ഖദറിൽ നിന്ന് കളറാവാൻ കോൺഗ്രസ്; മേയർ പോരാട്ടത്തിന് വി എം വിനു,

0
32

കോഴിക്കോട് കോർപ്പറേഷൻ ഭരണം തിരിച്ചുപിടിക്കാൻ കോൺഗ്രസ് സംവിധായകൻ വി.എം. വിനുവിനെ മേയർ സ്ഥാനാർഥിയായി മത്സരിപ്പിക്കാൻ നീക്കം. മത്സരിക്കുന്നതിൽ എതിർപ്പില്ലെന്ന് വിനു അറിയിച്ചു.

കോഴിക്കോട്: കോഴിക്കോട് കോർപറേഷൻ ഭരണം നഷ്ടമായിട്ട് അരനൂറ്റാണ്ടിലേക്ക് കടക്കുന്ന സാഹചര്യത്തിൽ പുതിയ അടവുകളുമായി കോൺഗ്രസ്. സംവിധായകൻ വിഎം വിനുവിനെ മേയർ സ്ഥാനാർഥിയായി മത്സരിപ്പിക്കാനാണ് കോൺഗ്രസ് നീക്കം. ഉറച്ച സീറ്റിൽ നിർത്തി കോർപറേഷൻ പോരാട്ടത്തിലേക്ക് അയക്കാനാണ് നിലവിൽ പാർട്ടി പദ്ധതിയിടുന്നത്.

വിനുവിൻ്റെ നാടായ പാറേപ്പടിയിലോ ചേവായൂരിലോ അല്ലെങ്കിൽ കല്ലായിലോ അദ്ദേഹത്തെ മത്സരിപ്പിക്കാനാണ് പദ്ധതി. കോൺഗ്രസ് പാരമ്പര്യമുള്ള വിഎം വിനു നേതാക്കളുടെ ആവശ്യത്തോട് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. “രമേശ് ചെന്നിത്തല അടക്കമുള്ള മുതിർന്ന നേതാക്കൾ സംസാരിച്ചിരുന്നു. എംകെ രാഘവൻ എംപി, ഡിസിസി പ്രസിഡൻ്റ് പ്രവീൺകുമാർ തുടങ്ങിയ നേതാക്കൾ നേരിൽ വന്നു കാണുകയും ചെയ്തു. കോൺഗ്രസുകാരനായ തനിക്ക് മത്സരിക്കുന്നതിൽ എതിർപ്പൊന്നുമില്ല, അതുകൊണ്ടുതന്നെ പ്രത്യേകിച്ച് ഉപാധികളൊന്നും മുന്നോട്ട് വച്ചിട്ടുമില്ല. എന്നാൽ ഔദ്യോഗിക പ്രഖ്യാപനം വരുന്നതുവരെ കൂടുതൽ സംസാരിക്കാനില്ല” വിഎം വിനു ഇടിവി ഭാരതിനോട് പറഞ്ഞു.

പ്രമുഖ എഴുത്തുകാരനും നാടകപ്രവർത്തകനുമായ വിനയൻ്റെ മകനായ വിനു പഠനകാലത്തുതന്നെ നാടകപ്രവർത്തനത്തിൽ സജീവമായിരുന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിഎ ബിരുദവും പ്രൊഫ. ജി ശങ്കരപ്പിള്ളയുടെ കീഴിൽ സ്കൂൾ ഓഫ് ഡ്രാമയിൽ (കാലിക്കറ്റ് യൂണിവേഴ്സിറ്റി) നിന്ന് ബിടിഎയും പൂർത്തിയാക്കി.പിന്നീട് സിനിമയിലെത്തിയ അദ്ദേഹം സംവിധാന സഹായി ആയാണ് ചലച്ചിത്ര ജീവിതം ആരംഭിച്ചത്. ഏഴ് സിനിമകളിൽ സംവിധാന സഹായിയായും എട്ട് സിനിമകളിൽ അസോസിയേറ്റ് ഡയറക്ടറായും പ്രവർത്തിച്ചു. മോഹൻലാൽ നായകനായ ബാലേട്ടൻ, മമ്മൂട്ടി നായകനായ വേഷം, ബസ് കണ്ടക്ടർ, പല്ലാവൂർ ദേവനാരായണൻ, ജയറാം നായകനായ മയിലാട്ടം, ശ്രീനിവാസനെ നായകനാക്കിയ യെസ് യുവർ ഓണർ തുടങ്ങി 19 സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. 2019ൽ ചെയ്ത കുട്ടിമാമയാണ് അവസാനമായി സംവിധാനം ചെയ്ത ചിത്രം.

വിഎം വിനുവിൻ്റെ സിനിമകൾക്ക് പൊതുവെ കുടുംബ പ്രേക്ഷകർക്കിടയിൽ നല്ല സ്വീകാര്യത ലഭിച്ചിരുന്നു. ഇതും രാഷ്ട്രീയ മത്സരത്തിന് മുതൽക്കൂട്ടാകുമെന്നാണ് കോൺഗ്രസ് നേതൃത്വത്തിൻ്റെ പ്രതീക്ഷ. കോർപറേഷനിലെ 76 സീറ്റുകളിൽ 49 സീറ്റുകളിലാണ് കോൺഗ്രസ് മത്സരിക്കുന്നത്. ഓരോ വാർഡിൽ നിന്നും കോൺഗ്രസ് നേതൃത്വം മികവുള്ള സ്ഥാനാർഥികളെയാണ് ഇത്തവണ രംഗത്തിറക്കിയിരിക്കുന്നതെന്ന് കെസി അബു വ്യക്തമാക്കി.

