ആലപ്പുഴ: കോവിഡ് നാലാംതംരംഗ സാധ്യത മുന്നിൽക്കണ്ട് ആരോഗ്യവകുപ്പു തുടങ്ങിയ വാക്സിനേഷൻ ഡ്രൈവ് ജില്ലയിൽ പാളുന്നു. ഡ്രൈവ് തുടങ്ങി രണ്ടുദിവസം പിന്നിടുമ്പോൾ സാധാരണ ദിവസങ്ങളിൽ നൽകിയതിന്റെ പകുതിപോലും നേട്ടമുണ്ടാക്കാൻ ജില്ലയ്ക്കായില്ല.
ഡ്രൈവിനു മുൻപ് 90 കേന്ദ്രങ്ങളിലായി ദിവസം 2,500-നും 3,000-നും ഇടയിൽ ആളുകൾക്കു കുത്തിവെപ്പ് നൽകുന്നതാണ്. എന്നാൽ, ഡ്രൈവാരംഭിച്ച ആദ്യദിനം 1,943 പേർക്കു മാത്രമാണ് കുത്തിവെപ്പു നൽകിയത്. രണ്ടാംദിനമായ വെള്ളിയാഴ്ച ഇത് ആയിരത്തിൽ താഴെയായി.
വാക്സിനെടുക്കാനായി ആളുകളെ ഒന്നിച്ചെത്തിക്കാൻ താഴേത്തട്ടിലുള്ള സംവിധാനങ്ങൾ പരാജയപ്പെട്ടതാണ് കാരണമെന്നാണു സൂചന. ആരോഗ്യപ്രവർത്തകർ, ജനപ്രതിനിധികൾ, വിദ്യാഭ്യാസവകുപ്പ് അധികൃതർ എന്നിവരാണ് വാക്സിനെടുക്കേണ്ടവരെ ആശുപത്രികളിലെത്തിക്കാൻ പ്രവർത്തിക്കേണ്ടത്. എന്നാൽ, പലയിടത്തും അതു കാര്യക്ഷമമല്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
കോവിഡിനെ പലർക്കും പേടിയില്ലാത്ത അവസ്ഥയാണെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു. ബൂസ്റ്റർ ഡോസ് എടുക്കണമെന്ന് നിരന്തരം വീടുകൾ കയറിയിറങ്ങിപ്പറയുന്നുണ്ട്. തീയതിയും നൽകുന്നുണ്ട്. പക്ഷേ, പലരും വരാൻ മടിക്കുകയാണെന്നും അവർ പറയുന്നു. സൗജന്യമായി ലഭിച്ചിട്ടും വാക്സിൻനെടുക്കാത്തവരാണ് ഏറെയും. ആരോഗ്യപ്രവർത്തകർക്കും മുന്നണിപ്പോരാളികൾക്കും പുറമെ 60 കഴിഞ്ഞവർക്കും ബൂസ്റ്റർ ഡോസ് സർക്കാർ ആശുപത്രികളിൽ സൗജന്യമാണ്. എന്നിട്ടും ആരുമതു പ്രയോജനപ്പെടുത്തുന്നില്ലെന്നാണ് ആരോഗ്യപ്രവർത്തകരുടെ പരിഭവം. 60-ൽ താഴെയുള്ളവർക്കു പണം നൽകിയാൽ സ്വകാര്യാശുപത്രികളിൽനിന്ന് ബൂസ്റ്റർ ഡോസ് ലഭിക്കും.