പൃഥ്വിരാജ് ക്രൂരനായ സംവിധായകനാണ് ;മോഹന്‍ലാല്‍

0
17

കൊച്ചി: മലയാളി സിനിമാ പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന എമ്പുരാന്റെ ടീസര്‍ ഇന്നലെയാണ് പുറത്തുവിട്ടത്. പൃഥ്വിരാജ്-മോഹന്‍ലാല്‍ കൂട്ടുകെട്ടിലിറങ്ങിയ ലൂസിഫറിന്റെ തുടര്‍ച്ചയായ എമ്പുരാന്റെ ടീസര്‍ മമ്മൂട്ടിയാണ് റിലീസ് ചെയ്തത്. ഇപ്പോഴിതാ എമ്പുരാനെ കുറിച്ചും പൃഥ്വിരാജ് എന്ന സംവിധായകനെ കുറിച്ചും ടീസര്‍ ലോഞ്ചിനിടെ മോഹന്‍ലാല്‍ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

സിനിമയുടെ മാറ്റത്തിനൊപ്പം സഞ്ചരിച്ച് പുതിയ ദൃശ്യാനുഭവം സമ്മാനിക്കാന്‍ പൃഥ്വിരാജിന് കഴിയുന്നുണ്ട് എന്ന് മോഹന്‍ലാല്‍ പറഞ്ഞു. അഭിനേതാക്കളില്‍ നിന്ന് വേണ്ടത് എടുക്കാന്‍ കഴിയുന്ന ക്രൂരനായ സംവിധായകനാണ് പൃഥ്വിരാജ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംവിധായകന്‍ അങ്ങനെയായിരിക്കണം എന്നും അദ്ദേഹം പറഞ്ഞു. സിനിമയിലെ അഭിനേതാക്കള്‍ നന്നാകാന്‍ കാരണം സംവിധായകനാണ് എന്നാണ് തന്റെ അഭിപ്രായമെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു

‘ഞാന്‍ എന്റെ സംവിധായകരെ ഞാന്‍ വിശ്വസിക്കുന്നു. അഭിനേതാവ് എന്ന നിലയില്‍ പൃഥ്വി എന്ന സംവിധായകനില്‍ എനിക്ക് വലിയ പ്രതീക്ഷയുണ്ട്. അദ്ദേഹം ഇന്ത്യയിലെ മികച്ച സംവിധായകരിലൊരാളാകും.’ -മോഹന്‍ലാല്‍ പറഞ്ഞു. എമ്പുരാന്‍ ഒരുപാട് കഷ്ടപ്പാട് സഹിച്ച് ഷൂട്ട് ചെയ്ത സിനിമയാണ് എന്നും പൃഥ്വിരാജിന്റെ 100 ശതമാനവും ആ സിനിമയ്ക്കായി നല്‍കിയിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

സിനിമയുടെ ചിത്രീകരണത്തില്‍ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ അനുഭവിച്ച വേദയും തനിക്കറിയാം എന്നും മോഹന്‍ലാല്‍ വ്യക്തമാക്കി. ‘മോശം കാലാവസ്ഥ കാരണം ഒരുപാട് ദിവസം ഞങ്ങള്‍ക്ക് വെറുതേ ഇരിക്കേണ്ടി വന്നു. ഇന്ന് ഷൂട്ടിംഗ് ഇല്ല എന്ന് പറയുമ്പോള്‍ നമുക്കൊന്നും ചെയ്യാനാകില്ല. 300-400 പേരുള്ള ചെറിയ യൂണിറ്റായിരുന്നു എമ്പുരാനില്‍ ഉണ്ടായിരുന്നത് എന്നും മോഹന്‍ലാല്‍ രസകരമായി പറഞ്ഞു.

ലൂസിഫറിന്റെ മൂന്നാം ഭാഗത്തിന്റെ പേര് തനിക്കറിയില്ല എന്നും മോഹന്‍ലാല്‍ പറഞ്ഞു. എമ്പുരാന്‍ എന്നാല്‍ ദൈവത്തിന്റെ കുറച്ച് താഴെ നില്‍ക്കുന്നയാള്‍ എന്നാണ് അര്‍ത്ഥമെന്നും ഇനി മൂന്നാമത്തെ ഭാഗത്തിന് അദ്ദേഹം എന്താണ് പേരിടുന്നത് തനിക്കറിയില്ല എന്നുമായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. മാര്‍ച്ച് 27 നാണ് എമ്പുരാന്‍ റിലീസ് ചെയ്യാന്‍ ഒരുങ്ങുന്നത്. ലൂസിഫറില്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയായിരുന്നു സിനിമ മുന്നോട്ട് പോയിരുന്നത്.

എന്നാല്‍ എമ്പുരാനില് ഖുറേഷി അബ്രാമിനെ കുറിച്ചാണ് പറയുന്നത്. ഖുറേഷിയായുള്ള മോഹന്‍ലാലിന്റെ രണ്ടാം വരവിന് വേണ്ടി ആകാംക്ഷയോടെയാണ് ആരാധാകര്‍ കാത്തിരിക്കുന്നത്. ലൂസിഫറിലെ അഭിനേതാക്കളായ പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാരിയര്‍, ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പന്‍, തുടങ്ങിയവരും എമ്പുരാനില്‍ ഉണ്ട്. ചിത്രത്തിന് മൂന്നാം ഭാഗമുണ്ടാകും എന്നും അണിയറപ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here