കൊല്‍ക്കൊത്തയിലെ ദുര്‍ഗാ പൂജ, മൈസൂരിലെ ദസറ, നവരാത്രി ആഘോഷ നിറവില്‍ രാജ്യം

0
42

സം​ഗീതോത്സവങ്ങൾ, നവരാത്രി പൂജകൾ, പുസ്‌തക പൂജ, വിദ്യാരംഭം അടക്കമുള്ള വിപുലമായ പരിപാടികളാണ് നടക്കുന്നത്.

വരാത്രി ആഘോഷങ്ങളുടെ നിറവിലാണ് രാജ്യം. അലങ്കാര ലൈറ്റുകളും പാട്ടും നൃത്തവും എന്നിങ്ങനെ പത്തുനാള്‍ ഉത്സവലഹരി തന്നെ. സെപ്‌റ്റംബര്‍ 22 നാണ് നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടത്. ഒക്‌ടോബര്‍ രണ്ട് വിജയ ദശമി ആഘോഷങ്ങളോടെ പത്തുദിവസത്തെ ഉത്സവം പൂര്‍ത്തിയാവും.

സം​ഗീതോത്സവങ്ങൾ, നവരാത്രി പൂജകൾ, പുസ്തക പൂജ, വിദ്യാരംഭം അടക്കമുള്ള വിപുലമായ പരിപാടികൾ സംസ്ഥാനത്തെ വിവിധ ദേവീ ക്ഷേത്രങ്ങളിൽ നടക്കും.

ശക്തി സ്വരൂപിണിയായ ദേവിയുടെ വിവിധ ഭാഗങ്ങളെ ആരാധിച്ചും വിദ്യയും കലയും ഉപാസിച്ചും ബൊമ്മക്കൊലു ഒരുക്കി പൂജിച്ചുമാണ് നവരാത്രി ആഘോഷിക്കുന്നത്. ഇങ്ങനെ ഓരോ ദേശത്തും ഓരോ രീതിയിലാണ് നവരാത്രി ആഘോഷിക്കപ്പെടുന്നത്.

ദുർഗാ പൂജയ്ക്ക് പിന്നിലെ കഥ

ഹിന്ദു പുരാണമനുസരിച്ച് സ്ത്രീശക്തിയെക്കുറിച്ച് ഒട്ടും മതിപ്പില്ലാത്ത മഹിഷാസുരൻ പണ്ടു ബ്രഹ്മാവിൽ നിന്നൊരു വരം നേടിയെടുത്തു. ദേവന്മാരോ മനുഷ്യന്മാരോ അസുരന്മാരോ ആയ ആണുങ്ങൾക്ക് ആർക്കും തന്നെ കൊല്ലാൻ കഴിയരുത് എന്ന വരമാണു മഹിഷാസുരൻ നേടിയെടുത്തത്. സ്‌ത്രീകള്‍ക്ക് ആർക്കും തന്നെ കൊല്ലാൻ കഴിയില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് ഇങ്ങനെയൊരു വരം ചോദിച്ചതും നേടിയെടുത്തതും. ദുഷ്‌ടതയുടെ മൂർത്തീരൂപമായ മഹിഷാസുരൻ വരം കൂടി കിട്ടിയതോടെ പരാക്രമം തുടങ്ങി.

മൂന്നു ലോകവും നശിപ്പിച്ചുകൊണ്ടിരുന്ന മഹിഷാസുരനെ അവസാനിപ്പിക്കാൻ ഒടുവിൽ, ഈശ്വരചൈതന്യത്തിന്റെ ശക്തി തന്നെ മഹിഷാസുരമർദിനിയായി അവതരിച്ചു. സ്ത്രീകൾക്ക് ഒന്നിനും കഴിയില്ലെന്നു പ്രഖ്യാപിച്ച് ലോക പീഡനത്തിനിറങ്ങുന്ന ദുഷ്ടതയുടെ പ്രതിരൂപങ്ങളായ മഹിഷാസുരന്മാർക്കുള്ള മുന്നറിയിപ്പാണ് ആദിപരാശക്തിയുടെ അവതാരം.

