ഐഎസ്എല്ലിൽ നിന്ന് പിന്മാറാൻ പ്രമുഖ ക്ലബ്ബുകളുടെ നീക്കം!

0
15

കൊച്ചി: ഇന്ത്യൻ ഫുട്ബോളിനെ പിടിച്ചുകുലുക്കി പ്രമുഖ ഐഎസ്എൽ ക്ലബ്ബുകൾ സംയുക്ത പ്രസ്‌താവന പുറത്തിറക്കി. നിലവിലെ അനിശ്ചിതാവസ്ഥ തുടർന്നാൽ ലീഗിലുള്ള പങ്കാളിത്തം കുറയ്ക്കുന്ന കാര്യം ആലോചിക്കേണ്ടി വരുമെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ഉൾപ്പെടെയുള്ള അഞ്ച് മുൻനിര ക്ലബ്ബുകൾ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന് കടുത്ത മുന്നറിയിപ്പ് നൽകി.

എഐഎഫ്എഫിന്‍റെ നിർണായക ജനറൽ ബോഡി യോഗത്തിന് തൊട്ടുമുമ്പാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകരെ ആശങ്കയിലാഴ്ത്തുന്ന ഈ നീക്കം ഉണ്ടായിരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്‌സ്, മുംബൈ സിറ്റി എഫ്‌സി, ബെംഗളൂരു എഫ്‌സി, ഇന്‍റര്‍ കാശി, സ്പോർട്ടിങ് ക്ലബ് ഡെൽഹി എന്നീ ക്ലബ്ബുകളാണ് തങ്ങളുടെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ഈ സംയുക്ത പ്രസ്‌താവന പങ്കുവെച്ചത്.

തുടരാനാകാത്ത സാമ്പത്തിക പ്രതിസന്ധി

ഇന്ത്യൻ ഫുട്ബോളിന്‍റെ വളർച്ചയ്ക്കായി വലിയ രീതിയിൽ പണം നിക്ഷേപിക്കുന്നുണ്ടെങ്കിലും കൃത്യമായൊരു ഘടനയോ സാമ്പത്തിക സുതാര്യതയോ ദീർഘകാല പദ്ധതികളോ ഇല്ലാത്തത് ക്ലബ്ബുകളുടെ മുന്നോട്ടുള്ള പോക്കിനെ ദോഷകരമായി ബാധിക്കുന്നുവെന്ന് പ്രസ്‌താവനയിൽ പറയുന്നു. വൻ തുക മുടക്കി ടീമുകളെ നിലനിർത്തുന്ന തങ്ങൾക്ക് ലീഗിന്‍റെ സാമ്പത്തിക കാര്യങ്ങളിൽ വ്യക്തത വേണമെന്നാണ് ക്ലബ്ബുകളുടെ ആവശ്യം. ഇപ്പോഴത്തെ അനിശ്ചിതാവസ്ഥ തുടരുകയാണെങ്കിൽ ഈ സീസണിനപ്പുറം ലീഗിൽ എത്രത്തോളം സജീവമായി തുടരണമെന്ന കാര്യം പുനഃപരിശോധിക്കാൻ തങ്ങൾ നിർബന്ധിതരാകുമെന്നും മാനേജ്മെന്‍റുകള്‍ വ്യക്തമാക്കുന്നു.

പരിഹാരമായി പുതിയ സാമ്പത്തിക മാതൃക

നിലവിലെ പ്രതിസന്ധി മറികടക്കാൻ ക്ലബ്ബുകൾക്ക് സാമ്പത്തികമായി ലാഭകരവും സുസ്ഥിരവുമായ മറ്റൊരു വാണിജ്യ മാതൃക തങ്ങൾ മുന്നോട്ട് വെച്ചിട്ടുണ്ടെന്ന് പ്രസ്‌താവനയിൽ പറയുന്നു. ഇന്ത്യൻ ഫുട്ബോളിന്‍റെ ഭാവി നിലനിർത്താൻ ഈ ബദൽ നിർദേശം എഐഎഫ്എഫ് ഗൗരവമായി പരിഗണിക്കണം. ലീഗിനായി പണം മുടക്കുന്നവരുടെയും അത് നടത്തുന്നവരുടെയും യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കി എല്ലാ പങ്കാളികളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള സുതാര്യമായ ഒരു ചട്ടക്കൂട് ഉണ്ടാക്കാൻ ഫെഡറേഷൻ തയ്യാറാകണമെന്നും ക്ലബ്ബുകൾ ആവശ്യപ്പെടുന്നു.

ബ്ലാസ്റ്റേഴ്‌സിനെ വലച്ച ഐഎസ്എൽ പ്രതിസന്ധി

എഐഎഫ്എഫും എഫ്എസ്ഡിഎല്ലും തമ്മിലുള്ള മാസ്റ്റർ റൈറ്റ്സ് കരാർ അവസാനിച്ചതാണ് ഇന്ത്യൻ ഫുട്ബോളിനെ മാസങ്ങളോളം അനിശ്ചിതാവസ്ഥയിലാക്കിയത്. ഇതേത്തുടർന്ന് കടുത്ത പ്രതിസന്ധിയിലായ ഐഎസ്എൽ സീസൺ ഈ വർഷം ഫെബ്രുവരിയിലാണ് ആരംഭിക്കാനായത്. ഇത് കാരണം ടൂർണമെന്‍റ് വെറും 13 മത്സരങ്ങൾ മാത്രമുള്ള വളരെ ചുരുങ്ങിയ ഫോർമാറ്റിലേക്ക് മാറ്റേണ്ടി വരികയും ചെയ്‌തു.

ഈ നീണ്ട വൈകൽ കാരണം കളിക്കാരുടെ ശമ്പളം നൽകുന്നതിലും കരാർ പുതുക്കുന്നതിലും ടീമിന്‍റെ ദീർഘകാല പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിലും കേരള ബ്ലാസ്റ്റേഴ്‌സ് അടക്കമുള്ള ക്ലബ്ബുകൾ വലിയ സാമ്പത്തിക-പ്രവർത്തന ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. മേയ് 23 ശനിയാഴ്‌ച നടക്കുന്ന എഐഎഫ്എഫ് പ്രത്യേക യോഗത്തിൽ ഈ വിഷയത്തിൽ ഉണ്ടാകുന്ന തീരുമാനങ്ങളെ ആശ്രയിച്ചിരിക്കും കേരള ബ്ലാസ്റ്റേഴ്‌സിന്‍റേയും ഐഎസ്എല്ലിന്‍റേയും വരും സീസണുകളിലെ ഭാവി.

LEAVE A REPLY

Please enter your comment!
Please enter your name here