പാമ്പുകടിയേറ്റ് എത്തുന്നവർ നിരവധി: ഡോക്‌ടർമാരുടെ ഒഴിവുകൾ നികത്താതെ സർക്കാർ;

0
36

തിരുവനന്തപുരം : പാമ്പുകടിയേറ്റ് എത്തുന്നവരുടെ എണ്ണം വർധിക്കുമ്പോൾ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ മുതൽ മെഡിക്കൽ കോളജുകളില്‍ വരെ ഡോക്‌ടർമാരുടെ ഒഴിവുകൾ നികത്താതെ സർക്കാർ. 700ലധികം തസ്‌തികകളാണ് നിലവിൽ ഒഴിവുള്ളത്. ആന്‍റിവെനം ലഭ്യമാക്കിയതു കൊണ്ടുമാത്രം വേണ്ടത്ര ചികിത്സ ഉറപ്പാക്കാനാവില്ലെന്നും ഒഴിവുകൾ സർക്കാർ നികത്തണമെന്നും ആധുനിക ചികിത്സാ സംവിധാനങ്ങൾ വർധിപ്പിക്കണമെന്നും സർക്കാർ ഡോക്‌ടർമാർ ആവശ്യപ്പെടുന്നുണ്ട്. പാമ്പുകടിയേറ്റ് എത്തുന്നവർക്ക് താലൂക്ക് ആശുപത്രികളിൽ ഫലപ്രദമായ ചികിത്സ ലഭിക്കുന്നില്ലെന്ന പരാതി ഉയർന്നതിനെ തുടർന്നാണ് സർക്കാരിനെ കുറ്റപ്പെടുത്തി ഡോക്‌ടർമാർ രംഗത്തെത്തുന്നത്.

താലൂക്ക് തലത്തിലുള്ള ആശുപത്രികളിൽ വെന്‍റിലേറ്ററും ആധുനിക സൗകര്യങ്ങളോടു കൂടിയ തീവ്രപരിചരണ വിഭാഗവും കൃത്യമായ നിരീക്ഷണ സംവിധാനവും സജ്ജമല്ലെങ്കിൽ ആന്‍റിവെനം നൽകുന്നത് രോഗിയെ അപകടത്തിലാക്കുമെന്നാണ് ആരോഗ്യ വിദഗ്‌ധരുടെ അഭിപ്രായം. മാരകമായ അലർജി റിയാക്ഷനുകൾ മിനിറ്റുകൾക്കുള്ളിൽ ജീവൻ നഷ്‌ടപ്പെടുത്തും. തീവ്രമായ അലർജി പ്രതിപ്രവർത്തനങ്ങൾ ഉണ്ടായാൽ നേരിടാനുള്ള സൗകര്യങ്ങൾ വേണം.

ജീവൻരക്ഷാ ഉപകരണങ്ങളും മുഴുവൻ സമയ ഡോക്‌ടർമാരും വേണം. ശ്വാസതടസം, ഹൃദയസ്‌തംഭനം പോലുള്ള സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ വെന്‍റിലേറ്ററും ഐസിയുവും വേണം. രോഗിയെ കൃത്യമായി നിരീക്ഷിക്കാനുള്ള ഡോക്‌ടർമാർ താലൂക്ക് തലം വരെയുളള ആശുപത്രികളിൽ ഇല്ലെന്നും അതിനാലാണ് മെഡിക്കൽ കോളജുകളിലേക്ക് റഫർ ചെയ്യുന്നതെന്നും സർക്കാർ ഡോക്‌ടർമാർ പറയുന്നു.