ദേവന്മാർ സമ്മാനിച്ച ആയുധങ്ങളുമായി സിംഹത്തിന്‍റെ വാഹനത്തിൽ കയറി ദുർഗ ഒമ്പത് പകലും രാത്രിയും മഹിഷാസുരനുമായി യുദ്ധം ചെയ്‌തു. പത്താം ദിവസം ദേവി മഹിഷാസുരനെ വധിച്ചു. ആ ദിവസം വിജയ ദശമി അല്ലെങ്കിൽ ദസറ (തിന്മയുടെ മേൽ നന്മയുടെ വിജയം) ആയി ആഘോഷിക്കപ്പെടുന്നു.

ഒന്‍പത് രൂപങ്ങളേയും ആരാധിക്കുന്നു

നവരാത്രിയിൽ ദുർഗയുടെ ഒൻപത് രൂപങ്ങളെയും ആരാധിക്കുന്നു. കേരളത്തിൽ ഇത് പൂജവയ്പ്പിന്‍റെയും വിദ്യാരംഭത്തിന്‍റെയും സംഗീതം, നൃത്തം തുടങ്ങിയ കലകളുടെയും ആഘോഷമാണ്. ആയുധപൂജയും അതിനോടനുബന്ധിച്ച് നടത്തും. വിജയദശമി ദിവസം പൂജയെടുക്കുന്നു. അതിന് ശേഷമാണ് കുട്ടികൾക്ക് വിദ്യാരംഭം കുറിക്കുന്ന എഴുത്തിനിരുത്തൽ ചടങ്ങ്.

ഉത്തരേന്ത്യയില്‍ ഉപവാസത്തിന്‍റെ നാളുകളാണ്. തമിഴ്‌നാട്ടില്‍ ആദ്യ മൂന്നു ദിവസം മഹാലക്ഷ്മിയേയും അടുത്ത മൂന്നു ദിവസം പാർവതീദേവിയേയും അവസാന മൂന്നു ദിവസം സരസ്വതീദേവിയേയും ആരാധിക്കുന്നു.

ദുര്‍ഗാ പൂജാ ആഘോഷം

ഇന്ത്യയിലുടനീളം നവരാത്രി ഉത്സവം ആഘോഷിക്കുന്നുണ്ട്. എന്നാല്‍ പല ദേശങ്ങളിലും പലരീതിയിലുമാണ് ആഘോഷിക്കപ്പെടുന്നത്. ഇതിനായി പ്രത്യേക പന്തലുകള്‍ കെട്ടി അതില്‍ ദേവിയുടെ വിഗ്രഹങ്ങള്‍ വച്ച് ആരാധിക്കും. അഞ്ച് ദിവസങ്ങളാണ് ഇത് ആഘോഷിക്കുന്നത്.

മഹാരാഷ്‌ട്ര, മുംബൈ

സെലിബ്രിറ്റികള്‍ മുതല്‍ സാധാരണക്കാര്‍ വരെ വലിയ രീതിയിലാണ് നവരാത്രി ആഘോഷം മുംബൈയില്‍ നടത്തുന്നത്. ഭക്തിയും ഗ്ലാമറൊക്കെ ചേര്‍ന്നുള്ള ആഘോഷമാണ് മഹാരാഷ്ട്രയുടേത്. ബോളിവുഡ് സ്റ്റൈലില്‍ ഗര്‍ബ നൃത്തവും ഇവിടുത്തെ പ്രധാന ആകര്‍ഷണമാണ്. അന്ധേരി, ദാദര്‍, കൊളാബ എന്നിവിടങ്ങളാണ് പ്രധാന ആകര്‍ഷണ കേന്ദ്രങ്ങള്‍, നവരാത്രി ഉത്സവമായാല്‍ പന്തലുകള്‍ നഗരത്തിലും തെരുവകളിലുമൊക്കെ ഉയരും.

