ആനവണ്ടിക്ക് യാത്രക്കാരുടെ ഓണ സമ്മാനം; ടിക്കറ്റ് വരുമാനത്തിൽ ചരിത്ര നേട്ടവുമായി കെഎസ്ആർടിസി

0
68

 കെഎസ്ആർടിസിക്ക് യാത്രക്കാരുടെ ഓണ സമ്മാനം. ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാന നേട്ടം കൈവരിച്ചിരിക്കുകയാണ് മലയാളികളുടെ സ്വന്തം ആനവണ്ടി.

ഇന്നലെ (സെപ്റ്റംബർ 8) ഒറ്റ ദിവസംകൊണ്ട് 10.19 കോടി രൂപയാണ് കെഎസ്ആർടിസി നേടിയത്. കെഎസ്ആർടിസിയുടെ ചരിത്രത്തിൽ ആദ്യമായാണ് പ്രതിദിന വരുമാനം 10 കോടി പിന്നിടുന്നത്. 2024 ഡിസംബർ 23 ന് ശബരിമല സീസണിൽ നേടിയ ഓപ്പറേറ്റിങ് റവന്യു ആയ 9.22 കോടി രൂപ എന്ന നേട്ടത്തെ ആണ് ഇപ്പോൾ മറികടന്നിരിക്കുന്നത്. 2024 ലെ ഓണം സമയത്ത് നേടിയ ഏറ്റവും കൂടിയ വരുമാനമായ 8.29 കോടി രൂപയാണ് ഓണക്കാല സർവകാല റെക്കോഡ്. 4607 ബസുകൾ ആണ് ഓപ്പറേറ്റ് ചെയ്ത് വരുമാനം ലഭ്യമാക്കിയത്. ഇത് മുൻ റെക്കോഡ് വരുമാനം നേടിയ (23.12.2024 )ൽ 4567 ബസുകളായിരുന്നു നിരത്തിലുണ്ടായിരുന്നത്.

ഒന്നാമത് കോഴിക്കോട്, രണ്ടാമത് പാലക്കാട്‌

നോര്‍ത്ത് സോണില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടിയത് കോഴിക്കോട് ജില്ലയാണ്- 35,19,925. തൊട്ടു പിന്നില്‍ പാലക്കാടാണ്- 27,66,925 കോടി നേടി. വരുമാന നേട്ടത്തില്‍ സംസ്ഥാനത്ത് മൂന്നാമതായി കണ്ണൂരാണ് ഉള്ളത്. 25 ലക്ഷം.

കണ്ണൂര്‍ ഡിപ്പോ- 25,26,330

തലശേരി- 12,12,020

പയ്യന്നൂര്‍- 12,35,617

കാഞ്ഞങ്ങാട്- 10,76,739

കാസര്‍കോട്- 17,67,418 എന്നിങ്ങനെ ആണ് വരുമാനം.

പരിഷ്കരണങ്ങളും പുതിയ ബസു കളും തുണയായി

കെഎസ്ആർടിസി ജീവനക്കാരുടെയും മാനേജ്മെൻ്റിൻ്റെയും കൂട്ടായ പരിശ്രമങ്ങളാണ് ഈ നേട്ടത്തിന് പിന്നിലെന്ന് കെഎസ്ആർടിസി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ പി.എസ്. പ്രമോജ് ശങ്കർ അറിയിച്ചു. പുതിയ ബസുകളുടെ വരവും സേവനങ്ങളിൽ കൊണ്ടുവന്ന ഗുണപരമായ മാറ്റങ്ങളും യാത്രക്കാരിൽ വൻ സ്വീകാര്യത നേടിയിട്ടുണ്ട്. ഗതാഗത മന്ത്രിയുടെ നേതൃത്വത്തിൽ നടപ്പിലാക്കിയ കാലോചിതമായ പരിഷ്കരണങ്ങളും പുതിയ ബസുകൾ നിരത്തിലിറക്കിയതും യാത്രക്കാരുടെ എണ്ണം വർധിപ്പിച്ചു.

ഓണത്തിന് മുന്നോടിയായി 156 പുതിയ ബസ്സുകളാണ് കെഎസ്ആർടിസി നിരത്തിലിറക്കിയത്. 130 കോടി രൂപയുടെ പുതിയ ബസുകളാണ് കെഎസ്ആർടിസി വാങ്ങുന്നത്. തുടർച്ചയായി അടുത്ത ആറു മാസത്തിനുള്ളിൽ കൂടുതൽ ബസുകൾ വരുമെന്നും ഇത് കെഎസ്ആർടിസിയുടെ മുഖച്ഛായ മാറ്റുമെന്നും അധികൃതർ അറിയിച്ചു.

കേരളത്തിലെ റോഡുകളിലും ബെംഗളൂരു, മൈസൂരു തുടങ്ങിയ റൂട്ടുകളിലും പുതിയ ബസുകൾ ഉൾപ്പെടെ കൂടുതൽ സർവീസുകൾ ഓണക്കാലത്ത് നടത്തിയിരുന്നു. കാലപ്പഴക്കം ചെന്ന ബസുകൾ മാറ്റുന്നതിലൂടെ പ്രതിദിനം 50 ലക്ഷം രൂപയുടെ അധിക വരുമാനം പ്രതീക്ഷിക്കുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here