കേരളത്തിൽ ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ച ആദ്യ നാട്ടുരാജാക്കന്മാരിലൊരാളായിരുന്നു കേരളവർമ്മ പഴശ്ശിരാജാ. ബ്രിട്ടീഷുകാർക്കെതിരെ നടത്തിയ ചെറുത്തു നിൽപ്പുകൾ പരിഗണിച്ച് ഇദ്ദേഹത്തെ വീരകേരള സിംഹം എന്നാണ് ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രങ്ങളിൽ വിശേഷിപ്പിക്കുന്നത്. 1753-ൽ കോട്ടയം രാജവംശത്തിലാണ് കേരളവർമ്മ പഴശ്ശിരാജായുടെ ജനനം. ഇപ്പോൾ കണ്ണൂർ ജില്ലയിൽ കൂത്തുപറമ്പിനടുത്തുള്ള കോട്ടയം എന്ന സ്ഥലത്തായിരുന്നു രാജവംശത്തിന്റെ ആസ്ഥാനം.മലയാളസാഹിത്യത്തിന് കോട്ടയം രാജവംശം തന്നിട്ടുള്ള സംഭാവനകൾ നിസ്തുലമാണ്. പുരളിമലയിൽ കോട്ടകെട്ടി താമസിച്ചതിനാൽ പുരളീശ്വരൻമാർ എന്നും ഈ രാജവംശം അറിയപ്പെട്ടിരിന്നു.
ബാലനായിരിക്കെ തന്നെ സ്വന്തം രാജ്യത്തെ സംരക്ഷിക്കാൻ പരദേവതയായ മുഴക്കുന്നിൽ ശ്രീ മൃദംഗശൈലേശ്വരി ഭഗവതിയെ സാക്ഷിയാക്കി ദൃഢപ്രതിജ്ഞ ചെയ്ത പഴശ്ശിരാജാ തന്റെ വാക്ക് അവസാന ശ്വാസംവരെ കാത്തു സൂക്ഷിച്ചുവെന്നാണ് പഴങ്കഥകളിൽ പറയപ്പെടുന്നത്.1805 നവംബർ 30ന് മാവിലത്തോട്ടിൻ തീരത്ത് വച്ച് മരിച്ചു. പഴശ്ശി ആത്മഹത്യ ചെയ്തെന്നും ബ്രിട്ടീഷ്കാരുടെ വെടിയേറ്റ് മരിച്ചു എന്നും രണ്ട് വാദം ഉണ്ട് . പഴശ്ശിയുടെ തലക്ക് കമ്പനി 3000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു
മലഞ്ചരക്കുകൾക്കും സുഗന്ധവ്യഞ്ജനങ്ങൾക്കും വയനാടൻ മലനിരകൾ പ്രശസ്തമായിരുന്നതിനാൽ 17-ആം നൂറ്റാണ്ടിൽ തന്നെ യൂറോപ്യൻ കച്ചവടക്കാർ ഇവിടുത്തെ വാണിജ്യാധിപത്യത്തിനായി മത്സരിച്ചിരുന്നു. തമ്മിൽ കലഹിച്ചുകൊണ്ടിരുന്ന ചെറുനാടുവാഴികൾ വിദേശ അധിനിവേശം സ്വയം ക്ഷണിച്ചുവരുത്തുകയായിരുന്നു. 1766-ൽ കോട്ടയം രാജ്യത്തിന്റെ ഭരണം പിടിച്ചെടുത്ത മൈസൂറിനെതിരെ നാട്ടുരാജാക്കന്മാരും ദേശവാസികളും നടത്തിയ സമരത്തിനു സ്വയം പിന്തുണ പ്രഖ്യാപിച്ച് തലശ്ശേരി ആസ്ഥാനമാക്കി കച്ചവടം നടത്തിയ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയും രംഗത്തെത്തി. അന്ന് കേവലം പതിമൂന്ന് വയസ്സുമാത്രമായിരുന്നു കേരളവർമ്മയുടെ പ്രായം. പിന്നീട് ഈസ്റ്റ് ഇന്ത്യ കമ്പനി സ്വന്തം താത്പര്യം മാത്രം നോക്കി മൈസൂറുമായും നാട്ടുരാജ്യങ്ങളുമായും മാറി മാറി കരാറുണ്ടാക്കി. ഹൈദരാലി മലബാർ ആക്രമിച്ചപ്പോൾ എതിർത്തത് പഴശ്ശിരാജയായിരുന്നു. രണ്ടാം ആംഗ്ലോ-മൈസൂർ യുദ്ധത്തിൽ (1780-84) ഇദ്ദേഹം ഈസ്റ്റിന്ത്യാ കമ്പനിയെ സഹായിച്ചിരുന്നു. 1784-ൽ മംഗലാപുരത്ത് വച്ച് കമ്പനി മലബാറിലെ കപ്പം പിരിക്കാനുള്ള അവകാശം മൈസൂറിനു നൽകി. കപ്പം കൊടുക്കാൻ നിവൃത്തിയില്ലായിരുന്ന സാധാരണ ജനങ്ങൾ പഴശ്ശിയുടെ നേതൃത്വത്തിൽ സംഘടിച്ചു.
1804-ൽ തലശ്ശേരിയിലെ സബ്‌കലക്ടറായെത്തിയ തോമസ് ഹാർവെ ബാബർ പുതിയ യുദ്ധതന്ത്രങ്ങളുമായി പഴശ്ശിയോടേറ്റുമുട്ടി. മാതൃഭൂമിയെ സംരക്ഷിക്കാൻ ദൃഢപ്രതിജ്ഞയെടുത്ത പഴ്ശ്ശി അന്ത്യശ്വാസം വരെ പൊരുതാൻ ജനങ്ങളേയും സൈന്യത്തേയും ആഹ്വാനം ചെയ്യുകയായിരുന്നു. 1805 നവംബർ 29 രാത്രി ഒറ്റുകാരിൽനിന്നും ലഭിച്ച വിവരം അനുസരിച്ചെത്തിയ കമ്പനിസൈന്യം പുൽപ്പള്ളി കാട്ടിൽ വിശ്രമിക്കുകയായിരുന്ന പഴശ്ശിയേയും സേനാനായകരേയും ആക്രമിച്ചു. നവംബർ 30 പ്രഭാതത്തിൽ ബ്രിട്ടീഷ് സൈന്യത്തിന്റെ വെടിയേറ്റ പഴശ്ശീ ‘എന്നെ തൊട്ടശുദ്ധമാക്കരുതെ’ന്ന് ബ്രിട്ടീഷ് സൈന്യത്തോട് പറഞ്ഞുകൊണ്ട് നിലംപതിച്ചു. ചതിയിലൂടെ കെണിപ്പെടുത്തിയ പഴശ്ശിരാജയുടെ ശരീരം ബ്രിട്ടീഷുകാർ മാനന്തവാടിയിൽ രാജകീയബഹുമതികളോടെ സംസ്കരിച്ചു.
പഴശ്ശിരാജാവിന്റെ ജീവിതം മലയാളസാഹിത്യത്തിൻ വളരേയധികം പ്രചോദനമേകി. കേരളസിംഹം എന്ന പേരിൽ ഒരു നോവൽ രചിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോൾ പ്രമുഖ കവിയും പണ്ഡിതനുമായ കൈതക്കൽ ജാതവേദൻ പഴശ്ശിരാജാവിന്റെ ചരിതം വീരകേരളം മഹാകാവ്യം എഴുതിയിരിക്കുന്നു.









