ഇന്ന് ലോക ഡിസ്‌ലെക്‌സിയ ദിനം

0
27

ശാസ്ത്രം, കണ്ടുപിടിത്തങ്ങൾ, സിനിമ എന്നിവയിലെ ഏറ്റവും വലിയ സംഭാവനകളിൽ ചിലത് ഡിസ്‌ലെക്‌സിയ പോലുള്ള അവസ്ഥകൾ അനുഭവിക്കുന്നവരിൽ നിന്നും ഉടലെടുത്തതാണെന്ന വാസ്‌തവം ഈ ദിനത്തിൽ തിരിച്ചറിയാം.

ഇന്ന് ലോക ഡിസ്‌ലെക്‌സിയ ദിനം. പഠന വൈകല്യം അനുഭവിക്കുന്നവർക്കായുള്ള ദിനം എന്ന നിലയിലാണ് നമ്മൾ ഈ ദിനത്തെ കാണുന്നത്. എന്നാൽ ഈ ലോകത്തെ മാറ്റി മറിച്ച സംഭവങ്ങൾക്കും കണ്ടെത്തലുകൾക്കും വഴിപാകിയ ചരിത്രത്തിലെ അതുല്യ പ്രതിഭകൾക്ക് ഈ വൈകല്യം ഉണ്ടായിരുന്നു എന്ന് പറഞ്ഞാൽ വിശ്വസിക്കാനാകുമോ? എങ്കിൽ വിശ്വസിക്കേണ്ടിയിരിക്കുന്നു. ഡിസ്‌ലെക്‌സിയ ഒരു രോഗമല്ലെന്നും ഒരു അവബോധം ഉണ്ടായിരുന്നാൽ മതി എന്ന തിരിച്ചറിവും പകർന്നു നൽകുകയാണ് ഈ ദിനത്തിൽ.

ഡിസ്‌ലെക്‌സിയ എന്താണ്?

ഡിസ്‌ലെക്‌സിയ എന്ന് പറയുന്നത് ഒരു നാഡീ വികാസ വ്യത്യാസമാണ്. ഇതിന് പഠന വൈകല്യം എന്നും പറയുന്നു. തലച്ചോറിലെ ഭാഷാ പ്രോസസിങ് സംവിധനങ്ങളിലെ തകരാറുകൾ മൂലമാണ് ഇത് സംഭവിക്കുന്നത്. ഇത് വായന, ഗണിതശാസ്‌ത്രം, അക്ഷരവിന്യാസം എന്നിവയെ സ്വാധീനിക്കുന്നു. എന്നാൽ ഈ അവസ്ഥക്ക് ബുദ്ധിമാന്ദ്യം എന്ന് പറയാൻ സാധിക്കില്ല.

നിരവധി പതിറ്റാണ്ടുകളായി മനശാസ്ത്രജ്ഞർ ഡിസ്‌ലെക്‌സിയയെ വിവിധ കോണുകളിൽ നിന്ന് പഠിച്ചിട്ടുണ്ട്. ചിലർ ഫൊണോളജിക്കൽ പ്രോസസിങ് (ശബ്‌ദങ്ങളെ അക്ഷരങ്ങളുമായി എങ്ങനെ ബന്ധിപ്പിക്കുന്നു) രീതിയിലും മറ്റു ചിലർ വിഷ്വൽ അല്ലെങ്കിൽ ഓർത്തോഗ്രാഫിക് പ്രോസസിങ് രീതിയിലും സമീപിച്ചു. ഡിസ്‌ലെക്‌സിയയിലെ അനുബന്ധ പ്രതിഭാസങ്ങളെ വിശദീകരിക്കാൻ ഹരോൾഡ് ലെവിൻസണെ പോലുള്ള മനശാസ്‌ത്രജ്ഞർ സിദ്ധാന്തങ്ങളും (സന്തുലിതാവസ്ഥ, സെറിബെല്ലം, കേൾവി ശക്തി എന്നിവയെപ്പറ്റി) നിർദേശിച്ചു.

വിദ്യാഭ്യാസ വിദഗ്‌ധയും ഗവേഷകയുമായ മാർഗരറ്റ് ബൈർഡ് റോസൺ ഡിസ്‌ലെക്‌സിയ ഉള്ള കുട്ടികളിൽ വായനയെ പിന്തുണക്കുന്നതിന് ദീർഘകാല പഠനങ്ങൾ നടത്തുകയും, അതിനായി പല രീതികൾ വിന്യസിപ്പിക്കുകയും ചെയ്‌തു. എന്നാൽ ഇവരുടെ പഠനങ്ങൾ സാർവത്രികമായി അംഗീകരിക്കപ്പെട്ടിട്ടില്ലെങ്കിലും പഠന വൈകല്യം എങ്ങനെ തരണം ചെയ്യാം എന്ന വിദ്യകൾ അവർ കാട്ടിത്തന്നു.

ലോക ഡിസ്‌ലെക്‌സിയ ദിനം

എല്ലാ വർഷവും ഒക്‌ടോബർ 8 ലോക ഡിസ്‌ലെക്‌സിയ ദിനമായി ആചരിക്കുന്നു. ഈ ദിനത്തിൽ ഡിസ്‌ലെക്‌സിയയെപ്പറ്റിയുള്ള അവബോധം വളർത്തുന്നു. ഡിസ്‌ലെക്‌സിയ ഉള്ള ആളുകളുടെ വെല്ലുവിളികൾ, സമൂഹത്തിലുള്ള തെറ്റിദ്ധാരണകൾ, സാധ്യതകൾ എന്നിവയിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു. ഇതിനായി സ്‌കൂളുകളും സംഘടനകളും തെറാപ്പിസ്‌റ്റുകളും സമഗ്രമായ ക്യാമ്പുകളും ബോധവത്കരണ ക്ലാസുകളും വർക്ക് ഷോപ്പുകളും സംഘടിപ്പിച്ചു വരുന്നു.

