പ്രശസ്ത മലയാള സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എൻ കരുൺ അന്തരിച്ചു. 73 വയസായിരുന്നു. ഏറെ നാളായി അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു. വൈകിട്ട് അഞ്ച് മണിയോടെ തിരുവനന്തപുരം വഴുതക്കാട് ഉദാര ശിരോമണി റോഡിലെ പിറവി എന്ന വീട്ടിൽ വച്ചായിരുന്നു അന്ത്യം. ഇന്ന് രാവിലെ മുതല്‍ അദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതി വഷളായിരുന്നു.
പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന പ്രസിഡന്റും കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനുമാണ്.
40 ഓളം സിനിമകൾക്ക് അദ്ദേഹം ഛായാഗ്രഹണം നിർവഹിച്ചിട്ടുണ്ട്. പിറവി, സ്വപാനം, സ്വം, വാനപ്രസ്ഥം, നിഷാദ്, കുട്ടിസ്രാങ്ക്, എകെജി എന്നിങ്ങനെ ഒരുപിടി കലാമൂല്യമുള്ള ചിത്രങ്ങൾ അദ്ദേഹത്തിന്റെതായി മലയാളത്തിന് ലഭിച്ചു.
മികച്ച ഛായാഗ്രാഹകനുള്ള ദേശീയ അവാർഡും മൂന്ന് സംസ്ഥാന അവാർഡുകളും നേടിയിട്ടുണ്ട്. ഏഴുവീതം ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
ആദ്യചിത്രമായ പിറവിക്ക് കാൻ ഫിലിം ഫിലിം ഫെസ്റ്റിവല്ലിൽ ഗോൾഡെൻ ക്യാമറ പ്രത്യേക പരാമർശമടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ചു. രണ്ടാമത്തെ ചിത്രമായ സ്വം കാൻ ഫിലിം ഫെസ്റ്റിവലിലെ മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക മലയാളചലച്ചിത്രമായി.
കലാസാംസ്കാരിക രംഗത്തെ സംഭാവനയ്ക്കുള്ള ഫ്രഞ്ച് സർക്കാരിന്റെ അന്താരാഷ്ട്ര അംഗീകാരമായ ‘ദ ഓർഡർ ഓഫ് ആർട്‌സ് ആൻഡ് ലെറ്റേഴ്‌സ്’, പത്മശ്രീ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
കൊല്ലം ജില്ലയിലെ കണ്ടച്ചിറയിൽ എൻ കരുണാകരന്റെയും ചന്ദ്രമതിയുടെയും മൂത്തമകനായാണ് ഷാജി എൻ കരുൺ ജനിച്ചത്. പള്ളിക്കര സ്കൂൾ, യൂണിവേഴ്സിറ്റി കോളേജ് തിരുവനന്തപുരം എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം പൂർത്തിയാക്കി.
ഭാര്യ: അനസൂയ വാര്യർ. മക്കൾ: അപ്പു കരുൺ, കരുൺ അനിൽ.