സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്. പാലക്കാട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി.

0
35

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. 3 ജില്ലകളിൽ ഓറഞ്ച് അലർട്ടും 6 ജില്ലകളിൽ യെല്ലോ അല‍ർട്ടും പ്രഖ്യാപിച്ചു. വടക്കൻ ജില്ലകളായ വയനാട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ യെല്ലോ അല‍ർട്ടാണ്. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ അതിശക്ത മഴയ്‌ക്ക് സാധ്യതയുണ്ട്. 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് അതിശക്ത മഴ കൊണ്ട് അര്‍ഥമാക്കുന്നത്.

പാലക്കാട് ഇന്ന് അവധി: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്‌ടർ ഇന്ന് (ഓഗസ്റ്റ് 19) അവധി പ്രഖ്യാപിച്ചു. കനത്ത മഴയും കാറ്റും കാരണം പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. കുട്ടികളുടെ സുരക്ഷയെ മുൻനിർത്തിയും ദുരന്ത സാഹചര്യം ഒഴിവാക്കാനുമായുള്ള മുൻകരുതൽ നടപടിയുടെ ഭാഗമായാണ് അവധി പ്രഖ്യാപിച്ചത്. അംഗനവാടികൾ, നഴ്‌സറികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകൾ, കിൻ്റർഗാർഡൻ, മദ്രസകൾ, സ്വകാര്യ ട്യൂഷൻ സെൻ്ററുകൾ എന്നിവ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.

കോളജുകൾ, പ്രൊഫഷണൽ കോളജുകൾ, നവോദയ വിദ്യാലയം, റെസിഡൻഷ്യൽ സ്‌കൂളുകൾ എന്നിവയ്ക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച പൊതു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടാകില്ല. പൊതുവിദ്യാലയങ്ങളിലെ പരീക്ഷകൾക്ക് അവധി ബാധകമായിരിക്കും. നഷ്‌ടപ്പെടുന്ന അധ്യയന ദിവസങ്ങൾക്ക് പകരമായി പ്രവർത്തി ദിവസങ്ങൾ ക്രമീകരിക്കാൻ വിദ്യാഭ്യാസ വകുപ്പ് നടപടിയെടുക്കണമെന്ന് ജില്ലാ കലക്‌ടർ പറഞ്ഞു.

വിമാനം റദ്ദാക്കി ഇൻഡിഗോ എയർലൈൻസ്: കേരളത്തിന് പുറത്ത് മറ്റ് സംസ്ഥാനങ്ങളിലും സ്ഥിതി സമാനമാണ്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുംബൈയിൽ നിന്നുള്ള സര്‍വീസ് റദ്ദാക്കി ഇൻഡിഗോ എയർലൈൻസ്. യാത്രക്കാരുടെ സുരക്ഷയെ മുൻനിർത്തിയും അപകട സാധ്യത ഒഴിവാക്കാനുമായാണ് യാത്ര റദ്ദാക്കിയത്.

വിമാനത്താവളത്തിലേക്കുള്ള വഴികളിൽ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ ഗതാഗതം മന്ദഗതിയിലാകാൻ സാധ്യതയുണ്ട്. യാത്രക്കാർ ഇൻഡിഗോ ആപ്പ് ഉപയോഗിച്ചോ വെബ്‌സൈറ്റ് സന്ദര്‍ശിച്ചോ വിമാന യാത്രയെക്കുറിച്ച് പരിശോധിക്കണമെന്ന് നിർദ്ദേശമുണ്ട്. കനത്ത മഴ തുടരുന്ന മുംബൈയിൽ റെഡ് അലര്‍ട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്‌ക്കും സാധ്യതയുണ്ട്. മഴയും കാറ്റും തുടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് പറഞ്ഞു.

ജാഗ്രത നിർദ്ദേശങ്ങൾ

  • തുറസായ സ്ഥലങ്ങളിൽ നിൽക്കരുത്. ഇടിമിന്നലിന്‍റെ ആദ്യ ലക്ഷണം കണ്ടാലുടൻ സുരക്ഷിതമായ കെട്ടിടത്തിലേക്ക് മാറുക.
  • ശക്തമായ കാറ്റിനും മിന്നലിനും സാധ്യതയുള്ളപ്പോൾ ജനലും വാതിലും അടച്ചിടുക. ജനലിനും വാതിലിനും സമീപത്ത് നിൽക്കാതിരിക്കുക.
  • കെട്ടിടത്തിനുള്ളിൽ തുടരുക. ഭിത്തിയിലോ തറയിലോ സ്‌പർശിക്കാതെ ഇരിക്കുക.
  • ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുക, അവയുടെ സാമീപ്യം ഒഴിവാക്കുക.
  • ടെലിഫോൺ ഉപയോഗിക്കരുത്.
  • അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും കളിക്കരുത്.
  • ഇടിമിന്നലുള്ളപ്പോൾ മരച്ചുവട്ടിൽ നിൽക്കുകയും വാഹനങ്ങൾ പാർക്കുചെയ്യുകയും അരുത്.
  • ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.
  • ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്‌ച കാണുകയോ സെൽഫി എടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ല.
  • മഴ ശക്തമാകുന്ന അവസരങ്ങളിൽ അത്യാവശ്യമല്ലാത്ത യാത്രകൾ പൂർണമായും ഒഴിവാക്കുക.
  • വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദ യാത്രകൾ മഴ മുന്നറിയിപ്പ് മാറുന്നത് വരെ പൂർണമായി ഒഴിവാക്കേണ്ടതാണ്.
  • ജലാശയങ്ങളോട് ചേർന്ന റോഡുകളിലൂടെയുള്ള യാത്രകളിൽ പ്രത്യേക ജാഗ്രത പാലിക്കുക. അറ്റകുറ്റ പണികൾ നടക്കുന്ന റോഡുകളിലും ജാഗ്രത പാലിക്കുക.
  • അതിശക്തമായ മഴയുണ്ടാകുന്ന സാഹചര്യത്തിൽ റോഡ് അപകടങ്ങൾ വർധിക്കാനുള്ള സാധ്യത മുന്നിൽ കാണണം. ജലാശയങ്ങൾ കരകവിഞ്ഞു ഒഴുകുന്നയിടങ്ങളിൽ വാഹനം ഓടിക്കാൻ ശ്രമിക്കരുത്.
  • സ്വകാര്യ – പൊതു ഇടങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ, മതിലുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here