സാമ്പത്തികമായി കടുത്ത പ്രതിസന്ധി നേരിടുന്ന പാക്കിസ്ഥാനെ സംബന്ധിച്ച് സിന്ധു നദീജല കരാര്‍ റദ്ദാക്കിയതടക്കമുള്ള ഇന്ത്യയുടെ നടപടികള്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ഉറപ്പാണ്. ഇതോടെ പാക്കിസ്ഥാനും ഇന്ത്യക്കെതിരെ കടുത്ത നടപടികളിലേക്ക് നീങ്ങി. ഇന്ത്യന്‍ പൗരന്മാര്‍ക്കുള്ള വിസ റദ്ദാക്കുകയും അതിര്‍ത്തി കടന്നുള്ള ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കുകയും ചെയ്തു.
ഇപ്പോഴിതാ ഇന്ത്യയുടെ നടപടികള്‍ക്കുള്ള മറുപടിയായി ഷിംല കരാര്‍ മരവിപ്പിക്കുമെന്നാണ് പാക്കിസ്ഥാന്‍ ഭീഷണി മുഴക്കിയിരിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കുറയ്ക്കുന്ന ഇന്ത്യയുടെ നടപടികള്‍ക്കെതിരെ തീരുമാനങ്ങള്‍ എടുക്കുന്നതിനായി പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ നേതൃത്വത്തില്‍ വ്യാഴാഴ്ച ദേശീയ സുരക്ഷാ സമിതി (എന്‍എസ്‌സി) അടിയന്തര യോഗം ചേര്‍ന്നിരുന്നു. പ്രധാന വകുപ്പ് മന്ത്രിമാരും മൂന്ന് സൈനിക മേധാവികളും യോഗത്തില്‍ പങ്കെടുത്തതായാണ് വിവരം. ഈ യോഗത്തിലാണ് ഇന്ത്യയുമായുള്ള സമാധാന ഉടമ്പടിയായ ഷിംല കരാര്‍ റദ്ദാക്കുന്നതടക്കമുള്ള തീരുമാനം പാക്കിസ്ഥാന്‍ എടുത്തിട്ടുള്ളത്.