ടി.ആര്‍.പി തട്ടിപ്പ് കേസില്‍ റിപ്പബ്ലിക് ടി.വി സി.ഇ.ഒ വികാസ് ഖന്‍ചന്ദാനിയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാവിലെ വീട്ടിലെത്തിയാണ് അറസ്റ്റ് ചെയ്തത്. കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാന്‍ ഒരു ദിവസം ശേഷിക്കെയാണ് അറസ്റ്റ്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 13 ആയി.
റിപ്പബ്ലിക് ടിവി, ബോക്സ് സിനിമ,ഫക്ത് മറാത്ത എന്നീ ചാനലുകള്‍ തട്ടിപ്പിലൂടെ റേറ്റിംഗ് പെരുപ്പിച്ച് കാണിച്ചെന്നായിരുന്നു മുംബൈ പൊലീസിന്‍റെ കണ്ടെത്തല്‍. ഒക്ടോബര്‍ ആറിനാണ് ഇതുസംബന്ധിച്ച് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ബാരോമീറ്റര്‍ സ്ഥാപിച്ച് റേറ്റിങ് നടത്തുന്ന ഹാന്‍സ് റിസര്‍ച് ഗ്രൂപ് നല്കിയ പരാതിയില്‍ അന്വേഷണം നടത്തിയ പൊലീസ് റിപ്പബ്ലിക് ടി.വി അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് ഘനശ്യാം സിങ് അടക്കം 12 പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.