ആണവ പരിശോധനയ്ക്ക് അനുമതി നൽകിയിട്ടില്ല; യുഎസ് അവകാശവാദം തള്ളി ഇറാൻ

0
2

ആണവ പരിശോധന നടത്താൻ ഇറാൻ അനുമതി നൽകിയെന്ന അമേരിക്കയുടെ വാദത്തെ തള്ളി ഇറാൻ വിദേശകാര്യമന്ത്രാലയം. ജെനീവയിലെ ചർച്ചകളിൽ ആണവശേഷി വിഷയം വന്നിട്ടില്ലെന്നും ഒരു വാഗ്ദാനവും ഇറാൻ നൽകിയിട്ടില്ലെന്നും വിദേശകാര്യമന്ത്രാലയ വക്താവ് വ്യക്തമാക്കി. വിഷയത്തിൽ അന്താരാഷ്ട്ര ആറ്റോമിക് എനർജിയുമായുള്ള ചർച്ചകൾ ഇന്ന് നടക്കുമെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് പ്രതികരിച്ചിരുന്നു. ജെനീവയിലെ ചർച്ചകൾക്ക് പിന്നാലെയായിരുന്നു വാൻസിന്റെ പ്രതികരണം.

ഇറാനിയൻ ഓയിൽ യുഎസ് ഡോളറിൽ വിൽക്കാനും യുഎസ് അനുമതി നൽകിയിരുന്നു.അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുമായുള്ള (ഐ.എ.ഇ.എ) രാജ്യത്തിന്റെ ഇടപെടൽ നിലവിലുള്ള സുരക്ഷാ ബാധ്യതകൾക്കും ആഭ്യന്തര നിയമ ചട്ടക്കൂടുകൾക്കും വിധേയമായി കർശനമായി തുടരുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മയിൽ ബഖായ് പ്രസ്താവിച്ചു.

ഐക്യരാഷ്ട്രസഭയുടെ ആണവ നിരീക്ഷണ ഏജൻസിയുമായുള്ള ഇടപെടൽ ടെഹ്‌റാനും ഐഎഇഎയും തമ്മിലുള്ള “സേഫ്ഗാർഡ്‌സ് കരാറുകളെ” അടിസ്ഥാനമാക്കിയുള്ളതായിരിക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചു.വാഷിംഗ്ടണും ടെഹ്‌റാനും തമ്മിലുള്ള ചർച്ചകളിൽ കൈവരിച്ച പുരോഗതിയുടെ ഭാഗമായി ആണവ പരിശോധകരെ രാജ്യത്തേക്ക് പ്രവേശിക്കാൻ ഇറാൻ അനുവദിച്ചതായി ചർച്ചകൾക്ക് ശേഷം വാൻസ് അവകാശപ്പെട്ടിരുന്നു.

ഇതിന് പിന്നാലെയാണ് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് യുഎസ് വാദങ്ങളെ തള്ളി പ്രതികരിച്ചത്. ഇറാന്റെ ആണവ പദ്ധതി, യുറേനിയം സമ്പുഷ്ടീകരണ പ്രവർത്തനങ്ങൾ, പ്രാദേശിക സുരക്ഷാ ആശങ്കകൾ എന്നിവയുൾപ്പെടെ ഇരു രാജ്യങ്ങൾക്കുമിടയിൽ ദീർഘകാലമായി നിലനിൽക്കുന്ന സംഘർഷങ്ങൾ പരിഹരിക്കുക എന്നതാണ് സ്വിറ്റ്സർലൻഡിലെ നയതന്ത്ര ചർച്ചകളുടെ ലക്ഷ്യം.

LEAVE A REPLY

Please enter your comment!
Please enter your name here