‘പാകിസ്ഥാനും ഇന്ത്യയുമായും അടുത്ത ബന്ധം; ഭീകരാക്രമണം സംഭവിക്കാന്‍ പാടില്ലാത്തതെന്ന് ട്രംപ്

0
14

വാഷിങ്ടണ്‍: ഇന്ത്യയെ നടുക്കിയ പഹല്‍ഗാം ഭീകരാക്രമണത്തില്‍ പ്രതികരണവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഫ്രാന്‍സിസ് പാപ്പയുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ റോമിലേക്കുള്ള യാത്രാമധ്യേയായിരുന്നു ട്രംപിന്റെ പ്രതികരണം. ഭീകരാക്രമണത്തിനു ശേഷം ഇന്ത്യ-പാകിസ്ഥാന്‍ ബന്ധം വഷളായത് മാധ്യമപ്രവര്‍ത്തകര്‍ പരാമര്‍ശിച്ചപ്പോഴായിരുന്നു അദ്ദേഹം മറുപടി പറഞ്ഞത്. ഭീകരാക്രമണത്തെ അപലപിച്ച ട്രംപ് ഇതാദ്യമായാണ് ഈ സംഭവത്തില്‍ പരസ്യ പ്രതികരണം നടത്തുന്നത്.

ട്രംപിന്റെ വാക്കുകള്‍: ‘ഞാന്‍ ഇന്ത്യയുമായും പാകിസ്ഥാനുമായും അടുത്ത ബന്ധം പുലര്‍ത്തുന്നു. പഹല്‍ഗാം ഭീകരാക്രമണം ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നിരന്തരം സംഘര്‍ഷങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇരു രാജ്യങ്ങളും പരസ്പരം കാരണങ്ങള്‍ വിലയിരുത്തി സംഘര്‍ഷങ്ങള്‍ പരിഹരിക്കണം’.

‘കശ്മീരിന്റെ പേരിലുള്ള പോരാട്ടത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഇപ്പോഴുണ്ടായത് ദൗര്‍ഭാഗ്യകരമായ ആക്രമണമായിരുന്നു’ – ട്രംപിനെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. സംഘര്‍ഷത്തില്‍ താന്‍ ഇടപെടില്ലെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.

‘അതിര്‍ത്തികളില്‍ 1,500 വര്‍ഷമായി സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്നു. ഇന്ത്യയുടെയും പാകിസ്ഥാന്റെയും നേതാക്കളെ എനിക്ക് അടുത്തറിയാം. ഒരു മാര്‍ഗത്തിലൂടെയോ അല്ലെങ്കില്‍ മറ്റൊരു മാര്‍ഗത്തിലൂടെയോ ഈ സംഘര്‍ഷങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് എനിക്ക് ഉറപ്പുണ്ട്’. അതേസമയം, വിനോദ സഞ്ചാരികളുടെ മരണത്തിന് കാരണമായ പഹല്‍ഗാം ആക്രമണത്തില്‍ ഇന്ത്യ സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും അമേരിക്ക പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഭീകരാക്രമണമുണ്ടായ വേളയില്‍ ഇന്ത്യന്‍ സന്ദര്‍ശനത്തിലായിരുന്ന അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് ഇന്ത്യയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. യുഎസ് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ തുള്‍സി ഗബ്ബാര്‍ഡും സമൂഹ മാധ്യമമായ എക്‌സില്‍ ആക്രമണത്തെ പരസ്യമായി അപലപിച്ചു.
റഷ്യന്‍ പ്രസിഡന്റ് പുടിന്‍ അടക്കം നിരവധി ലോക നേതാക്കള്‍ ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുകയും ഇന്ത്യയ്ക്ക് പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു. ആക്രമണം ആസൂത്രണം ചെയ്തവരെയും അത് നടപ്പാക്കിയവരെയും നിയമത്തിന് മുന്നില്‍ എത്തിക്കണമെന്നും അവര്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നുമാണ് പുടിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണില്‍ വിളിച്ച് പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here