വാരാണസി: മഹാ കുംഭമേളയില്‍ പങ്കെടുക്കാന്‍ ദശലക്ഷക്കണക്കിന് ഭക്തര്‍ പ്രയാഗ്രാജിലേക്ക് എത്തുന്നതിനിടെ നഗരത്തിലുടനീളം കടുത്ത ഗതാഗതക്കുരുക്ക്. നഗരത്തിലേക്കുള്ള എല്ലാ റോഡുകളും സ്തംഭിച്ചിരിക്കുന്ന അവസ്ഥയിലാണ്. ഇതോടെ തീര്‍ഥാടകര്‍ക്ക് ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമസ്ഥാനമായ ത്രിവേണി സംഗമത്തിലേക്ക് കൃത്യസമയത്ത് എത്താനുമാകുന്നില്ല.
തിരക്ക് കാരണം പ്രയാഗ്രാജ് സംഗം റെയില്‍വേ സ്റ്റേഷന്‍ വെള്ളിയാഴ്ച വരെ അടച്ചു. വന്‍ തിരക്ക് കാരണം യാത്രക്കാര്‍ക്ക് പുറത്തിറങ്ങാന്‍ ബുദ്ധിമുട്ടായതിനാലാണ് പ്രയാഗ്രാജ് സംഗം സ്റ്റേഷന്‍ അടച്ചിടാന്‍ തീരുമാനിച്ചതെന്ന് ലഖ്നൗ സീനിയര്‍ ഡിവിഷണല്‍ കൊമേഴ്സ്യല്‍ മാനേജര്‍ (നോര്‍ത്തേണ്‍ റെയില്‍വേ) കുല്‍ദീപ് തിവാരി പറഞ്ഞു. ഭക്തജനത്തിരക്ക് കണക്കിലെടുത്ത് ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേ പ്രയാഗ്രാജ് ജംഗ്ഷന്‍ സ്റ്റേഷനില്‍ വണ്‍വേ ട്രാഫിക് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്
യാത്രക്കാരുടെ സുരക്ഷയും സൗകര്യവും കണക്കിലെടുത്ത് പ്ലാറ്റ്‌ഫോം നമ്പര്‍-1 ലേക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ എന്നും സിവില്‍ ലൈന്‍സ് ഭാഗത്ത് നിന്ന് മാത്രമേ പുറത്തുകടക്കാനാകൂ എന്നും നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേ സീനിയര്‍ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ അമിത് മാളവ്യ പറഞ്ഞു. പൊലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചതിനാല്‍ ഞായറാഴ്ച നൂറുകണക്കിന് വാഹനങ്ങള്‍ സംഗമം റോഡില്‍ കുടുങ്ങി കിടക്കുകയായിരുന്നു.
200-300 കിലോമീറ്റര്‍ ഗതാഗതക്കുരുക്ക് ഉള്ളതിനാല്‍ പ്രയാഗ്രാജിലേക്ക് നീങ്ങുന്നത് അസാധ്യമാണെന്ന് മധ്യപ്രദേശിലെ മൈഹാര്‍ പൊലീസ് പറഞ്ഞു. എന്നാല്‍, പ്രയാഗ്രാജ് ജംഗ്ഷന്‍ സ്റ്റേഷന്‍ അടച്ചിട്ടുണ്ടെന്ന വാദം തള്ളി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് രംഗത്തെത്തി. ‘ഇന്നലെ, 12.5 ലക്ഷം തീര്‍ഥാടകര്‍ക്ക് സൗകര്യമൊരുക്കി, പ്രയാഗ്രാജ് മഹാ കുംഭ് ഏരിയ സ്റ്റേഷനുകളില്‍ നിന്ന് 330 ട്രെയിനുകള്‍ പുറപ്പെട്ടു. ഇന്ന്, കുംഭ മേള ഏരിയയില്‍ നിന്ന് ഇതുവരെ 130 ട്രെയിനുകള്‍ പുറപ്പെട്ടു. എല്ലാ മഹാ കുംഭമേള റെയില്‍വേ സ്റ്റേഷനുകളും സുഗമമായി പ്രവര്‍ത്തിക്കുന്നു,’ അദ്ദേഹം പറഞ്ഞു.
ജനുവരി 13-ന് ആരംഭിച്ച മഹാകുംഭ മേളയില്‍ 43 കോടിയിലധികം ഭക്തരാണ് പുണ്യസ്‌നാനം നടത്തിയത്. അതിനിടെ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയെ രൂക്ഷമായി വിമര്‍ശിച്ച് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് രംഗത്തെത്തി. ‘വിശപ്പും ദാഹവും ദുരിതവും ക്ഷീണവുമുള്ള തീര്‍ത്ഥാടകരെ, ഗതാഗതക്കുരുക്കില്‍ അകപ്പെടുന്നവരെ മനുഷ്യത്വപരമായ വീക്ഷണത്തോടെ കാണണം. സാധാരണ ഭക്തര്‍ മനുഷ്യരല്ലേ?’, അഖിലേഷ് ചോദിച്ചു.
മഹാ കുംഭം പ്രമാണിച്ച് യുപിയില്‍ വാഹനങ്ങള്‍ ടോള്‍ ഫ്രീ ആക്കണം. ഇത് യാത്രാ പ്രശ്നങ്ങളും ഗതാഗതക്കുരുക്കിന്റെ പ്രശ്നവും കുറയ്ക്കും. സിനിമകള്‍ക്ക് വിനോദ നികുതി രഹിതമാക്കാന്‍ കഴിയുമ്പോള്‍ എന്തുകൊണ്ട് വാഹനങ്ങള്‍ ടോള്‍ ഫ്രീ ആക്കിക്കൂടാ?’ എന്നും അദ്ദേഹം ചോദിച്ചു. ഗതാഗതം ക്രമാതീതമായി കൈകാര്യം ചെയ്യാത്തതിനെ ഭക്തരും അധികൃതരെ ചോദ്യം ചെയ്തു. ഫരീദാബാദില്‍ നിന്നുള്ള ചില തീര്‍ത്ഥാടകര്‍ പ്രയാഗ്രാജിലെത്താന്‍ 24 മണിക്കൂര്‍ എടുത്തു. ജയ്പൂരില്‍ നിന്നുള്ള ഒരു കുടുംബം 4 കിലോമീറ്റര്‍ ദൂരം മറികടക്കാന്‍ മണിക്കൂറുകളോളം കുടുങ്ങിയെന്ന് പരാതിപ്പെട്ടു.