ന്യൂഡൽഹി: ഇന്ത്യ- പാകിസ്ഥാൻ സംഘർഷം വഷളാകുന്നതിനിടെ വിമാനങ്ങളിലെ സുരക്ഷ വർധിപ്പിക്കാൻ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി. ദേഹപരിശോധനയും ഐ ഡി പരിശോധനയും കർശനമാക്കും. സിഐഎസ്എഫ് പരിശോധനയ്ക്കുശേഷം ബോർഡിങ് ഗേറ്റിന് അടുത്ത് എയർലൈൻ ജീവനക്കാർ വീണ്ടും പരിശോധന നടത്തും. എല്ലാ വിമാനത്താവളങ്ങളിലും 100% സിസിടിവി കവറേജ് ഉറപ്പാക്കണം. വിമാനങ്ങളിലും കേറ്ററിങ് സംവിധാനങ്ങളിലും പരിശോധന വേണമെന്നും നിര്‍ദേശമുണ്ട്.
അതേസമയം, രാജ്യത്ത് അടച്ച വിമാനത്താവളങ്ങളുടെ എണ്ണം 24 ആയി. കുളു മണാലി, കിഷൻഗഡ്, ലുധിയാന എന്നീ വിമാനത്താവളങ്ങൾകൂടി അടച്ചതോടെയാണിത്. പാക് അതിർത്തിയോട് ചേർന്നുള്ള വിമാനത്താവളങ്ങൾക്ക് പുറമേ മറ്റുസംസ്ഥാനങ്ങളിൽ സേനാ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന വിമാനത്താവളങ്ങളും പട്ടികയിലുണ്ട്. ചിലതു മേയ് 10 വരെയും മറ്റുള്ളവ അനിശ്ചിതകാലത്തേക്കുമാണ് അടച്ചത്.