സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്‌ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്കും സാധ്യത. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും രൂപപ്പെട്ട ഇരട്ട ന്യൂനമര്‍ദത്തിന്‍റെ സ്വാധീന ഫലമായാണ് മഴ ശക്തമാകുന്നത്. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും സാധ്യത. ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തെക്ക് കിഴക്കന്‍ അറബിക്കടലിലെ ശക്തി കൂടിയ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തി പ്രാപിച്ചു. പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം വരും മണിക്കൂറുകളില്‍ ശക്തി പ്രാപിച്ച് തെക്ക് പടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടലിന്‍റെയും അതിനോട് ചേര്‍ന്ന പടിഞ്ഞാറന്‍ മധ്യ ബംഗാള്‍ ഉള്‍ക്കടലിന്‍റെയും വടക്കന്‍ തമിഴ്‌നാട്, തെക്കന്‍ ആന്ധ്ര തീരപ്രദേശങ്ങള്‍ക്ക് സമീപം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ട്.
തുടര്‍ന്ന് അടുത്ത 12 മണിക്കൂറിനുള്ളില്‍ ഇത് വടക്കന്‍ തമിഴ്‌നാട്, പുതുച്ചേരി, തെക്കന്‍ ആന്ധ്രപ്രദേശ് തീരങ്ങളിലൂടെ നീങ്ങാനാണ് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇതിന്‍റെയെല്ലാം സ്വാധീന ഫലമായാണ് കേരളത്തില്‍ മഴ ലഭിക്കുന്നതെന്നും മുന്നറിയിപ്പില്‍ പറയുന്നു.
മത്സ്യബന്ധനത്തിന് വിലക്ക്: മഴ ശക്തമാകുന്ന ഞായറാഴ്‌ച (ഒക്‌ടോബര്‍ 25) വരെ കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനം പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് ഒമ്പത് ജില്ലകളിലും നാളെ അഞ്ച് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ഇന്ന് (ഒക്‌ടോബര്‍ 23) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലും നാളെ (ഒക്‌ടോബര്‍ 24) മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലുമാണ് യെല്ലോ അലര്‍ട്ടുള്ളത്. ഈ ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
മഴയുള്ള സമയത്ത് ശ്രദ്ധിക്കണം ഇക്കാര്യങ്ങള്‍:
- ഇടിമിന്നലിന്‍റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക.
- ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക.
- വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക.
- കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്‌പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.
- ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക.
- വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.
- ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കുക.
- അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും കുട്ടികൾ ഉൾപ്പെടെ കളിക്കുന്നത് ഒഴിവാക്കുക.
- ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്.
- വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.
- ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക.
- കൈകാലുകൾ പുറത്തിടാതിരിക്കുക.
- വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും.
- സൈക്കിൾ, ബൈക്ക്, ട്രാക്‌ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം. ഇത്തരത്തില്‍ നിരവധി നിർദ്ദേശങ്ങൾ ദുരന്ത നിവാരണ അതോറിറ്റി നൽകിയിട്ടുണ്ട്.






