ചെന്നൈ: 34ാമത് ആശാന്‍ സ്മാരക കവിത പുരസ്‌കാരം കെ. ജയകുമാറിന്. 50000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് അവാര്‍ഡ്. മഹാകവി കുമാരനാശാന്റെ സ്മരണയ്ക്കായി 1985ല്‍ ചെന്നൈ ആശാന്‍ മെമ്മോറിയല്‍ അസോസിയേഷന്‍ ആരംഭിച്ച സാഹിത്യ അവാര്‍ഡാണ് ആശാന്‍ സ്മാരക കവിതാപുരസ്‌കാരം
ഡോ. കെ.എസ് രവികുമാര്‍, ഡോ. സി.ആര്‍ പ്രസാദ്, ടി. അനിതകുമാരി എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. മലയാള ഭാഷയിലെ മികച്ച കവികളെ ആദരിക്കുന്നതിനാണ് പുരസ്‌കാരം സമ്മാനിക്കുന്നത്.
മലയാള സര്‍വകലാശാല മുന്‍ വൈസ്ചാന്‍സിലര്‍ കൂടിയായ കെ. ജയകുമാര്‍ കവിതാസമാഹാരങ്ങള്‍, വിവര്‍ത്തനങ്ങള്‍, ജീവചരിത്രം, ബാലസാഹിത്യം എന്നീ വിഭാഗങ്ങളിലായി ഇരുപതോളം കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അര്‍ദ്ധവൃത്തങ്ങള്‍, രാത്രിയുടെ സാദ്ധ്യതകള്‍ തുടങ്ങി അഞ്ച് കവിതാസമാഹാരങ്ങള്‍ മലയാളത്തിലും രണ്ടെണ്ണം ഇംഗ്ലീഷിലും പ്രസിദ്ധീകരിച്ചു. ടാഗോറിന്റെ ഗീതാഞ്ജലിയും ഖലീല്‍ ജിബ്രാന്റെ പ്രവാചകനുമടക്കം പല പ്രശസ്തകൃതികളുടെയും പരിഭാഷകള്‍ നിര്‍വഹിച്ചു.
വര്‍ണച്ചിറകുകള്‍ എന്ന കുട്ടികളുടെ സിനിമയ്ക്ക് തിരക്കഥയെഴുതി സംവിധാനം ചെയ്തു. 80ലധികം മലയാള സിനിമകള്‍ക്കു ഗാനരചന നിര്‍വഹിച്ചു. ചിത്രകാരന്‍ കൂടിയാണ്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ചിത്രപ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്.