റെജി ലൂക്കോസ് ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരൻ അദ്ദേഹത്തിന് പാർട്ടി അംഗത്വം നൽകി. ദ്രവിച്ച ആശയങ്ങൾ നാടിനെ വൃദ്ധസദനമാക്കുമെന്നും ഉത്തരേന്ത്യയിലെ വികസനം തന്നെ ആകർഷിച്ചെന്നും റെജി ലൂക്കോസ് പറഞ്ഞു.
തിരുവനന്തപുരം: ഇടത് സഹയാത്രികനായിരുന്ന റെജി ലൂക്കോസ് ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരൻ പാർട്ടി അംഗത്വം നൽകി സ്വീകരിച്ചു. ദ്രവിച്ച ആശയങ്ങളുമായി മുന്നോട്ടുപോയാൽ കേരളം വൃദ്ധസദനമാകുമെന്ന് പാർട്ടി പ്രവേശനത്തിന് ശേഷം നടന്ന വാർത്താസമ്മേളനത്തിൽ റെജി ലൂക്കോസ് പറഞ്ഞു. ബിജെപിയുടെ ദേശീയ നേതൃത്വം പകർന്നുനൽകുന്ന വികസനവും ആശയവും തന്നെ കൂടുതലായി ആകർഷിച്ചുവെന്നും ഉത്തരേന്ത്യയിലെ വികസനം ഞെട്ടിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ ഇനി രാഷ്ട്രീയ യുദ്ധത്തിനല്ല അവസരം. ഇവിടുത്തെ പുതുതലമറ നാട് വിടുന്നു. അവരെ പിടിച്ചു നിർത്തണം. പഴയ, ദ്രവിച്ച ആശയങ്ങളുമായി മുന്നോട്ടുപോയാൽ കേരളം വലിയ വൃദ്ധസദനമായി മാറും. ബിജെപിയുടെ ദേശീയ നേതൃത്വം പകർന്നുനൽകുന്ന വികസനവും ആശയവും തന്നെ കൂടുതലായി ആകർഷിക്കുന്നുണ്ട്. ഉത്തരേന്ത്യയിൽ പല സ്ഥലങ്ങളിലും യാത്ര ചെയ്യുമ്പോൾ കാണുന്ന വികസനം ഞെട്ടിച്ചിട്ടുണ്ട്. കേരളത്തിൽ വികസനം ഇല്ല എന്ന് പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ബിജെപി വർഗീയവാദികളാണെന്നാണ് പറഞ്ഞിരുന്നത്. പക്ഷേ, കേരളത്തിൽ തൻ്റെ പാർട്ടി മാസങ്ങളായി വർഗീയ വിഭജനത്തിന് വേണ്ടി നടത്തുന്ന ഇടതുപക്ഷ വ്യതിയാനം വല്ലാതെ ദുഖിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജീവ് ചന്ദ്രശേഖറിൻ്റെ ആശയങ്ങളിൽ ആകൃഷ്ടനായി കേരളത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹമുണ്ട്. അതിനോടൊപ്പം സഞ്ചരിക്കാൻ താനും തീരുമാനിച്ചു. പാർട്ടി അംഗമായ താൻ എല്ലാ ബന്ധങ്ങളും ഉപേക്ഷിച്ചുവെന്നും ബിജെപിക്ക് വേണ്ടിയുള്ള ശബ്ദമായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.







