ഇസ്രയേൽ എന്നന്നേക്കുമായി യുദ്ധം അവസാനിപ്പിക്കുമെന്ന് ട്രംപ് ഉറപ്പുനൽകണമെന്ന് ഹമാസ്;

0
31

ഇസ്രയേൽ- ഗാസ സംഘർഷം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഈജിപ്‌തിൽ ഹമാസും ഇസ്രയേലും തമ്മിൽ ഇന്ന് ( ഒക്‌ടോബർ 8) നടക്കുന്ന ചർച്ചയിൽ ഖത്തർ പ്രധാനമന്ത്രിയും തുർക്കി പ്രതിനിധികളും പങ്കെടുക്കും. ചർച്ചയിൽ ട്രംപിൻ്റെ പ്രത്യേക മിഡിൽ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്‌ധുൾ റഹ്മാൻ അൽതാനിയും പങ്കുചേരുമെന്ന് ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി ബദർ അബ്‌ധലാറ്റി അറിയിച്ചു. അതേസമയം രാജ്യത്തിൻ്റെ ഇൻ്റലിജൻസ് മേധാവി ഇബ്രാഹിം കാലിൻ ഈജിപ്‌തിലേക്കുള്ള ഒരു പ്രതിനിധി സംഘത്തെ നയിക്കുമെന്ന് തുർക്കി സ്റ്റേറ്റ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.

രണ്ടാം ദിന ചർച്ചയും ഈജിപ്‌തിൽ വച്ചായിരുന്നു നടന്നത്. കഴിഞ്ഞ മാസം ട്രംപ് നിർദ്ദേശിച്ച ’20 പോയിൻ്റ്’ പദ്ധതിയുടെ അടിസ്ഥാനത്തിൽ, ചെങ്കടൽ റിസോർട്ട് പട്ടണമായ ഷാം എൽ-ഷെയ്‌ക്കിലാണ് ഇസ്രയേലും ഹമാസും തമ്മിലുള്ള ചർച്ചകൾ നടന്നത്. മധ്യേഷ്യയിൽ നമുക്ക് സമാധാനം സ്ഥാപിക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നു എന്നും ഗാസയിലെ ബന്ധികളെ ഉടന്‍ മോചിപ്പിക്കണമെന്നും ചർച്ചയിൽ ട്രംപ് പറഞ്ഞു. ഇസ്രയേൽ ഗാസക്ക് നേരെ നടത്തുന്ന ആക്രമണങ്ങള്‍ എന്നന്നേക്കുമായി അവസാനിപ്പിക്കുമെന്നു ട്രംപ് ഉറപ്പുനൽകണമെന്ന് ഹമാസ് ആവശ്യപ്പെട്ടു.

ഹമാസും ഇസ്രയേലും വെടിനിർത്തലിന് സമ്മതിച്ചാൽ, എല്ലാവരും കരാറിൽ ഉറച്ചുനിൽക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ അമേരിക്ക സാധ്യമായതെല്ലാം ചെയ്യുമെന്ന് ട്രംപ് കൂട്ടിച്ചേർത്തു. ഒക്‌ടോബർ 7ന് ഹമാസ് നടത്തിയ ആക്രമണത്തിന് രണ്ടു വർഷം തികയുന്ന വേളയിലാണ് ചർച്ചകൾ നടക്കുന്നത്. ട്രംപിൻ്റെ സമാധാന പദ്ധതിയിൽ വെടിനിർത്തൽ, എല്ലാ ബന്ദികളുടെയും മോചനം, ഹമാസിൻ്റെ നിരായുധീകരണം, ഗാസയിൽ നിന്ന് ക്രമേണ ഇസ്രയേൽ പിൻവാങ്ങൽ എന്നിവയെല്ലാം ഉള്‍പ്പെടുന്നതായാണ് റിപ്പോർട്ടുകള്‍.

ഈ നിർദേശങ്ങള്‍ക്ക് ഹമാസിൽ നിന്നും ഇസ്രയേലിൽ നിന്നും അനുകൂല പ്രതികരണങ്ങളാണ് ലഭിച്ചത്. അതേസമയം ഇസ്രയേൽ എന്നെന്നേക്കുമായി ആക്രമണം അവസാനിപ്പിക്കുമെന്ന് ട്രംപ് ഉറപ്പ് നൽകണമെന്ന് ഹമാസിൻ്റെ ഉന്നത നേതാവ് ഖലീൽ എൽ-ഹയ്യ ആവശ്യപ്പെട്ടു. സൈനികരെ പിൻവലിക്കുന്നതും തടവുകാരെ വിട്ടയക്കുന്നതുമായി ബന്ധപ്പെട്ട് അനുകൂലമായ മറുപടികൾ കൈമാറിയതായി പലസ്‌തീൻ വൃത്തങ്ങൾ അറിയിച്ചു.

ഗാസയിലെ 251 പേരെയാണ് ഇസ്രയേൽ ബന്ദികളാക്കിയിരുന്നത്. അവരിൽ 47 പേർ ഇപ്പോഴും തടവിലാണ്. ഇതിൽ 25 പേർ മരിച്ചതായി ഇസ്രയേൽ സൈന്യം പറയുന്നു. ഗാസയിൽ 65000 ത്തിലധികം പേരാണ് ഇസ്രയേൽ ആക്രമണത്തിൽ ഇതുവരെ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരിൽ കൂടുതലും കുട്ടികളും സ്‌ത്രീകളും ആണ്. ഗാസ കടുത്ത ക്ഷാമത്തിലേക്ക് നീങ്ങിയതായും ഐക്യരാഷ്‌ട്രസഭ പ്രഖ്യാപിച്ചു.

ഇതോടെ സംഘർഷം നിർത്തിവയ്‌ക്കാൻ ആഗോള സമ്മർദം ഉയർന്നു. അപ്പോഴേക്കും ഗാസയുടെ ഭൂരിഭാഗവും നിലംപൊത്തിയിരുന്നു. മരിച്ചവരിൽ ഭൂരിഭാഗവും സാധാരണക്കാരാണെന്ന് ഇസ്രയേലിൻ്റെ ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കി.

ഗാസയിൽ ഇസ്രയേൽ നടത്തിയ സൈനിക നടപടിയിൽ കുറഞ്ഞത് 67,160 പേർ കൊല്ലപ്പെട്ടതായി ഹമാസ് നിയന്ത്രണത്തിലുള്ള പ്രദേശത്തെ ആരോഗ്യ മന്ത്രാലയം പറയുന്നു. മരിച്ചവരിൽ പകുതിയിലധികവും സ്ത്രീകളും കുട്ടികളുമാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here