ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ‘ആമേൻ’ സിനിമയിൽ കൊച്ചച്ചൻ ആയെത്തി. നടൻ നിർമൽ വി ബെന്നി അന്തരിച്ചു. നിർമാതാവ് സഞ്ജയ് പടിയൂർ ആണ് നിർമലിന്റെ വിയോഗ വാർത്ത സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.
‘പ്രിയ സുഹൃത്തിന് ഹൃദയ വേദനയോടെ വിട. ആമേനിലെ കൊച്ചച്ചൻ, എന്റെ ‘ദൂരം’ സിനിമയിലെ കേന്ദ്ര കഥാപാത്രം നിർമൽ ആയിരുന്നു. ഹൃദയാഘാതം മൂലം ഇന്ന് പുലര്‍ച്ചെയാണ് മരണം. പ്രിയ സുഹൃത്തിന്റെ ആത്മാവിന് നിത്യ ശാന്തിലഭിക്കട്ടെയെന്ന് സർവേശ്വരനോട് പ്രാർഥിക്കുന്നു’-സഞ്ജയ് പടിയൂരിന്റെ വാക്കുകൾ.
2012 -ൽ നവാഗതർക്ക് സ്വാഗതം എന്ന സിനിമയിലൂടെയാണ് നിർമ്മൽ സിനിമയിലെത്തുന്നത്.തുടർന്ന് ആമേൻ, ദൂരം എന്നിവയുൾപ്പെടെ അഞ്ച് ചിത്രങ്ങളിൽ അഭിനയിച്ചു.കൊമേഡിയനായിട്ടായിരുന്നു താരം കരിയർ ആരംഭിച്ചത്. സ്റ്റേജ് പ്രോഗ്രാമുകളിലൂടെ താരം കൈയ്യടി നേടി. യുട്യൂബ് വീഡിയോകളിലും താരം സജീവമായിരുന്നു.