ഡിസിസി ഓഫിസിൽനിന്ന് പട്ടിക തയാറാക്കി വാർഡുകളിലേക്ക് അയക്കുന്ന രീതി അല്ല ഈ തവണ അവലംബിച്ചത്. 45 വർഷമായി ഭരണം കിട്ടാത്ത കോർപറേഷനിൽ 2010ലെ പ്രകടനം ആത്മവിശ്വാസം നൽകുന്നതാണ്. വാർഡ് വിഭജനം നടന്നത് കോൺഗ്രസിന് വലിയ തിരിച്ചടി നേരിടാൻ കാരണമായി.” “അഴിമതിരഹിത മാലിന്യമുക്ത കോഴിക്കോട്” എന്ന മുദ്രാവാക്യം ഉയർത്തിയാണ് കോൺഗ്രസും യുഡിഎഫും മത്സരത്തിനിറങ്ങുന്നത്.

കഴിഞ്ഞ അഞ്ചു വർഷക്കാലത്തെ കോർപറേഷൻ ഭരണം വെറും പാവകളിയായിരുന്നെന്നും കെസി അബു ആരോപിച്ചു. നഗരത്തിൽ നിറയെ നോ പാർക്കിങ് ബോർഡും “ഇവിടെ തുപ്പരുത്”, “ഇവിടെ മൂത്രമൊഴിക്കരുത്”, “ഇവിടെ മാലിന്യം എറിയരുത്” എന്നീ ബോർഡുകൾ ഉയർത്തിയതുമാണ് കഴിഞ്ഞ ഭരണസമിതിയുടെ നേട്ടം. അതേസമയം ഗതാഗതക്കുരുക്ക് നിയന്ത്രിക്കാനോ നഗരത്തിൽ പൊതു ശുചിമുറികൾ നിർമിക്കാനോ മാലിന്യം നിക്ഷേപിക്കാനോ മാലിന്യ സംസ്കരണം നടത്താനോ ഇടതു ഭരണത്തിന് കഴിഞ്ഞിട്ടില്ല.

അതേസമയം പല പദ്ധതികളിലും പിന്നാമ്പുറത്തുനിന്ന് അഴിമതി കാണിക്കാനാണ് സിപിഎം നേതാക്കൾ മത്സരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഞെളിയം പറമ്പിലും മെഡിക്കൽ കോളജിനടുത്ത് ബസ് സ്റ്റാൻഡ് നിർമിക്കുന്ന പദ്ധതിയിലും അതാണ് നടന്നതെന്നും കെസി അബു പറഞ്ഞു. കൂടുതൽ വിശദാംശങ്ങൾ വൈകാതെ പുറത്തുവിടുമെന്നും കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി. കോഴിക്കോട് മുനിസിപ്പൽ കോർപറേഷനിൽ എൽഡിഎഫ് തുടർച്ചയായി ഭരണം നടത്താൻ തുടങ്ങിയിട്ട് 45 വർഷത്തിലധികമായി.

ഇടതുപക്ഷത്തിന് വലിയ മേൽക്കൈ ഉണ്ടായിരുന്നിട്ടും, ചില തെരഞ്ഞെടുപ്പുകളിൽ യുഡിഎഫ് ശക്തമായ പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. 2010ൽ എൽഡിഎഫിന് ഭൂരിപക്ഷം നിലനിർത്താൻ കഴിഞ്ഞെങ്കിലും, യുഡിഎഫ് മികച്ച പ്രകടനം നടത്തി. ആകെ 75 വാർഡുകളിൽ യുഡിഎഫ് 34 സീറ്റുകൾ നേടി. ഭരണം നിലനിർത്തിയ എൽഡിഎഫിന് 41 സീറ്റുകൾ മാത്രമേ നേടാൻ കഴിഞ്ഞിരുന്നുള്ളൂ.

വാർഡ് വിഭജനത്തിന് മുമ്പ് 55-ൽ 47 സീറ്റുകളും എൽഡിഎഫിനായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിലും എൽഡിഎഫ് 50 സീറ്റുകളോടെ ഭരണം നിലനിർത്തി. യുഡിഎഫിൻ്റെ അംഗബലം 18 ആയിരുന്നു. ഏഴ് സീറ്റുകൾ ബിജെപിയും നേടി. ഈ തവണ അട്ടിമറികൾ പലതും സംഭവിച്ചാലും ഭരണം നിലനിർത്തുമെന്ന കാര്യത്തിൽ എൽഡിഎഫിന് ഒരു സംശയവുമില്ല. ഡെപ്യൂട്ടി മേയർ ആയിരുന്ന മുസാഫിർ അഹമ്മദിനെ മേയർ സ്ഥാനാർഥിയായി ഉയർത്തിക്കാട്ടിയായിരിക്കും മത്സരത്തിന് ഇറങ്ങുക.

LEAVE A REPLY

Please enter your comment!
Please enter your name here