അബുജ: നൈജീരിയയിലെ മെയ്ദ്ഗുരിയിലുണ്ടായ ഭീകരാക്രമണത്തില്‍ 40 കര്‍ഷകത്തൊഴിലാളികള്‍ കൊല്ലപ്പെട്ടു. നെല്‍പാടങ്ങളില്‍ ജോലിയെടുത്തിരുന്നവര്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. ഭീകരരുടെ സംഘം തൊഴിലാളികളെ കഴുത്തറുത്തു കൊല്ലുകയായിരുന്നു. ആറ് തൊഴിലാളികളെ തട്ടിക്കൊണ്ടുപോയി. രണ്ടു ദിവസം മുമ്ബ് ബൊക്കോ ഹറാം ഭീകരനെ കര്‍ഷകത്തൊഴിലാളികള്‍ ചേര്‍ന്നു പിടികൂടി പോലീസിനു കൈമാറിയിരുന്നു. ഇതാണു ആക്രമണത്തിനു കാരണമെന്നാണു സൂചന.
നെല്‍പ്പാടങ്ങള്‍ക്ക് പ്രസിദ്ധമായ നൈജീരിയയുടെ തെക്കന്‍ സ്‌റ്റേറ്റായ ബോര്‍ണോയിലാണ് സംഭവം. ശനിയാഴ്ച ഗാരിന്‍ക്വാഷേബേയില്‍ 13 വര്‍ഷത്തിനിടയില്‍ ആദ്യമായി പ്രാദേശിക കൗണ്‍സിലുളിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നിരുന്നു.പലരും തങ്ങളുടെ സമ്മതിദാനം വിനിയോഗിക്കാന്‍ തയ്യാറായില്ല. കര്‍ഷകരെ വളഞ്ഞു നിന്നായിരുന്നു തീവ്രവാദികള്‍ വധിച്ചത്. നെല്‍പ്പാടങ്ങളും കര്‍ഷകരും ഏറെയുള്ള സബര്‍മാരി സമുദായത്തിന് മേല്‍ക്കോയ്മയുള്ള സ്ഥലമാണ് ഗാരിന്‍ ക്വാഷേബേ. സംഭവത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടതായിട്ടാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നതെങ്കിലും 60 പേര്‍ വരെ കൊല്ലപ്പെട്ടിരിക്കാമെന്നാണ് നാട്ടുകാര്‍ പറയുനന്ത്.
ഞായറാഴ്ച 44 പേരുടെ സംസ്‌ക്കാരം നടത്തിയതായിട്ടാണ് ജെറി ഫെഡറല്‍ മണ്ഡലത്തിലെ ജനപ്രതിനിധി അഹമ്മദ് സത്തോമി പറഞ്ഞത്. കര്‍ഷകരെയും മത്സ്യബന്ധന തൊഴിലാളികളെയും യാതൊരു വികാരവും കൂടാതെ കൊന്നു തള്ളുകയായിരുന്നു എന്ന് ഇദ്ദേഹം പറഞ്ഞു. പടിഞ്ഞാറന്‍ ആഫ്രിക്കന്‍ പ്രവിശ്യകളില്‍ ശക്തമായ സ്വാധീനമുള്ള ബോക്കോഹറാം തീവ്രവാദികള്‍ ഒരു ദശകമായി കൊള്ളയും കൊലപാതകവും കൊണ്ട് ഇവിടം അടക്കിവാഴുകയാണ്. ജനങ്ങളില്‍ നിന്നും അനധികൃതമായി നികുതിപ്പിരിവ് നടത്തുകയും അവരുടെ വിളകളും കൃഷിയുമായി ബന്ധപ്പെട്ട സമ്ബാദ്യങ്ങളും പിടിച്ചെടുക്കുകയും ചെയ്യാറുണ്ട്. ഇത്തരം കൊള്ളയടികളില്‍ പൊറുതിമുട്ടി ഗ്രാമീണര്‍ ഇപ്പോള്‍ കൂട്ടം ചേര്‍ന്ന് തിരിച്ചടിക്കാനും തുടങ്ങിയിട്ടുണ്ട്.
വെള്ളിയാഴ്ച ഒരു ബോകോഹറാം തീവ്രവാദിയെ ഗരിന്‍ ക്വാഷേബേയിലെ ഗ്രാമീണര്‍ ചേര്‍ന്ന് നിരായുധനാക്കകുകയും ഉപദ്രവിച്ച് അവശനാക്കി പിടികൂടി പോലീസിന് കൊടുക്കുകയും ചെയ്തിരുന്നു. ഇയാള്‍ ഗ്രാമീണരുടെ പണം തട്ടിയെടുക്കുകയും തനിക്ക് ഭക്ഷണം ഉണ്ടാക്കിത്തരാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഭക്ഷണം പാകം ചെയ്യുന്ന സമയത്ത് തോക്ക് താഴെ വെച്ച് ഇയാള്‍ ബാത്ത്‌റൂമില്‍ കയറിയപ്പോള്‍ ഗ്രാമീണര്‍ തോക്ക് തട്ടിയെടുത്ത് ഇയാളെ കെട്ടിയിട്ടു. പിന്നീട് സുരക്ഷാ വിഭാഗത്തിന് കൈമാറി. ഇതിന് പകരമായി ബോക്കോ ഹറാം തീവ്രവാദികള്‍ കൂട്ടത്തോടെ എത്തി കര്‍ഷകരെ പിടികൂടി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. വിളഞ്ഞു നില്‍ക്കുകയായിരുന്ന നെല്‍പ്പാടത്തിന് തീയുമിട്ട ശേഷമാണ് തീവ്രവാദികള്‍ മടങ്ങിയത്.