ചോദ്യം ചെയ്യലിനായി വീണ കൊച്ചിയിലെ ഇഡി ഓഫിസിൽ ഹാജരായി,

0
2

എറണാകുളം: മാസപ്പടി കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ വീണ ടി കൊച്ചിയിലെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) ഓഫിസിൽ ചോദ്യം ചെയ്യലിനായി ഹാജരായി. ഭർത്താവും മുൻ മന്ത്രിയുമായ പി എ മുഹമ്മദ് റിയാസിനൊപ്പം രാവിലെ പത്തരയോടെയാണ് വീണ എത്തിയത്. ഇഡി ഓഫിസിനു മുന്നിൽ പൊലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

ഇത് രണ്ടാമത്തെ തവണയാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി വീണയ്ക്ക് നോട്ടിസ് നൽകുന്നത്. ഒരാഴ്ച മുൻപ് നൽകിയ ആദ്യ സമൻസിൽ ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി രണ്ടാഴ്ചത്തെ സാവകാശം വീണ തേടിയിരുന്നു. എന്നാൽ അഞ്ച് ദിവസത്തെ സമയം മാത്രം അനുവദിച്ച അന്വേഷണസംഘം ബുധനാഴ്ച തന്നെ നേരിട്ട് ഹാജരാകാൻ കർശന നിർദേശം നൽകുകയായിരുന്നു. എക്സാലോജിക്കും സിഎംആർഎല്ലും തമ്മിലുണ്ടാക്കിയ കരാർ ഉൾപ്പെടെയുള്ള രേഖകൾ നേരത്തെ തന്നെ അഭിഭാഷകൻ മുഖേന ഇഡിക്ക് കൈമാറിയിരുന്നു. എങ്കിലും നേരിട്ട് ഹാജരാകണമെന്ന നിലപാടിൽ അന്വേഷണസംഘം ഉറച്ചുനിൽക്കുകയായിരുന്നു.

വീണയ്ക്ക് ഓഫിസിലേക്ക് കടക്കാൻ പാകത്തിൽ പൊലീസ് പ്രത്യേക സുരക്ഷാ പാത സജ്ജമാക്കിയിരുന്നു. മുൻകാലങ്ങളിൽ ഇഡി പരിശോധനകൾ നടക്കുമ്പോൾ കണ്ടിരുന്നതുപോലെ സിപിഎം പ്രവർത്തകരോ നേതാക്കളോ നിലവിൽ ഇഡി ഓഫിസിന് പരിസരത്ത് എത്തിയിട്ടില്ല. തിരുവനന്തപുരം, കണ്ണൂർ തുടങ്ങിയ സ്ഥലങ്ങളിൽ പാർട്ടി പ്രവർത്തകർ കൂട്ടമായി എത്തുന്നതിൽ നിന്ന് വ്യത്യസ്തമായ സാഹചര്യമാണ് കൊച്ചിയിലുള്ളത്.

സേവനങ്ങളിൽ വ്യക്തത തേടി ഇഡി
പ്രധാനമായും രണ്ട് കാര്യങ്ങളിലാണ് ഇഡി വീണയിൽ നിന്ന് വ്യക്തത തേടുന്നത്. സിഎംആർഎല്ലിന് എന്ത് ഐടി സേവനമാണ് എക്സാലോജിക് നൽകിയത് എന്നതാണ് ഇതിൽ പ്രധാനം. പ്രതിമാസം അഞ്ച് ലക്ഷം രൂപ വീതം ആകെ 2.78 കോടി രൂപയാണ് സേവനങ്ങളുടെ പേരിൽ കൈപ്പറ്റിയത്. എന്നാൽ രേഖകളിൽ വ്യക്തമായ സേവനങ്ങൾ നൽകിയതായി കാണിക്കാൻ കഴിഞ്ഞിട്ടില്ലെന്ന എസ്എഫ്ഐഒയുടെ കണ്ടെത്തലും നിലവിലുണ്ട്. 2016-17 കാലയളവിലാണ് വീണയുടെ ഐടി കമ്പനിയായ എക്സാലോജിക്കും സിഎംആർഎല്ലും തമ്മിലുള്ള ഇടപാടുകൾ ആരംഭിക്കുന്നത്. 2016ൽ ആദ്യ കരാറിലും 2017ൽ മറ്റൊരു കരാറിലും ഇരു കമ്പനികളും ഒപ്പുവച്ചു.

2017 മുതൽ 2021 വരെയുള്ള കാലയളവിലാണ് സിഎംആർഎല്ലും എക്സാലോജിക്കും തമ്മിൽ പ്രധാന കരാറിലേർപ്പെട്ടത്. എക്സാലോജിക്കുമായി മൂന്ന് ലക്ഷം രൂപയുടെയും വീണയുമായി വ്യക്തിപരമായി അഞ്ച് ലക്ഷം രൂപയുടെയും കരാറാണ് ഉണ്ടാക്കിയിരുന്നത്. പ്രതിവർഷം 96 ലക്ഷം രൂപയുടെ ഈ കരാറുകൾ പ്രകാരം ഐടി സേവനങ്ങൾ നൽകിയതിൻ്റെ പേരിലാണ് പണം കൈമാറിയതെന്നാണ് സിഎംആർഎൽ ആദ്യം വിശദീകരിച്ചിരുന്നത്. ഈ വാദങ്ങളിലെല്ലാം വ്യക്തത വരുത്താനാണ് ഇഡി ലക്ഷ്യമിടുന്നത്.

