ന്യൂഡല്‍ഹി: ഓക്‌സ്ഫഡ് സര്‍വകലാശാലയും പ്രമുഖ മരുന്ന് നിര്‍മ്മാണ കമ്ബനിയായ ആസ്ട്രാസെനേക്കയും ചേര്‍ന്ന് വികസിപ്പിക്കുന്ന കോവിഡ് വാക്‌സിന്‍ ഇന്ത്യയില്‍ ഡിസംബറില്‍ ഉപയോഗത്തിന് സജ്ജമായേക്കുമെന്ന് സെറം ഇന്‍സ്റ്റിറ്റിയൂട്ട് മേധാവി അദര്‍ പൂനാവാല. വാക്‌സിന്റെ അംഗീകാരത്തിന് സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടാല്‍ ഇത് ഡിസംബറില്‍ തന്നെ ഉപയോഗത്തിന് സജ്ജമാകും. അല്ലാത്തപക്ഷം ജനുവരിയിലേക്ക് നീളുമെന്നും അദ്ദേഹം പറഞ്ഞു.
ഓക്‌സ്ഫഡ് സര്‍വകലാശാലയും പ്രമുഖ മരുന്ന് നിര്‍മ്മാണ കമ്ബനിയായ ആസ്ട്രാസെനേക്കയും ചേര്‍ന്ന് വികസിപ്പിക്കുന്ന കോവിഡ് വാക്‌സിന്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ കരാറെടുത്തിരിക്കുന്നത് പൂനെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സെറം ഇന്‍സ്റ്റിറ്റിയൂട്ടാണ്.അടുത്തവര്‍ഷം രണ്ടാമത്തെയോ മൂന്നാമത്തെയോ പാദത്തില്‍ രാജ്യത്ത് വ്യാപകമായി വാക്‌സിന്‍ വിതരണം ചെയ്യാനാണ് കമ്ബനി ലക്ഷ്യമിടുന്നത്. ഇതിനായി ആദ്യഘട്ടമെന്ന നിലയില്‍ 10 കോടി ഡോസ് തയ്യാറാക്കാനാണ് കമ്ബനി പദ്ധതിയിട്ടിരിക്കുന്നതെന്നും അദര്‍ പൂനവാല പറയുന്നു.
വാക്‌സിന് അടിയന്തരമായി ലൈസന്‍സ് ലഭിക്കാത്ത സാഹചര്യം വരുകയോ, വാക്‌സിന്‍ പരീക്ഷണം നീളുകയോ ചെയ്താല്‍ കോവിഡ് വാക്‌സിന്‍ ഉപയോഗത്തിന് സജ്ജമാകാന്‍ ജനുവരി വരെ കാത്തിരിക്കേണ്ടി വരാം. ബ്രിട്ടണിലുളള വാക്‌സിന്‍ പരീക്ഷണവും ഇതോടൊപ്പം പൂര്‍ത്തിയാവേണ്ടതുണ്ടെന്നും അദര്‍ പൂനവാല പറഞ്ഞു.
വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണമാണ് നടന്ന് വരുന്നത്. ഇത് വിജയകരമായി പൂര്‍ത്തിയാവുന്ന ഘട്ടത്തില്‍ തന്നെ അടിയന്തരമായി അംഗീകാരം നല്‍കാനുളള നീക്കങ്ങളാണ് സര്‍ക്കാര്‍ തലത്തില്‍ നടക്കുന്നത്. ഈ വര്‍ഷത്തിന്റെ അവസാനഘട്ടത്തിലെ രാജ്യത്തെ കോവിഡ് സ്ഥിതിഗതികളും ഇതിനെ സ്വാധീനിക്കുമെന്നാണ് വിലയിരുത്തല്‍. കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കുന്ന മുന്‍ഗണനാക്രമം അനുസരിച്ചാണ് വാക്‌സിന്‍ ആദ്യം നല്‍കുക.