വിൻഡീസിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം;

0
35

വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് ഏഴു വിക്കറ്റിന്‍റെ തകര്‍പ്പന്‍ വിജയം. വിന്‍ഡീസ് ഉയർത്തിയ 121 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ മൂന്നു വിക്കറ്റ് നഷ്ടത്തിൽ വിജയമുറപ്പിക്കുകയായിരുന്നു. ജയത്തോടെ രണ്ടു മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 2–0ന് സ്വന്തമാക്കി. കെ.എൽ. രാഹുൽ 58 റൺസും ധ്രുവ് ജുറേല്‍ 6 റൺസുമായി പുറത്താകാതെ നിന്നു.

ശുഭ്‌മന്‍ ഗില്ലിന്‍റെ നേതൃത്വത്തിൽ ഇന്ത്യൻ ടെസ്റ്റ് ടീമിന്‍റെ ആദ്യ ടെസ്റ്റ് പരമ്പര വിജയമാണിത്. മുമ്പ്, ഇംഗ്ലണ്ടിൽ നടന്ന അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിൽ ഗിൽ ടീമിനെ 2-2 ന് സമനിലയിൽ എത്തിച്ചിരുന്നു. അതേസമയം, മത്സരത്തില്‍ വിന്‍ഡീസ് ക്യാപ്റ്റൻ റോസ്റ്റൺ ചേസ് നാണക്കേടിന്‍റെ റെക്കോർഡും സ്ഥാപിച്ചു. ക്രെയ്ഗ് ബ്രാത്ത്‌വെയ്റ്റിന് ശേഷം ക്യാപ്റ്റനെന്ന നിലയിൽ ആദ്യ അഞ്ച് ടെസ്റ്റ് മത്സരങ്ങളിൽ തോൽക്കുന്ന രണ്ടാമത്തെ വെസ്റ്റ് ഇൻഡീസ് ക്യാപ്റ്റനായി അദ്ദേഹം മാറി. 2022 നും 2025 നും ഇടയിൽ വെസ്റ്റ് ഇൻഡീസിനെതിരെ തുടർച്ചയായി 10 ടെസ്റ്റ് പരമ്പരകളാണ് ഇന്ത്യ ഇതിനകം വിജയിച്ചത്. ഏതെങ്കിലും ടീമിനെതിരെ തുടർച്ചയായി ഏറ്റവും കൂടുതൽ ടെസ്റ്റ് പരമ്പര വിജയങ്ങൾ എന്ന റെക്കോർഡില്‍ ദക്ഷിണാഫ്രിക്കയ്‌ക്കൊപ്പം ഇന്ത്യയെത്തി.

121 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഇന്നലെ കളി നിർത്തുമ്പോൾ ഒന്നിന് 63 എന്ന നിലയിലായിരുന്നു. യശസ്വി ജയ്സ്വാളിന്‍റെ (8) വിക്കറ്റാണ് ഇന്ത്യയ്ക്കു നഷ്ടമായത്. അഞ്ചാം ദിനം കളി തുടങ്ങിയപ്പോള്‍ സായ് സുദർശനാണ് തുടക്കത്തില്‍ തന്നെ പുറത്തായത്. 39 റൺസടുത്ത താരം റോസ്റ്റൻ ചെയ്സിന്‍റെ പന്തിൽ പുറത്താകുകയായിരുന്നു.

പിന്നാലെ 13 റൺസെടുത്ത ഗില്ലിനെ റോസ്റ്റൻ ചെയ്സിന്‍റെ പന്തിൽ ജസ്റ്റിൻ ഗ്രീവ്സ് ക്യാച്ചെടുത്തു പുറത്താക്കി. നാലാം ദിനം 2ന് 173 എന്ന നിലയിൽ ബാറ്റിങ് ആരംഭിച്ച വിൻഡീസ് 390 റൺസെടുത്താണ് പുറത്തായത്. 115 റണ്‍സെടുത്ത ജോൺ കാംബെൽ, 103 റണ്‍സെടുത്ത ഷായ് ഹോപ് എന്നിവരുടെ ഇന്നിങ്സുകളാണ് വിൻഡീസിനെ ഭേദപ്പെട്ട സ്‌കോറിലേക്ക് എത്തിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറ, കുൽദീപ് യാദവ് എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റും വീഴ്ത്തി. രണ്ട് ഇന്നിങ്‌സുകളിലായി കുൽദീപ് എട്ട് വിക്കറ്റുകളാണ് വീഴ്ത്തിയത്. ആദ്യ ഇന്നിംഗ്‌സിൽ അഞ്ച് വിക്കറ്റ് വീഴ്ത്തിയ താരം 82 റൺസ് വഴങ്ങി രണ്ടാം ഇന്നിംഗ്‌സിൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.

ഒന്നാം ഇന്നിങ്സിൽ ജയ്സ്വാൾ (175), ശുഭ്‌മന്‍ ഗിൽ (129) എന്നിവരുടെ സെഞ്ചറി ബലത്തില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 518 റൺസെന്ന നിലയിൽ ഇന്ത്യ ഡിക്ലയർ ചെയ്യുകയായിരുന്നു. 87 റണ്‍സെടുത്ത സായ് സുദർശൻ അർധ സെഞ്ചറി തികച്ചു. മറുപടി ബാറ്റിങ്ങിൽ വിൻഡീസ് 248ന് പുറത്തായതോടെയാണ് അവരെ ഫോളോ ഓണിന് അയച്ചത്. ആദ്യ ടെസ്റ്റിൽ ഇന്ത്യ ഇന്നിങ്സിനും 140 റൺസിനുമാണു വിജയിച്ചത്.

 

LEAVE A REPLY

Please enter your comment!
Please enter your name here