ഇതിനുപുറമെ വീണയ്ക്ക് 50 ലക്ഷത്തോളം രൂപയുടെ മറ്റൊരു ഉപകരാർ ലഭിച്ചതുമായി ബന്ധപ്പെട്ട സാഹചര്യങ്ങളും പണമിടപാടുകളുടെ തുടരന്വേഷണവും ഇഡി ലക്ഷ്യമിടുന്നുണ്ട്. ഈ തുക ഉപയോഗിച്ച് ഏതെങ്കിലും തരത്തിലുള്ള സ്വത്തുക്കൾ സമ്പാദിച്ചിട്ടുണ്ടെങ്കിൽ അത് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിൻ്റെ പരിധിയിൽ വരികയും പ്രസ്തുത സ്വത്തുക്കൾ കണ്ടുകെട്ടുന്നതടക്കമുള്ള നടപടികളിലേക്ക് ഇഡി കടക്കുകയും ചെയ്യും. ഇതിന് മുന്നോടിയായാണ് ഇപ്പോഴത്തെ ചോദ്യം ചെയ്യൽ.

കഴിഞ്ഞ ദിവസങ്ങളിൽ സിഎംആർഎൽ ഉന്നത ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യൽ ഇഡി പൂർത്തിയാക്കിയിരുന്നു. തിങ്കളാഴ്ച ശശിധരൻ കർത്തായുടെ മകൾ ഷിബി കർത്തായെയും ചൊവ്വാഴ്ച ഭാര്യ ജയ കർത്താ, മകൻ ശരൺ കർത്താ എന്നിവരെയും ചോദ്യം ചെയ്തിരുന്നു. ഇവർ നൽകിയ മൊഴികളും വീണയുടെ മറുപടികളും അന്വേഷണ സംഘം ഒത്തുനോക്കും.

1.72 കോടി രൂപയുടെ കള്ളപ്പണ ഇടപാട് സിഎംആർഎൽ നടത്തിയെന്നും ഇതിൽ നിന്നുള്ള പണമാണ് വീണ ഉൾപ്പെടെയുള്ളവർക്ക് ലഭിച്ചതെന്നും നേരത്തെ ആദായനികുതി വകുപ്പിൻ്റെ ഇൻ്ററിം സെറ്റിൽമെൻ്റ് ബോർഡ് കണ്ടെത്തിയിരുന്നു. സിഎംആർഎൽ എംഡി ശശിധരൻ കർത്തായുടെ കുടുംബത്തിന് ഓഹരിയുള്ള എംപവർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിൽ നിന്ന് വീണ വായ്പ എടുക്കുകയും പിന്നീട് തിരിച്ചടയ്ക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട രേഖകളും ഇഡി പരിശോധിക്കും.

നിയമപോരാട്ടങ്ങളും അന്വേഷണവും
കമ്പനി നിയമപ്രകാരം എസ്എഫ്ഐഒ നടത്തുന്ന അന്വേഷണത്തിൻ്റെ ഭാഗമായി ഈ മാസം 11ന് വീണയെ ചെന്നൈയിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. ഇതിനുപുറമെയാണ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇഡി ഇപ്പോൾ അന്വേഷണം ഊർജിതമാക്കിയിരിക്കുന്നത്. കേസിൽ അന്വേഷണം നടത്തുന്ന സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസിൻ്റെ പക്കലുള്ള മുഴുവൻ രേഖകളും ഇഡിക്ക് കൈമാറാൻ കോടതി ഉത്തരവിട്ടിരുന്നു. ഇതനുസരിച്ച് 134 രേഖകൾ ഇഡിക്ക് ലഭിച്ചിട്ടുണ്ട്.

ഇഡി അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് സിഎംആർഎൽ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും ഹർജി തള്ളിയിരുന്നു. അന്വേഷണം അനിവാര്യമാണെന്നും പ്രഥമദൃഷ്ട്യാ അതിൽ കഴമ്പുണ്ടെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം.

മാസപ്പടി കേസിൽ ഇഡി അന്വേഷണം തുടരാമെന്ന് മൂന്ന് ആഴ്ച മുൻപ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഡിവിഷൻ ബെഞ്ചും ഈ നടപടി ശരിവച്ചു. ഇതിന് പിന്നാലെയാണ് കൊച്ചിയിലെ ഇഡി യൂണിറ്റ് വിശദമായ പരിശോധന ആരംഭിച്ചത്. മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ വിജിലൻസ് കോടതി മുതൽ സുപ്രീം കോടതി വരെ പോയെങ്കിലും തിരിച്ചടികൾ നേരിട്ടിരുന്നു.

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ തിരുവനന്തപുരത്തെ വീട്, വീണയുടെ വീട് ഉൾപ്പെടെ 12 ഇടങ്ങളിൽ അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു. അന്ന് വീണയെ പ്രാഥമികമായി ചോദ്യം ചെയ്യുകയും ചെയ്തു. നിലവിൽ വീണയുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച അവസ്ഥയിലാണ്. മാസങ്ങളായി തുടരുന്ന അന്വേഷണത്തിൽ ഇന്ന് ലഭിക്കുന്ന വിവരങ്ങൾ നിർണായകമാകും. ചോദ്യം ചെയ്യലിന് ശേഷം മാത്രമേ തുടർനടപടികൾ സംബന്ധിച്ച് ഇഡി തീരുമാനമെടുക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here