ചരിത്രത്തിലെ പ്രശസ്‌തരായ ഡിസ്‌ലെക്‌സിക്‌സുകൾ

തോമസ് എഡിസൺ

1,093 ൽ യുഎസ് പേറ്റൻ്റുകൾ കൈവശം വച്ചിരുന്ന ശാസ്ത്രജ്ഞനും ബിസിനസുകാരനുമായ എഡിസണിന് ചെറുപ്രായത്തിൽ തന്നെ ഡിസ്‌ലെക്‌സിയ ഉണ്ടെന്ന് കണ്ടെത്തി. ഇലക്ട്രിക് ലൈറ്റ്, സൗണ്ട് റെക്കോർഡിങ്, പവർ യൂട്ടിലിറ്റികൾ, മോഷൻ പിക്‌ചർ ക്യാമറ തുടങ്ങിയ കണ്ടുപിടുത്തങ്ങളിലൂടെ ഡിസ്‌ലെക്‌സിയ ബാധിച്ച വ്യക്തി എന്ന പേര് തന്നിൽ ഉണ്ടാക്കിയെടുക്കാതിരിക്കാൻ അദ്ദേഹം ശ്രമിച്ചു.

റിച്ചാർഡ് ബ്രാൻസൺ

വിർജിൻ ഗ്രൂപ്പ് സ്ഥാപകനായ റിച്ചാർഡ് ബ്രാൻസൺ സ്‌കൂളിൽ പഠിക്കുന്ന കാലത്തുതന്നെ ഡിസ്‌ലെക്‌സിയയുടെ ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്നു. ഇത് തന്നെ വ്യത്യസ്‌തമായി ചിന്തിക്കാൻ പ്രേരിപ്പിച്ചുവെന്ന് ബ്രാൻസൺ പലപ്പോഴും പറഞ്ഞിട്ടുണ്ട്.

ഓർലാൻഡോ ബ്ലൂം

പൈറേറ്റ്സ് ഓഫ് ദി കരീബിയൻ, ലോർഡ് ഓഫ് ദി റിംഗ്‌സ് എന്നീ സിനിമകളിലെ വേഷങ്ങളിലൂടെ പ്രശസ്‌തനായ ഹോളിവുഡ് നടൻ ഓർലാൻഡോ ബ്ലൂം സ്‌കൂളിൽ പഠിക്കുന്ന കാലത്ത് വായിക്കുന്നതിലും എഴുതുന്നതിലും നേരിട്ട ബുദ്ധിമുട്ടുകളെപ്പറ്റി പങ്കുവച്ചിട്ടുണ്ട്.

ടോം ക്രൂയിസ്

ചെറുപ്പത്തിൽ തന്നെ ഡിസ്‌ലെക്‌സിയ ബാധിച്ച ക്രൂസിന് കുട്ടിക്കാലത്ത് വായനയിൽ ബുദ്ധിമുട്ടുണ്ടായിരുന്നു. എന്നിട്ടും സംഭാഷണങ്ങൾ മനപാഠമാക്കുക, തീവ്രമായി പരിശീലിക്കുക തുടങ്ങിയ തന്ത്രങ്ങൾ അദ്ദേഹം വികസിപ്പിച്ചെടുത്തു. വാചക വൈദഗ്ധ്യത്തേക്കാൾ പ്രകടനം, സാന്നിധ്യം, സ്‌റ്റോറി ടെല്ലിങ് എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന ഒരു കരിയർ അദ്ദേഹം കെട്ടിപ്പടുത്തു.

അഗത ക്രിസ്റ്റി

എഴുത്തിലും അക്ഷരവിന്യാസത്തിലുമുള്ള ബുദ്ധിമുട്ടുകൾക്കിടയിലും അഗത ക്രിസ്റ്റി ചരിത്രത്തിലെ ഏറ്റവും കൂടുതൽ പുസ്‌തകങ്ങൾ വിറ്റഴിക്കപ്പെടുന്ന എഴുത്തുകാരിൽ ഒരാളായി മാറി. ചില സാങ്കേതിക മേഖലകളിൽ അവരുടെ ഡിസ്‌ലെക്‌സിയ ഒരുപക്ഷേ അവരെ മന്ദഗതിയിലാക്കിയിരിക്കാം, പക്ഷേ അവരുടെ കഥപറച്ചിൽ, പ്ലോട്ട്, കഥാപാത്ര ഉൾക്കാഴ്‌ചകൾ എന്നിവ അതിനെയെല്ലാം മറികടന്നു.

വൂപ്പി ഗോൾഡ്‌ബെർഗ്

തൻ്റെ ഡിസ്‌ലെക്‌സിയയെക്കുറിച്ച് ഈ നടി തുറന്നു പറഞ്ഞിട്ടുണ്ട്. സ്‌കൂളിൽ ‘സ്ലോ’ എന്ന് മുദ്രകുത്തപ്പെട്ടിരുന്നതായി അഭിമുഖങ്ങളിൽ അവർ പങ്കുവച്ചിരുന്നു. എന്നാൽ അവർ ലോകത്തെ കൈകാര്യം ചെയ്യുന്ന രീതി വ്യത്യസ്‌തമാണെന്ന് പിന്നീട് അവർ കണ്ടെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here