കൊല്‍ക്കത്തയിലെ ദുര്‍ഗാപൂജ

പുത്തന്‍ വസ്‌ത്രങ്ങള്‍ ദുര്‍ഗയുടെ വരവിനെ അതുല്യമായ ഭക്തിയോടെയും സന്തോഷത്തോടെയും കൂടി ആഘോഷിക്കുന്ന സമയമാണ് ദുര്‍ഗാ പൂജ. യഥാര്‍ത്ഥത്തില്‍ ഇത് ഒരു ആര്‍ട്ട് ഗ്യാലറി പോലെ തോന്നിയേക്കാം. പരമ്പരാഗത രീതിയിലുള്ള പന്തലുകള്‍ മുതല്‍ പരീക്ഷണ പന്തലുകള്‍ വരെ ഈ നഗരത്തില്‍ ഈ നവരാത്രി നാളുകളില്‍ ഉയരാറുണ്ട്. സന്തോഷ് മിത്ര സ്‌ക്വയറും കുമാര്‍തുലി പാര്‍ക്കുമൊക്കെ ആഘോഷങ്ങളുടെ പ്രധാന കേന്ദ്രങ്ങളാണ്. ഇവിടങ്ങളിലൊക്കെ ലൈറ്റുകള്‍ കൊണ്ടുള്ള അലങ്കാരങ്ങളാണ്.

അഹമ്മദാബാദിലെ ഗര്‍ബ

നവരാത്രി നാളുകളില്‍ നാം എപ്പോഴും കേള്‍ക്കാറുള്ളതാണ് ഗര്‍ബ നൃത്തം. ഗുജറാത്തിലെ സവിശേഷമായ നൃത്തരൂപമാണിത്. നവരാത്രി ദിവസങ്ങളില്‍ അഹമ്മദാബാദിലെ തെരുവുകളും നഗരങ്ങളുമൊക്കെ ഓപ്പണ്‍ എയര്‍ ഡാന്‍സ് ഫ്ലോറുകള്‍ ആയി മാറാറുണ്ട്. ജി എം ഡിസി മൈതാനവും മനേക് ചൗക്കുമാണ് പ്രധാന ഗര്‍ബ നൃത്ത വേദികള്‍. ഇതിനായി പ്രത്യേക പാസുകള്‍ തന്നെ ഉണ്ട്.

മൈസൂരിലെ ദസറ

മൈസുരിലെ ദസറ ഏറെ അറിയപ്പെടുന്നതാണ്. മൈസൂര്‍ കൊട്ടാരം ചുറ്റിയുള്ള ആനകളും പരേഡുകളും സാംസ്കാരിക പരിപാടികളും ദസറുടെ പ്രത്യേക ആകര്‍ഷണങ്ങളാണ്. അലങ്കാര ദീപങ്ങള്‍ തന്നെയാണ് മറ്റൊരു ആകര്‍ഷണം.

ഗംഗാതീരത്തെ നവരാത്രി

ഭക്തിസാന്ദ്രമായ ഗംഗാതീരത്ത് നവരാത്രി ആഘോഷം എന്നത് ആളുകള്‍ക്ക് പ്രത്യേകത തന്നെയാണ്. ഇവിടുത്തെ ആരതി എന്നത് ഭക്തര്‍ക്ക് ഒഴിവാക്കാന്‍ കഴിയാത്തതാണ്. നവരാത്രി ദിനത്തിലാണെങ്കില്‍ ഇതിന് ഒന്നുകൂടി സൗന്ദര്യം വര്‍ധിക്കും.

കുളുവിലെ നവരാത്രി ആഘോഷം

ഭക്തിക്കും ആഘോഷങ്ങള്‍ക്കുമൊപ്പം പ്രകൃതികൂടി ചേര്‍ന്നതാണ് ഹിമാചലിലെ നവരാത്രി ആഘോഷം. ലോകമെങ്ങുമുള്ള നാലു ലക്ഷത്തിലേറെ സഞ്ചാരികൾ കുളുവിലേക്ക് ദസറ ആഘോഷങ്ങളിൽ പങ്കെടുക്കാനായി എത്തിച്ചേരാറുണ്ട്. ഇവിടുത്തെ രഥയാത്ര പ്രധാനപ്പെട്ടതാണ്. വിനോദങ്ങളും കരകൗശല വസ്‌തുക്കളുടെ പ്രദര്‍ശനവുമെല്ലാം ആഘോഷങ്ങളുടെ ഭാഗമായുണ്ടാകും. 17ാം നൂറ്റാണ്ടു മുതൽ കുളുവിൽ വിപുലമായി ദസറ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here