത്തെടുക്കലിനും അംഗീകാരം നല്‍കിയതായി ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
66.9 ശതമാനം പേരും ഇതിനെ അംഗീകരിച്ചു എന്ന് ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിഡന്റ് അലീന ബല്‍സെയ്റോ ഗുട്ടറസ് പറഞ്ഞു. 3.9 ദശലക്ഷത്തിലധികം വോട്ടര്‍മാര്‍ കോഡ് അംഗീകരിക്കാന്‍ വോട്ടുചെയ്തു. 1.95 ദശലക്ഷം പേര്‍ അംഗീകാരത്തെ എതിര്‍ത്തു (33%) എന്നും അലീന ബല്‍സെയ്റോ ഗുട്ടറസ് പറഞ്ഞു.
ഡയസ്-കാനലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് ഫലപ്രഖ്യാപനം വന്നത്. ക്യൂബന്‍ പ്രസിഡന്റാണ് കോഡ് സ്വീകരിക്കുന്നതിനുള്ള പ്രചാരണത്തിന് നേതൃത്വം നല്‍കിയത്. കമ്മ്യൂണിസ്റ്റ് രാജ്യമായ ക്യുബയില്‍ മുന്‍ റഫറണ്ടങ്ങളില്‍ സര്‍ക്കാര്‍ നിലപാടിന് ഏകകണ്ഠമായ അംഗീകാരം ലഭിച്ചിരുന്നു. എന്നാല്‍ ഇത്തവണ രാജ്യത്ത് 33% പേര്‍ എതിര്‍ത്ത് വോട്ട് ചെയ്തതും ശ്രദ്ധേയമായി.
ക്യൂബ എങ്ങനെ മാറിക്കൊണ്ടിരിക്കുന്നു എന്നതിന്റെ സൂചനയാണ് ഈ വിയോജിപ്പ് എന്ന് പലരും നിരീക്ഷിച്ചു. 2018-ല്‍ മൊബൈല്‍ ഇന്റര്‍നെറ്റ് നിയമവിധേയമാക്കിയതിന് ശേഷമുള്ള ഇത്തരത്തിലുള്ള ആദ്യ വോട്ടെടുപ്പ് കൂടിയായിരുന്നു ഞായറാഴ്ചത്തെ വോട്ടെടുപ്പ്. ഇത് വിയോജിപ്പുള്ള കാഴ്ചപ്പാടുകള്‍ കൂടുതല്‍ വ്യാപകമായി പ്രചരിക്കാന്‍ അനുവദിച്ചു.