ഒഴിവുള്ളത് പത്തു ശതമാനത്തിലധികം തസ്‌തികകൾ

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ നിലവിൽ 6,300ലധികം ഡോക്‌ടർമാരാണ് ജോലി ചെയ്യുന്നത്. പ്രാഥമികാരോഗ്യ കേന്ദ്രം മുതൽ മെഡിക്കൽ കോളജുകൾ വരെ 700ലധികം ഒഴിഞ്ഞു കിടക്കുയാണെന്ന് കേരള ഗവൺമെന്‍റ് മെഡിക്കൽ ഓഫിസേഴ്‌സ് അസോസിയേഷൻ (കെജിഎംഒഎ) സംസ്ഥാന പ്രസിഡന്‍റ് ഡോ പി.കെ സുനിൽ ഇടിവി ഭാരതിനോട് പറഞ്ഞു. ആകെയുള്ള തസ്‌തികകളിൽ പത്തുശതമാനത്തിലധികം ഒഴിവാണുള്ളത്.

സർവീസിൽ കയറുന്നതിൽ 30 ശതമാനം മാത്രമേ തുടരുന്നുള്ളൂ. മറ്റുള്ളവർ പിജി പഠനത്തിനായി വിട്ടുപോകുകയാണ്. ആരോഗ്യ വകുപ്പിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിലുള്ള വീഴ്‌ചയാണ് ഇതിന് പ്രധാന കാരണം. സമയബന്ധിതമായി സ്ഥാനക്കയറ്റങ്ങളും നടക്കുന്നില്ല.

ഭൂരിഭാഗം സർക്കാർ ആശുപത്രികളിലെയും അത്യാഹിത വിഭാഗങ്ങൾ തിരക്കുകൊണ്ട് ശ്വാസംമുട്ടുകയാണ്. ഒരു ഡോക്‌ടർ മാത്രം ഡ്യൂട്ടിയിലുള്ള സാഹചര്യത്തിൽ ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് അർഹമായ ശ്രദ്ധയും സമയവും നൽകാനാകുന്നില്ല. നൂറുകണക്കിന് രോഗികളെ ഒരേസമയം പരിശോധിക്കുന്നതിനിടയിൽ ആന്‍റിവെനം നൽകിയ രോഗിയെ സൂക്ഷ്‌മമായി നിരീക്ഷിക്കാൻ കഴിയാത്ത സ്ഥിതിയാണുള്ളതെന്നും ഡോ പി.കെ സുനിൽ ഇടിവി ഭാരതിനോട് പറഞ്ഞു.

ആവശ്യങ്ങൾ നിരവധി

  • അത്യാഹിതവിഭാഗത്തിൽ ഒരേസമയം ചുരുങ്ങിയത് രണ്ട് ഡോക്‌ടർമാരുടെയെങ്കിലും സേവനം ലഭ്യമാക്കണം
  • പുതിയ തസ്‌തികകൾ സൃഷ്‌ടിക്കുന്നതുവരെ താത്‌കാലിക നിയമനം നടത്തണം
  • പാമ്പുകടിയേറ്റവരെ സദാസമയം നിരീക്ഷിക്കാൻ ഡോക്‌ടർക്കും മറ്റ് ജീവനക്കാർക്കും കഴിയണം
  • പാമ്പുകടിയേറ്റ് എത്തുന്നവരെ നിരീക്ഷിക്കാൻ ജീവനക്കാർക്ക് പ്രത്യേക പരിശീലനം നൽകണം
  • ആന്‍റിവെനം ലഭ്യമായ ആശുപത്രികളിൽ ഐസിയു വെന്‍റിലേറ്റർ സൗകര്യം ഉറപ്പാക്കണം
  • രോഗലക്ഷണങ്ങളുടെ തീവ്രത അനുസരിച്ച് രോഗികളെ തരംതിരിച്ച് ചികിത്സിക്കുന്ന സംവിധാനം നടപ്പിലാക്കണം
  • ആന്‍റിവെനം നൽകുമ്പോൾ അലർജി സാധ്യതയുള്ളതിനാൽ അതിനുള്ള ചികിത്സാ സൗകര്യങ്ങൾ കൂടി ഉറപ്പാക്കണം

LEAVE A REPLY

Please enter your comment!
Please enter your name here