വനിതാ ഏകദിന ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്ക് മൂന്ന് വിക്കറ്റ് ജയം

0
33

വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയെ തോൽപ്പിച്ച് ദക്ഷിണാഫ്രിക്ക. ഇന്ത്യ ഉയർത്തിയ 251 റൺസ് വിജയലക്ഷ്യം ഏഴ് പന്തുകൾ ബാക്കി നിൽക്കെ ഏഴ് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. 54 പന്തിൽ അഞ്ച് സിക്‌സറുകളും എട്ടു ഫോറുകളും പറത്തി 84 റൺസെടുത്ത നദൈൻ ഡെ ക്ലർക്കാണ് ദക്ഷിണാഫ്രിക്കയെ വിജയത്തിലെത്തിച്ചത്. രണ്ടു വിക്കറ്റും വീഴ്ത്തിയ നദൈനാണു കളിയിലെ താരം. ക്യാപ്റ്റൻ ലോറ വോൾവാർട്ട് 111 പന്തിൽ 70 റൺസെടുത്തു പുറത്തായി. റിച്ച ഘോഷിന്‍റെ 94 റൺസിന്‍റെ മികവിൽ ഇന്ത്യ 251 റൺസ് നേടിയെങ്കിലും ക്ലർക്ക് ഒറ്റയ്ക്ക് തകര്‍ത്തടിച്ച് ഇന്ത്യയെ കീഴടക്കുകയും ഒരു കൂറ്റൻ സിക്‌സ് അടിച്ച് കളി സ്റ്റൈലായി അവസാനിപ്പിക്കുകയും ചെയ്‌തു.

ഇന്ത്യൻ ബൗളർമാരുടെ പ്രകടനത്തിൽ ദക്ഷിണാഫ്രിക്ക അഞ്ച് വിക്കറ്റിന് 81 എന്ന നിലയിലേക്ക് ചുരുങ്ങിയിരുന്നു. ഓപ്പണറും ക്യാപ്റ്റനുമായ ലോറ വോൾവാർഡ് ഒരു വശത്ത് ശക്തമായി അടിച്ച് കളിയെ മുന്നോട്ടു കൊണ്ടുപോയി. 70 റൺസ് നേടി താരം ടീമിന്‍റെ പ്രതീക്ഷകൾ ഉയർത്തി. എട്ടു ഫോറുകളുമായി തിളങ്ങിയ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ സ്കോർ 140 കടന്ന ശേഷമാണു പുറത്തായത്. ച്ലോ ട്രിയോൻ (66 പന്തിൽ 49), മരിസെയ്ന്‍ കാപ് (25 പന്തിൽ 20) എന്നിവരാണു ദക്ഷിണാഫ്രിക്കയുടെ മറ്റു സ്കോറർമാർ. ഇന്ത്യയ്ക്കായി ക്രാന്തി ഗൗഡും സ്നേഹ് റാണയും രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി. അമന്‍ജ്യോത് കൗർ, ശ്രീചരണി, ദീപ്തി ശർമ എന്നിവര്‍ ഓരോ വിക്കറ്റു വീതവും സ്വന്തമാക്കി.

നേരത്തെ റിച്ചാ ഘോഷിന്‍റെ ഒറ്റയാള്‍ പോരാട്ടമാണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. താരം 77 പന്തില്‍ 94 റൺസ് നേടി. സ്‌നേഹ റാണയുടെ (24 പന്തില്‍ 33) ഇന്നിംഗ്‌സ് നിര്‍ണായകമായി. പ്രതിക റാവല്‍ (37) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഇന്ത്യൻ ഓപ്പണർമാരായ പ്രതീക റാവലും (37) സ്‌മൃതി മന്ദാനയും (23) ചേർന്ന് 55 റൺസ് കൂട്ടുകെട്ട് തീർത്തു.

17 ഓവറുകൾ പിന്നിടുമ്പോൾ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 83 റൺസ് എന്ന നിലയിലായിരുന്നു. തുടർന്ന് തുടർച്ചയായി നാല് വിക്കറ്റുകൾ നഷ്ടപ്പെട്ടതോടെ ആറ് വിക്കറ്റ് നഷ്ടത്തിൽ 102 റൺസിലെത്തി. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (9), സ്‌മൃതി (32 പന്തിൽ 23), ജെമിമ റോഡ്രിഗസ് (0), ദീപ്തി ശർമ്മ (4), അമൻജോത് കൗർ (13) എന്നിവര്‍ക്ക് തിളങ്ങാനായില്ല. രണ്ട് പേരെ വീതം പുറത്താക്കിയ മരിസാനെ കാപ്പ്, നാങ്കുലുലെക്കോ മ്ലാബ, നദീന്‍ ഡി ക്ലര്‍ക്ക് എന്നിവരാണ് ഇന്ത്യയെ തകര്‍ത്തത്. അതേസമയം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ ഇന്ത്യന്‍ ഓപണര്‍ സ്‌മൃതി വീണ്ടും റെക്കോർഡ് ബുക്കിൽ ഇടം നേടി.

ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ വനിതാ ഏകദിന റണ്‍സ് നേടുന്ന താരമെന്ന ലോക റെക്കോഡ് സ്വന്തമാക്കി. വിശാഖപട്ടണത്ത് നടക്കുന്ന മത്സരത്തില്‍ 23 റൺസ് നേടിയാണ് താരം ദീർഘകാല നാഴികക്കല്ല് മറികടന്നത്. 2025 ൽ മന്ദാന 972 റൺസാണ് ഇതുവരെ നേടിയത്. 97-ൽ ബെലിൻഡ ക്ലാർക്ക് സ്ഥാപിച്ച 970 റൺസ് എന്ന 27 വർഷം പഴക്കമുള്ള റെക്കോർഡാണ് മന്ദാന തകർത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here